ഥാർ റോക്സ് ഉടമകൾക്ക് ഇത് ഉപകാരപ്പെടും! ആളുകൾ ഇനി നിങ്ങളുടെ വണ്ടിയിൽ നിന്ന് കണ്ണെടുക്കൂല്ല
മഹീന്ദ്രയുടെ ഷോറൂമുകളിലേക്ക് ആളുകളെ ഇരച്ചെത്തിച്ച മോഡലാണ് ഥാർ. വാഹനപ്രേമിയല്ലാത്ത ഒരാളാണെങ്കിൽ ഥാറിൻ്റെ അഴകിൽ മയങ്ങി വീഴാത്തവരായിട്ടാരും തന്നെയില്ല. 2010-ലാണ് മഹീന്ദ്ര ആദ്യമായി ഥാർ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. ജീപ്പ് പ്രേമികളുടെ പ്രിയപ്പെട്ട മോഡലായിരുന്ന മഹീന്ദ്ര മേജർ തിരിച്ചുവിളിച്ചിട്ടാണ് ഥാർ അവതരിപ്പിച്ചത്. ഏതൊരു പരുക്കൻ പ്രദേശങ്ങളിലൂടേയും തികഞ്ഞ ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് ഥാർ കൊണ്ടുപോകാൻ പാകത്തിന് ഓഫ്റോഡ് വാഹനമായിട്ടായിരുന്നു മഹീന്ദ്ര ഇതിനെ ഡിസൈൻ ചെയ്തത്. 2020-ലാണ് രണ്ടാം തലമുറ മോഡൽ അവതരിപ്പിച്ചത്. അടിമുടി മാറ്റങ്ങളോടെയാണ് പുതിയ ഥാർ എത്തിയത്.
ത്രീ ഡോർ മോഡലായി എത്തിയപ്പോൾ മുന്നിലും പിന്നിലും എന്തിന് ഇൻ്റീരിയറിൽ പോലും കിടിലൻ മാറ്റങ്ങൾ നൽകി. ത്രീ ഡോർ മോഡൽ കൈവശമുള്ള ഒരാളെന്ന നിലയിൽ എനിക്ക് പറയാൻ സാധിക്കും റോഡ് പ്രസൻസിൽ ഥാർ എന്നും മുന്നിൽ തന്നെയാണ്. എന്നാൽ പ്രാക്ടിക്കാലിറ്റി എന്നൊരു വിഷയം ഉയർന്ന് വന്നപ്പോൾ ഫൈവ് ഡോറിന് വേണ്ടി ആരാധകർ മുറവിളി കൂട്ടിയത് കൊണ്ട് 2024-ൽ മഹീന്ദ്ര വിപണിയിലേക്ക് ഒരു ഫൈവ് ഡോറിനെ ഇറക്കി വിട്ടു. ഓഫ്റോഡിൽ ഉഴപ്പി നടന്ന ചെറുക്കനെ ഒരു കുടുംബസ്ഥനാക്കിയെങ്കിലും ഓഫ്റോഡിങ്ങിൽ ഇന്നും രാജാവ് തന്നെയാണ്.

ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് കൂടിയായപ്പോൾ ഥാർ റോക്സിന് വിപണിയിൽ വമ്പൻ വിൽപ്പനയാണ് ലഭിച്ചത്. ഇനി ഥാർ ആണെങ്കിലും രാജ്യത്ത് മോഡിഫിക്കേഷൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ച വണ്ടിപ്രാന്തൻമാർ വരുത്താറില്ല. ഥാർ റോക്സ് ഉടമകൾക്ക് ചിലപ്പോൾ ഒരു സംശയം ഉണ്ടായേക്കാം വണ്ടിയുടെ ലുക്ക് കുറച്ച് കൂടി കൂട്ടിയാൽ എങ്ങനെ ഉണ്ടായിരിക്കും എന്ന്. അതിനുള്ള ഉത്തരമായി യുട്യൂബിൽ ഒരു വീഡിയോ പങ്കു വച്ചിരിക്കുകയാണ് രാജ്യത്ത് മികച്ച കാർ മോഡിഫിക്കേഷൻ സ്ഥാപനമായ Car Stylein.
അവരുടെ വീഡിയോയിൽ പുതിയ ഥാർ റോക്സിൽ വൈറ്റ്-ബ്ലാക്ക് പെയിൻ്റിൽ കൂടുതൽ ഭംഗിയായി കാണപ്പെടുന്നുണ്ട്. ആദ്യം തന്നെ നിങ്ങളുടെ നോട്ടം പോകുന്നത് കറുത്ത നിറം അടിച്ച റൂഫിലേക്കും വെളള നിറം നൽകിയിരിക്കുന്ന സൈഡ് പില്ലറിലേക്കുമായിരിക്കും. ഈ ഡ്യുവൽ-ടോൺ ലുക്കാണ് വാഹനത്തിൻ്റെ ഭംഗി വർധിപ്പിക്കുന്ന പ്രധാന ഘടകം. ഇത് മാത്രമല്ല കേട്ടോ മുന്നിലെ ബംബർ മാറ്റുകയും ബോണറ്റിന് മുകളിലായി എൽഇഡി ലൈറ്റുകളും നൽകിയിട്ടുണ്ട്. അതിനൊപ്പം തന്നെ റൂഫിലും ലൈറ്റ് നൽകിയിട്ടുണ്ട്.
സൈഡ് പ്രൊഫൈലിൽ മിററുകൾക്ക് ഒരു ഇലുമിനേറ്റഡ് ഫീച്ചർ കൊടുത്തിരിക്കുന്നത് ഭംഗിയുണ്ട്. പുറത്ത് മാത്രമല്ല അകത്തും വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്ന നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സീറ്റുകൾ, ഡാഷ്ബോർഡിലെ സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ, നിലത്ത് 9D മാറ്റുകൾ, ലൈറ്റിങ്ങ് എന്നിങ്ങനെ അകത്ത് വാഹനത്തെ മികച്ചതാക്കാൻ സാധിക്കുന്ന എല്ലാം ചെയ്തിട്ടുണ്ട്. ഈ ലുക്കിൽ നിങ്ങൾ റോഡിലേക്ക് ഇറങ്ങിയാൽ ഉറപ്പായിട്ടും ആളുകളുടെ ശ്രദ്ധി നിങ്ങളുടെ വാഹനത്തിൽ തന്നെയായിരിക്കും.
മെക്കാനിക്കലായി വാഹനത്തിന് ഒരു മാറ്റവും വരുത്തിയിട്ടില്ല. പുതിയ 5-ഡോർ പതിപ്പിന് 12,99,000 രൂപ മുതൽ 23,08,999 രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. MX1, MX3, MX5, AX3 L, AX5 L, AX7 L എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് മഹീന്ദ്ര ഥാർ റോക്‌സ് വിപണനത്തിന് എത്തുന്നത്.

2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഥാർ റോക്‌സിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇതിൽ പെട്രോളിന് 160 bhp പവറിൽ 330 Nm torque വരെ നിർമിക്കാൻ കഴിവുണ്ട്. 5-ഡോർ മോഡലിലെ ഡീസൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നും കമ്പനി അവകാശപ്പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.
VIDEO CREDITS : Car Stylein


Click it and Unblock the Notifications








