കൈവിട്ടുകളഞ്ഞ ഇന്ത്യൻ സാമ്രാജ്യം വെട്ടിപ്പിടിക്കാൻ ഹോണ്ട, വരാൻ പോവുന്നത് 10 പുതിയ കാറുകൾ
ഇന്ത്യൻ വാഹന ലോകത്ത് തങ്ങളുടെതായ ഒരു ആധിപത്യം നിലനിർത്തിക്കൊണ്ടുപ്പോകുന്ന ജാപ്പനീസ് വാഹന നിർമ്മാതാക്കളാണ് ഹോണ്ട. 1948-ൽ കെട്ടിപ്പടുത്ത ഹോണ്ട സാമ്രാജ്യം 150 ലധികം രാജ്യങ്ങളിൽ പേരുകേട്ട ആഗോള വാഹന ബ്രാൻഡായി വളർന്നത് അതിവേഗമായിരുന്നു. ഇന്ധനക്ഷമതയുള്ള കോംപാക്‌ട് കാറുകൾ മുതൽ ഇരുചക്ര വാഹനങ്ങൾ, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ വരെ ഹോണ്ടയുടെ ആവനാഴിയിൽ നിന്നും പിറന്നു. ഇവയെല്ലാംതന്നെ വളർന്നു വരുന്ന ഉപഭോക്ത്യ സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്തുന്നവയായിരുന്നു എന്നതാണ് പ്രത്യേകത. വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ തന്ത്രങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. ഈ വാർത്തയുടെ കൂടുതൽ വിശേഷങ്ങളറിയാൻ തുടർന്ന് വായിച്ചോളൂ.
2030 ഓടെ 7 പുതിയ എസ്‌യുവികളും 10 പുതിയ കാറുകളും പുറത്തിറക്കാനുള്ള പ്ലാനിലാണിപ്പോൾ ബ്രാൻഡ്. 2025 ജപ്പാൻ മൊബിലിറ്റി ഷോയിൽ ഹോണ്ട പ്രസിഡന്റും സിഇഒയുമായ തോഷിഹിരോ മിബെയാണ് ഈ വാർത്ത ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഒപ്പം ജപ്പാനും വടക്കേ അമേരിക്കയ്ക്കുമൊപ്പം കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ വിപണികളിൽ ഒന്നായി ഇന്ത്യയെ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇത് ഇന്ത്യൻ വാഹന മേഖലയ്ക്ക് മൈലേജാവുന്ന കാര്യമാണ്.

ഇന്ത്യൻ ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത പെട്രോൾ, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ മിശ്രിതം ഈ പദ്ധതിയിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്. ഇന്ത്യൻ സാഹചര്യങ്ങൾക്കും ഉപഭോക്തൃ മുൻഗണനകൾക്കും അനുസൃതമായി സബ്-കോംപാക്‌ട് മുതൽ ഫുൾ-സൈസ് എസ്‌യുവികൾ വരെയുള്ള മോഡലുകൾ നമ്മുടെ നിരത്തുകളിൽ എത്തുമെന്നാണ് സൂചന.
വരാനിരിക്കുന്ന മോഡലുകൾ ഏതെല്ലാമാണെന്ന വിശദവിവരങ്ങളും പേരുകളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും 2027 ഓടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് 0 സീരീസ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകളിൽ ഒന്നായിരിക്കും. താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് എസ്‌യുവിയായി ഇറങ്ങാൻ പോകുന്ന ഹോണ്ട ആൽഫ ടാറ്റ കർവ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇവി തുടങ്ങിയ മോഡലുകളുമായി മത്സരിക്കാനാണ് എത്തുന്നത്.
മികച്ച പെർഫോമൻസും അതിനൊത്ത ഇന്ധനക്ഷമതയും സാങ്കേതികവിദ്യകളും നിറഞ്ഞതാണ് നിലവിലെ ഹോണ്ട കാറുകൾ. ജനപ്രിയമായതും സിറ്റി ഡ്രൈവിംഗിന് അനുയോജ്യവുമായ ഹോണ്ട അമേസ് മുതൽ ചാരുതയുടെയും സാങ്കേതികവിദ്യയുടെയും പ്രതീകമായ ഹോണ്ട സിറ്റിയും, ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ മിഡ്-സൈസ് എസ്‌യുവിയായ എലിവേറ്റ് വരെ ഹോണ്ടയുടെ വീരപടയാളികളാണ്.
കൂടാതെ നൂതന സുരക്ഷാ സവിശേഷതകൾക്കും ശക്തമായ നിർമ്മാണ നിലവാരത്തിനും ഹോണ്ട കാറുകൾ വ്യാപകമായി അംഗീകാരം നേടിയിട്ടുണ്ട്. 2050 ആകുമ്പോഴേക്കും അപകടങ്ങളിലൂടെയുണ്ടാവുന്ന മരണങ്ങൾ പൂജ്യമാക്കി മാറ്റുക എന്നതാണ് ബ്രാൻഡിന്റെ ആഗോള സുരക്ഷാ ലക്ഷ്യം. ഇതിനുമുന്നോടിയായി മികച്ച ഡ്രൈവർ സഹായങ്ങളും ശക്തമായ എഞ്ചിനീയറിംഗും സംയോജിപ്പിക്കുന്ന അത്യാധുനിക സംവിധാനങ്ങൾ ഹോണ്ട വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഓരോ ഹോണ്ട കാറും അഡ്വാൻസ്ഡ് കോംപാറ്റിബിലിറ്റി എഞ്ചിനീയറിംഗ് (ACE) ബോഡി ഘടനയിലാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഹോണ്ട സെൻസിംഗ് എന്നറിയപ്പെടുന്ന ബ്രാൻഡിന്റെ മുൻനിര സേഫ്റ്റി ഫീച്ചറുകളിൽ കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം (CMBS), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC), ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം (LKAS), റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ (RDM), ട്രാഫിക് സൈൻ റെക്കഗ്നിഷൻ (TSR) തുടങ്ങിയ ആധുനിക ഡ്രൈവർ-അസിസ്റ്റ് സാങ്കേതികവിദ്യകൾ ഉൾപ്പെടുന്നു.
ഈ പറഞ്ഞ സുരക്ഷാസംവിധാനങ്ങളത്രയും പങ്കുവെച്ചായിരിക്കും 2030 ഓടെ നിരത്തിലിറങ്ങാൻ പോകുന്ന ഏഴ് പുതിയ എസ്‌യുവികളെയും 10 പുതിയ കാറുകളെയും ഹോണ്ട ഇറക്കുന്നത്. ലോകത്തിലെ വളർന്നുക്കൊണ്ടിരിക്കുന്ന ഓട്ടോമോട്ടീവ് ഹബ്ബുകളിലൊന്നായ ഇന്ത്യൻ വിപണിയോടുള്ള ഹോണ്ടയുടെ സഹകരണത്തെയാണ് ഈ പ്രഖ്യാപനം അടിവരയിടുന്നത്. മാത്രവുമല്ല ഹോണ്ട ഇന്ത്യ ഔദ്യോഗികമായി ഒരു വൻ ആക്രമണം പ്രഖ്യാപിച്ചിരിക്കുന്നു എന്നുകൂടി ഇതിനർത്ഥമുണ്ട്.


Click it and Unblock the Notifications








