ചോദിക്കുന്ന മൈലേജ് തരുന്ന 8 ഹ്യുണ്ടായി കാറുകള്‍ വരുന്നു! മാരുതിയുടെയും ടൊയോട്ടയുടെയും ടൈം തീരാറായി
ഭാവിയുടെ ഇന്ധനമായി കണക്കാക്കപ്പെടുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ക്കും ഹൈബ്രിഡ് കാറുകള്‍ക്കും രാജ്യത്ത് പ്രചാരമേറി വരുന്നുണ്ട്. ഹൈബ്രിഡ് കാറുകളില്‍ പെട്രോള്‍/ഡീസല്‍, ഇലക്ട്രിക് മോട്ടോര്‍ എന്നിവയുടെ സംയോജനമാണ് നമുക്ക് കാണാന്‍ സാധിക്കുക. ഹൈബ്രിഡുകള്‍ പരിസ്ഥിതി സൗഹൃദമാണെന്ന് മാത്രമല്ല പരമ്പരാഗത ഐസി എഞ്ചിന്‍ കാറുകളെ അപേക്ഷിച്ച് കൂടുതല്‍ മൈലേജ് നല്‍കുന്നു. അതിനാല്‍, ഫുള്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിനേക്കാള്‍ ഹൈബ്രിഡ് കാറുകള്‍ വാങ്ങാനാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. ഇവികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചതിന് ശേഷം മതി ഒന്ന് സ്വന്തമാക്കുന്നത് എന്ന നിലപാടുകാരാണ് ഹൈബ്രിഡുകളെ ഒരു ഇടത്താവളമായി കാണുന്നത്.
ഡിമാന്‍ഡ് മുതലെടുക്കാനായി ഇന്ത്യയിലെ ഒന്നാം നമ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഉള്‍പ്പെടെയുള്ള വിവിധ മുന്‍നിര കമ്പനികള്‍ പുതിയ ഹൈബ്രിഡ് കാറുകള്‍ പുറത്തിറക്കുന്നതില്‍ വലിയ താല്‍പര്യം കാണിക്കുന്നു. ഇന്ത്യയില്‍ നമ്പര്‍ 2 ബ്രാന്‍ഡ് ആയ ഹ്യുണ്ടായിയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.
2030 ആകുമ്പോഴേക്കും ഇന്ത്യന്‍ വിപണിയില്‍ ആകെ 8 പുതിയ ഹൈബ്രിഡ് കാറുകള്‍ പുറത്തിറക്കാന്‍ പോകുകയാണ് കമ്പനി. അതിനെ കുറിച്ച് വിശദമായി അറിയാം.

ഇന്നലെ (2025 ഒക്‌ടോബര്‍ 15) നടന്ന ഹ്യുണ്ടായി ഇന്ത്യയുടെ നിക്ഷേപക സംഗമത്തിലാണ് 2030 ആകുമ്പോഴേക്കും ഇന്ത്യന്‍ വിപണിയില്‍ 8 പുതിയ ഹൈബ്രിഡ് കാറുകള്‍ പുറത്തിറക്കുമെന്ന് ഹ്യുണ്ടായി പ്രഖ്യാപിച്ചത്. ഇതിനകം വില്‍ക്കുന്ന കാറുകളിലടക്കം പുതിയ ഹൈബ്രിഡ് പാര്‍ട്രെയിന്‍ ഓപ്ഷന്‍ അവതരിപ്പിക്കുന്നതിനൊപ്പം പുതിയ ഹൈബ്രിഡ് കാറുകളും ഹ്യുണ്ടായി പുറത്തിറക്കും. മൊത്തത്തില്‍, 2030 ആകുമ്പോഴേക്കും ഇന്ത്യന്‍ വിപണിയില്‍ 8 ഹ്യുണ്ടായി ഹൈബ്രിഡ് കാറുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിന്റെ ആദ്യ ഘട്ടത്തില്‍ ഹ്യുണ്ടായി ക്രെറ്റയിലും വെന്യുവിലും പുതിയ ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2027-ല്‍ അടുത്ത തലമുറ ക്രെറ്റ പുറത്തിറങ്ങുന്നത് ഹൈബ്രിഡ് പവര്‍ട്രെയിനുമായിട്ടാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് കൂടാതെ ഹ്യുണ്ടായി മോഡല്‍ നിരയില്‍ അല്‍കസാറിന് മുകളിലും ട്യൂസോണിന് താഴെയുമായി സ്ഥാനം പിടിക്കുന്ന ഒരു ഹൈബ്രിഡ് എസ്‌യുവി ഹ്യുണ്ടായി വികസിപ്പിക്കുന്നതായി സൂചനകള്‍ ഉണ്ട്. ഈ വലിയ എസ്‌യുവിയും 2027-ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ആദ്യമായി ഹ്യുണ്ടായി ഇന്ത്യയില്‍ എത്തുക്കു ഹൈബ്രിഡ് കാര്‍ ബയോണ്‍ ആയിരിക്കുമെന്നും പറയപ്പെടുന്നു. ഹൈബ്രിഡ് റെഡി 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തേകുന്ന ക്രോസ്ഓവര്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ടെന്ന് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. i20, വെര്‍ണ എന്നീ മോഡലുകളുടെ അടുത്ത അപ്‌ഡേറ്റില്‍ ഈ എഞ്ചിന്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. വിവിധ വിലനിലവാരത്തിലുള്ള ഹൈബ്രിഡ് മോഡലുകള്‍ വില്‍പ്പനക്കുണ്ടാകണമെന്ന് താല്‍പര്യത്തിന്റെ പുറത്താണ് ഇത്.
ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ പുതിയ 26 കാറുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. ഇവ പുറത്തിറങ്ങുമ്പോള്‍ കമ്പനി ലൈനപ്പിന്റെ 16 ശതമാനം ഹൈബ്രിഡുകളാക്കാനാണ് ഹ്യുണ്ടായിയുടെ പ്ലാന്‍. ഹൈബ്രിഡ് കാറുകള്‍ കൂടാതെ ഇന്ത്യന്‍ വിപണിയിലേക്ക്പുതിയ എംപിവിയും ഓഫ്-റോഡ് എസ്‌യുവിയും കൊണ്ടുവരാന്‍ പോകുന്ന കാര്യവും ഹ്യുണ്ടായി വാഹന ലോകത്തെ അറിയിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അധികം വൈകാതെ ഹ്യുണ്ടായിയുടെ ലക്ഷ്വറി ബ്രാന്‍ഡ് ആയ ജെനസിസും ഇന്ത്യയില്‍ അരങ്ങേറാന്‍ പോകുന്നുവെന്ന വാര്‍ത്തകളും പുറത്തുവിട്ടിട്ടുണ്ട്.
ഹൈബ്രിഡ് കാറുകള്‍ക്ക് ഉയര്‍ന്ന മൈലേജ് നല്‍കാന്‍ കഴിയുമെന്നതിനാല്‍ ഹ്യുണ്ടായി അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഹൈബ്രിഡ് കാറുകള്‍ക്ക് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിക്കുമെന്നാനണ് ഞങ്ങളുടെ വിശ്വസം. ഇന്ത്യക്കാര്‍ പൊതുവെ ഉയര്‍ന്ന മൈലേജുള്ള കാറുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഹൈഹബ്രിഡ് പോര്‍ട്‌ഫോളിയോ വികസിപ്പിക്കുന്നത് ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഹ്യുണ്ടായിയുടെ സ്വാധീനം നിലനിര്‍ത്താന്‍ സഹായിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








