5 മിനിറ്റ് ചാർജ് ചെയ്താൽ 2000 കിലോമീറ്റർ പോകാം! ലോകത്തെ ഞെട്ടിക്കാനൊരുങ്ങി ടെക് ഭീമൻ HUAWEI
ഇലക്ട്രിക് വാഹന ലോകത്ത് നിരവധി കണ്ടുപിടിത്തങ്ങൾ നടക്കുകയാണ്. അടുത്ത വലിയ വിപ്ലവത്തിന് തിരശ്ശീല ഉയർത്താനുളള പദ്ധതികളാണ് ഒരുങ്ങുന്നത്. സ്മാർട്ട്ഫോൺ മേഖലയിലെ ടെക് ഭീമനായ ഹുവാവേ, ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയിൽ കൈവെച്ചതോടെ ഇവിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. 2027-ഓടെ യാഥാർത്ഥ്യമാകുമെന്നാണ് ഹുവാവേയുടെ അവകാശവാദം. ഇപ്പോൾ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളുടെ പരിമിതികൾ മറികടക്കാൻ ശേഷിയുള്ളതാണ് സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ. കൂടുതൽ ഊർജ്ജ സാന്ദ്രത, ഉയർന്ന സുരക്ഷ, വേഗത്തിലുള്ള ചാർജിംഗ് എന്നിവയാണ് സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുടെ പ്രധാന പ്രത്യേകതകൾ. എന്നാൽ, ഉയർന്ന നിർമ്മാണച്ചെലവും വലിയ തോതിലുള്ള ഉത്പാദന വെല്ലുവിളികളുമുണ്ട്.
ഹുവാവേയുടെ പേറ്റന്റ് രേഖകൾ പ്രകാരം, നൈട്രജൻ ഡോപ്പ്ഡ് സൾഫൈഡ് ഇലക്ട്രോലൈറ്റ് ഉപയോഗിച്ചാണ് പുതിയ ബാറ്ററി വികസിപ്പിക്കുന്നത്. ഇതുവഴി ഒരു കിലോഗ്രാമിന് 400-500 Wh വരെ ഊർജ്ജ സാന്ദ്രത കൈവരിക്കാമെന്നാണ് അവകാശവാദം. വെറും അഞ്ച് മിനിറ്റിൽ പൂർണ്ണ ചാർജ് എന്ന വാഗ്ദാനം ഇവി ലോകത്തെ റേഞ്ചിനെ കുറിച്ചുള്ള ആശങ്കൾക്ക് അവസാനമാകും എന്നതാണ് ആശ്വാസകരമായ കാര്യം.

ഒറ്റ ചാർജിൽ 3000 കിലോമീറ്റർ വരെ സഞ്ചരിക്കാനാവുമെന്ന ഹുവാവേയുടെ പ്രഖ്യാപനം യാഥാർത്ഥ്യമായാൽ, ഇലക്ട്രിക് വാഹനങ്ങളുടെ ചരിത്രത്തിൽ തന്നെ ഒരു പുതിയ അധ്യായത്തിന് തുടക്കമാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽടൊയോട്ട, സാംസങ് എസ്ഡിഐ (STI), സിഎടിഎൽ (CATL) തുടങ്ങിയ കമ്പനികളും ഇതേ പദ്ധതികളിലേക്കാണ് നീങ്ങുന്നത്. 2027-2030 കാലഘട്ടം ഇവി ലോകത്തിന് നിർണായകമാകുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളിൽ നിലവിൽ കൂടുതലായി ഉപയോഗിക്കുന്നത് ലിഥിയം-അയൺ ബാറ്ററികളാണ്. എന്നാൽ, ഈ സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടമെന്ന നിലയിൽ സോളിഡ്-സ്റ്റേറ്റ് ബാറ്ററികളെയാണ് ലോകം ഉറ്റുനോക്കുന്നത്. നിലവിലെ ലിഥിയം-അയൺ ബാറ്ററികളുടെ പരിമിതികളെല്ലാം ഈ പുതിയ തലമുറ ബാറ്ററികൾക്ക് മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും, സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് നിരവധി വെല്ലുവിളികൾ നിലവിലുണ്ട്.

ഹുവാവേയുടെ പുതിയ സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ 2027-ഓടെ യാഥാർത്ഥ്യമാകുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ഈ സാങ്കേതികവിദ്യയുടെ മുഖ്യ വെല്ലുവിളി അതിന്റെ ഉയർന്ന നിർമ്മാണച്ചെലവാണ്. ഒരു കിലോവാട്ട് അവർ (kWh) ശേഷിയുള്ള ബാറ്ററി നിർമ്മിക്കാൻ ഏകദേശം 1.20 ലക്ഷം വരെ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. ഈ ബാറ്ററിക്കുള്ള പേറ്റന്റ് ഹുവാവേ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
മാത്രമല്ല, ഈ ബാറ്ററിക്ക് അൾട്രാ-ഫാസ്റ്റ് ചാർജിംഗ് കഴിവുണ്ട്. വെറും അഞ്ച് മിനിറ്റിനുള്ളിൽ 100 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ ഒരു പ്രധാന സവിശേഷത. ലിഥിയം ഘടകങ്ങൾ ഇലക്ട്രോലൈറ്റിൽ ചേർക്കുമ്പോൾ ഉണ്ടാകാനിടയുള്ള ഗുരുതരമായ പാർശ്വഫലങ്ങൾ ഒഴിവാക്കുക എന്നതാണ് സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുടെ നിർമ്മാണത്തിലെ മറ്റൊരു പ്രധാന വെല്ലുവിളി.

ഈ വെല്ലുവിളി നേരിടാൻ നൈട്രജൻ ഡോപ്പിംഗ് ഇലക്ട്രോലൈറ്റിൽ ഉൾപ്പെടുത്താൻ ഹുവാവേ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള പേറ്റന്റിനും കമ്പനി അപേക്ഷിച്ചിട്ടുണ്ട്. സാങ്കേതികമായി പേപ്പറുകളിൽ ഇത് വിപ്ലവകരമായി തോന്നാമെങ്കിലും, യഥാർത്ഥത്തിൽ ഈ സാങ്കേതികവിദ്യ വലിയ തോതിൽ ഉത്പാദനത്തിലേക്ക് കൊണ്ടുവരുന്നത് നിരവധി വെല്ലുവിളികൾ നിറഞ്ഞ കാര്യമാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നുവല്ലോ.
ഹുവാവേയുടെ അവകാശവാദം അനുസരിച്ച്, ഒറ്റ ചാർജിൽ ഏകദേശം 3000 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ ഈ ബാറ്ററികൾക്ക് കഴിയുമെന്നാണ്. പ്രായോഗികമായി ഇത് 2000 കിലോമീറ്ററായി കുറഞ്ഞാൽ പോലും, നിലവിലെ ഇവി ശ്രേണിയെ അപേക്ഷിച്ച് ഇത് വലിയ മുന്നേറ്റമായിരിക്കും. നിലവിൽ ബാറ്ററി നിർമ്മാണത്തേക്കാൾ, ഗവേഷണത്തിലും അസംസ്കൃത വസ്തുക്കളുടെ കണ്ടെത്തലിലുമാണ് കമ്പനി പ്രധാനമായും നിക്ഷേപം നടത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








