യൂറോപ്പ് മടുത്തു, ഇനി ഇന്ത്യയില്‍ വിലസാം! ഹ്യുണ്ടായി ബയോണിന്റെ വരവിന് കൗണ്ട്ഡൗണ്‍ തുടങ്ങി
രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളില്‍ ഒരാളാണ് ഹ്യുണ്ടായി. ഉപഭോക്താക്കള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് കൃത്യമായി മനസിലാക്കാനുള്ള കഴിവ് എക്കാലത്തും ഈ ബ്രാന്‍ഡിനുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം പുതിയ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള തത്രപ്പാടിലായിരുന്നു കമ്പനി. അതിന്റെ ഏറ്റവും പുതിയ ചുവടുവെയ്പ്പാണ് ഹ്യുണ്ടായി ബയോണ്‍ എന്ന കംപാക്ട് ക്രോസ്ഓവര്‍ മോഡല്‍ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള തീരുമാനം. ബയോണിന്റെ ലോഞ്ച് ടൈംലൈന്‍ പുറത്തുവന്നതോടെ വിപണിയില്‍ പുതിയ ആവേശം ഉയര്‍ന്നിരിക്കുകയാണ്. ഇത് 2026-ന്റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യൂറോപ്പില്‍ ഇതിനോടകംതന്നെ ഒരു സ്‌റ്റൈലിഷ്, സ്മാര്‍ട്ട്, പ്രാക്ടിക്കല്‍ ക്രോസ്ഓവര്‍ എന്ന പേരില്‍ ഹിറ്റായ ബയോണ്‍, 2024-ല്‍ ലഭിച്ച ഫേസ്ലിഫ്റ്റിലൂടെ കൂടുതല്‍ മോഡേണായി മാറിയിരുന്നു. ആകര്‍ഷകമായ ഹെഡ്ലാമ്പുകള്‍, സ്ലീക് എല്‍ഇഡി ലൈറ്റ് ബാര്‍, ഷാര്‍പ്പ് ബംമ്പറുകള്‍ എന്നിവയെല്ലാം കൂടി ബയോണിനെ കൂടുതല്‍ യൂറോപ്യന്‍ മനോഭാവമുള്ള കാറാക്കി മാറ്റി. അതുകൊണ്ടാണ് ഇന്ത്യയില്‍ ഇതിന്റെ ലോഞ്ച് ടൈംലൈന്‍ പ്രഖ്യാപിച്ചതുമുതല്‍ കാറിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമുയര്‍ന്നത്.

വില, വേരിയന്റുകള്‍, മൈലേജ് എന്നിവയെല്ലാം കുറിച്ച് ആളുകള്‍ ഇതിനോടകം തന്നെ സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബയോണിന് ഇത്രയും ഹൈപ്പ് ഉള്ളതിനു പിന്നിലെ കാരണം മറ്റൊന്നുമല്ല, ഈ ബേബി എസ്‌യുവി ഇന്ത്യയില്‍ മാരുതി ഫ്രോങ്ക്‌സ്, ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ നെക്‌സോണ്‍ പോലുള്ള മോഡലുകള്‍ക്ക് വലിയ വെല്ലുവിളിയായി മാറാന്‍ സാധ്യതയുണ്ട്.
2026 ബയോണ്‍ പൂര്‍ണ്ണമായും വ്യത്യസ്ത ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്തതാണ്. എല്‍ഇഡി ഡിആര്‍എല്‍, ഷാര്‍പ്പായ ഹെഡ്ലാമ്പ് യൂണിറ്റ്, മസ്‌ക്കുലാര്‍ ഗ്രില്‍ ഡിസൈന്‍ എന്നിവ ചേര്‍ന്ന് ഒരു പ്രീമിയം ഫീല്‍ നല്‍കുന്നുണ്ട്. സൈഡ് പ്രൊഫൈലിലെ സ്ലീക്ക് ക്രീസ് ലൈന്‍, സ്‌റ്റൈലിഷ് അലോയ് വീലുകള്‍ എന്നിവ പ്രധാന ഹൈലൈറ്റുകളാണ്. പിന്നിലുള്ള ആരോ-ഷേപ്ഡ് എല്‍ഇഡി ടെയില്‍ ലാമ്പുകളും അതിനെ ബന്ധിപ്പിക്കുന്ന റെഡ് ലൈനും കാറിന് ഒരു യൂറോപ്യന്‍ സ്‌റ്റൈലിംഗ് നല്‍കുന്നു.

ഇന്റീരിയറില്‍ വളരെ സ്മാര്‍ട്ടായ രൂപകല്‍പ്പനയാണ് വരുന്നത്. വലിയ 10.25-ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും അതേ വലുപ്പത്തിലുള്ള ടച്ച് ഇന്‍ഫോടൈന്‍മെന്റ് സ്‌ക്രീനും കൂടി കാറിന്റെ ക്യാബിനിന് ക്ലാസിക് മോഡേണ്‍ ലുക്ക് നല്‍കുന്നു. വയര്‍ലെസ് ചാര്‍ജിംഗിനൊപ്പം യുഎസ്ബി C പോര്‍ട്ടുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവ യൂത്തിനെ ലക്ഷ്യമാക്കിയുള്ള ആകര്‍ഷകമായ സവിശേഷതകളാണ്.
പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത 1.2-ലിറ്റര്‍, 4-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ മോഡലിന്റെ ഏറ്റവും വലിയ മുഖമുദ്രയായി പറയപ്പെടുന്നത്. സാധാരണ 1.0 ടര്‍ബോ എഞ്ചിനുകളെ അപേക്ഷിച്ച് ഇത് കൂടുതല്‍ പവര്‍ ഡെലിവറി നല്‍കുന്ന തരത്തിലാണ് വികസിപ്പിച്ചിരിക്കുന്നത്. ഇത് 110-125 bhp പവറും 160-180 Nm ടോര്‍ക്കും നല്‍കാന്‍ സാധ്യതയുണ്ട്. വേരിയന്റിനെ ആശ്രയിച്ച് എഞ്ചിനുകള്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയുമായി ജോടിയാക്കിയേക്കാം.

ഹ്യുണ്ടായി സാധാരണയായി അവരുടെ മോഡലുകളില്‍ ശക്തമായ സുരക്ഷാ പാക്കേജുകള്‍ നല്‍കുന്ന കമ്പനിയാണ്. അതിനാല്‍ ബയോണിന്റെയും ലിസ്റ്റ് അതില്‍ നിന്ന് വ്യത്യസ്തമാകില്ലെന്നുതന്നെ പ്രതീക്ഷിക്കാം. ലെവല്‍ 2 ADAS സിസ്റ്റമായിരിക്കും ഏറ്റവും വലിയ ഹൈലൈറ്റായി വരുന്നത്. ഫോര്‍വാഡ് കൊളിഷന്‍ വാര്‍ണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട്, തുടങ്ങിയ ഡ്രൈവര്‍ എയിഡുകള്‍ ഡ്രൈവിംഗിനെ കൂടുതല്‍ സുരക്ഷിതമാക്കും.
കുട്ടികള്‍ക്കായി ISOFIX മൗണ്ടുകള്‍, എബിഎസ്, ഇഎസ്‌സി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ സവിശേഷതകള്‍ എല്ലാ വേരിയന്റുകളിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. ബയോണിന്റെ ബോഡി ഘടനയും അതിശക്തമായ സ്റ്റീലിലുള്ള നിര്‍മാണവും അപകടസാധ്യതകള്‍ കുറയ്ക്കുന്ന രീതിയില്‍ ക്യാബിന്‍ സംരക്ഷിക്കപ്പെടാന്‍ സഹായിക്കും. ഇവയെല്ലാം കോര്‍ത്തിണക്കി വരുന്ന ബയോണ്‍ ഇന്ത്യയിലെത്തുമ്പോള്‍ സെഗ്‌മെന്റില്‍ ഹ്യുണ്ടായിക്ക് സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്തും.


Click it and Unblock the Notifications








