അവിശ്വസിനീയമായ വില, കൂടുതല്‍ ഫീച്ചറുകളും! എലിവേറ്റ് അപെക്‌സ് സമ്മര്‍ എഡിഷനുമായി ഹോണ്ട
അത്യന്തം മത്സരം നിറഞ്ഞ ഇന്ത്യന്‍ കാര്‍ വിപണിയില്‍ വെറും മൂന്ന് മോഡലുകള്‍ കൊണ്ട് അങ്കംവെട്ടുന്ന കമ്പനിയാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്. സിറ്റി, അമേസ് സെഡാനുകളും എലിവേറ്റ് എസ്‌യുവിയുമാണ് ഹോണ്ട നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന മോഡലുകള്‍. മികച്ച മോഡലുകളാണ് ഓഫര്‍ ചെയ്യുന്നതെങ്കിലും സമീപകാലത്ത് ഹോണ്ടക്ക് പ്രതീക്ഷിച്ച വില്‍പ്പന നേടിയെടുക്കാന്‍ സാധിക്കുന്നില്ല. വില്‍പ്പന പുനരുജ്ജീവിപ്പിക്കുന്നതിനായി ഹോണ്ട നടപ്പാക്കുന്ന പദ്ധതികളില്‍ വലിയ പങ്കുവഹിക്കാനുള്ളത് എലിവേറ്റ് എസ്‌യുവിക്കാണ്. ഇപ്പോള്‍ ഉല്‍പ്പന്ന നിരയെ പുനരുജ്ജീവിപ്പിക്കാനും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുമായി ഹോണ്ട എലിവേറ്റ് അപെക്‌സ് സമ്മര്‍ എഡിഷന്‍ (Honda Elevate Apex Summer Edition) അവതരിപ്പിച്ചിരിക്കുകയാണ്.
ആകര്‍ഷകമായ വില മാത്രമല്ല ഉപഭോക്താക്കളെ പാട്ടിലാക്കാനായി ഈ പുതിയ വേരിയന്റില്‍ അധിക സവിശേഷതകളും ചേര്‍ത്തിട്ടുണ്ട്.2024 സെപ്റ്റംബറിലാണ് ജാപ്പനീസ് കമ്പനി എലിവേറ്റ് അപെക്‌സ് എഡിഷന്‍ പുറത്തിറക്കിയത്. V, VX ട്രിമ്മുകളില്‍ ലഭ്യമാണ്. V MT അപെക്‌സ് എഡിഷന്റെ വില 12.86 ലക്ഷം രൂപയായിരുന്നു. VX സിവിടി അപെക്‌സിന് 15.25 ലക്ഷം രൂപയായിരുന്നു വില നിശ്ചയിച്ചിരുന്നത്. എക്‌സ്‌ഷോറൂം വിലകള്‍ ആയിരുന്നു ഇത്.

2025 മെയ് മാസത്തില്‍ ആകര്‍ഷകമായ വിലയില്‍ എലിവേറ്റിന്റെ പുതിയ വേരിയന്റുകള്‍ അവതരിപ്പിക്കുമെന്ന് HCIL മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വൈസ് പ്രസിഡന്റ് കുനാല്‍ ബെഹല്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ 12.39 ലക്ഷം രൂപ വിലയില്‍ അപെക്‌സ് സമ്മര്‍ എഡിഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പരിമിതകാലത്തേക്ക് മാത്രമായിരിക്കും ഈ വിലയില്‍ എസ്‌യുവി ലഭ്യമാകുക.
എലിവേറ്റ് അപെക്‌സ് എഡിഷന്‍ പോലെ തന്നെ പുത്തന്‍ വേരിയന്റിലും കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. എക്‌സ്റ്റീരിയറിലെ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ക്കൊപ്പം അപെക്‌സ് എഡിഷന്‍ ബാഡ്ജുകളും ഇതില്‍ ഉള്‍പ്പെടുന്നു. പേരില്‍ സമ്മറും ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലും ഉണ്ടെന്ന് കേട്ടതോടെ നിങ്ങും എസ്‌യുവിക്ക് വെന്റിലേറ്റഡ് സീറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി ലഭിച്ചുവെന്ന് കരുതിക്കാണണം. എന്നാല്‍, വെന്റിലേറ്റഡ് സീറ്റുകള്‍ അപെക്‌സ് സമ്മര്‍ എഡിഷന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വെന്റിലേറ്റഡ് സീറ്റുകള്‍ ഇപ്പോഴും ഒരു ഓപ്ഷണല്‍ ആക്‌സസറി മാത്രമാണ്. എന്താണ് മാറ്റമെന്ന് ചോദിച്ചാല്‍ V ട്രിമ്മിലെ 8 ഇഞ്ച് പതിപ്പില്‍ നിന്ന് അപ്ഗ്രേഡ് ചെയ്ത ഒരു പുതിയ വലിയ 9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ പുത്തന്‍ വേരിയന്റിന് ലഭിക്കുന്നു. ഈ സ്‌ക്രീന്‍ ഇപ്പോള്‍ 360-ഡിഗ്രി ക്യാമറയെ പിന്തുണയ്ക്കുന്നു.
നിലവില്‍ വില്‍പ്പനയിലുള്ള ഹോണ്ട വാഹനത്തിന് ഇത് ആദ്യമായാണ് ലഭിക്കുന്നത്. ഇത് ഭാവിയില്‍ എലിവേറ്റിന്റെ ഉയര്‍ന്ന ട്രിമ്മുകളില്‍ സ്റ്റാന്‍ഡേര്‍ഡ് സവിശേഷതയായി വന്നേക്കാം. ഹോണ്ട എലിവേറ്റ് അപെക്‌സ് സമ്മര്‍ എഡിഷന്റെ ഇന്റീരിയര്‍ ഐവറി, ബ്ലാക്ക് ഡ്യുവല്‍-ടോണ്‍ സ്‌കീമിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. ഐവറി ലെതറെറ്റ് സീറ്റ് അപ്‌ഹോള്‍സ്റ്ററിയും ഡാഷ്ബോര്‍ഡിലും ഡോറുകളിലും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ലഭിക്കുന്നു.

1.5 ലിറ്റര്‍ 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എലിവേറ്റിന് കരുത്ത് പകരുന്നത്. 119 bhp പവറും 145 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍ 6-സ്പീഡ് അല്ലെങ്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ചോയ്‌സുകളില്‍ വാങ്ങാം.
220 mm ആണ് ഈ കാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. എലിവേറ്റിന്റെ ബൂട്ട് ശേഷി 458 ലിറ്ററാണ്. അടുത്തിടെ അമേസ്, എലിവേറ്റ് മോഡലുകള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത സിഎന്‍ജി റിട്രോഫിറ്റ് കിറ്റുകള്‍ ഹോണ്ട അവതരിപ്പിച്ചിരുന്നു. ഒരുപക്ഷേ ഇത് എലിവേറ്റ് അപെക്‌സ് സമ്മര്‍ എഡിഷനിലേക്കും വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്നതും പരിസ്ഥിതി സൗഹൃദവുമായ ഡ്രൈവിംഗ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള ഹോണ്ടയുടെ പ്രതിബദ്ധതയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്.
കുറഞ്ഞ വിലയില്‍ ഫീച്ചറുകള്‍ കൂട്ടി കൂടുതല്‍ വിശാലമായ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനാണ് ഹോണ്ട കാര്‍സ് ഇന്ത്യ പുതിയ എലിവേറ്റ് അപെക്‌സ് സമ്മര്‍ എഡിഷന്‍ വഴി ശ്രമിക്കുന്നത്. 360 ഡിഗ്രി ക്യാമറ പിന്തുണയുള്ള ഫീച്ചര്‍ കൂട്ടിച്ചേര്‍ത്തത് എസ്‌യുവി പ്രേമികള്‍ക്കിടയില്‍ ഈ മോഡല്‍ കൂടുതല്‍ ആകര്‍ഷകമാക്കിയേക്കും.


Click it and Unblock the Notifications








