8 പേര്‍ക്ക് പോകാവുന്ന ഹ്യുണ്ടായി എംപിവി വരുന്നു, ഒപ്പം ഓഫ്‌റോഡര്‍ എസ്‌യുവിയും! മാരുതിക്ക് നെഞ്ചിടിപ്പ്
ഇന്ത്യന്‍ വിപണിയില്‍ എംപിവി (മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍), ഓഫ്-റോഡ് എസ്‌യുവി വിഭാഗങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് നിലവിലുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ന് (2025 ഒക്ടോബര്‍ 15) നടന്ന കമ്പനിയുടെ ഇന്‍വെസ്റ്റര്‍ ഡേയിലുണ്ടായ സുപ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇന്ത്യന്‍ വിപണിയില്‍ പുതിയ എംപിവികളും ഓഫ്-റോഡ് എസ്‌യുവികളും അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായി പത്രക്കുറിപ്പിലൂടെയും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഈ വാഹനങ്ങളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ചില സാധ്യതകള്‍ വിപണി വിദഗ്ധര്‍ പ്രവചിക്കുന്നു. അത് എന്താണെന്ന് ചുവടെ വിശദമായി നോക്കാം.
എംപിവി വിഭാഗത്തില്‍ ഹ്യുണ്ടായിക്ക് രണ്ട് സാധ്യതകളാണ് മുന്നിലുള്ളത്. ഒന്നാമതായി മാരുതി സുസുക്കി എര്‍ട്ടിഗ, മാരുതി സുസുക്കി XL6 തുടങ്ങിയ ജനപ്രിയ മോഡലുകളോട് മത്സരിക്കാന്‍ ഒരു പുതിയ വാഹനം അവതരിപ്പിക്കാം. ഈ തീരുമാനം എടുക്കുകയാണെങ്കില്‍ സഹോദര ബ്രാന്‍ഡ് ആയ കിയയുടെ സഹായം തേടേണ്ടി വരും. അങ്ങിനെ വന്നാല്‍ കിയ കാരെന്‍സ് ക്ലാവിസ് മോഡലില്‍ ഉപയോഗിക്കുന്ന അതേ എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹ്യൂണ്ടായിയുടെ എംപിവിയിലും കണ്ടേക്കാം.

കിയ കാരെന്‍സിലുള്ള നിരവധി ഫീച്ചറുകളും പുതിയ ഹ്യൂണ്ടായി എംപിവിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. പവര്‍ട്രെയിനുകള്‍ പങ്കിട്ടാലും അകത്തും പുറത്തും വ്യത്യസ്ത സ്‌റ്റൈലിംഗിലായിരിക്കും ഹ്യുണ്ടായി മോഡല്‍ വരിക. ക്രെറ്റ, സെല്‍റ്റോസ് എസ്‌യുവികളുടെ കാര്യത്തില്‍ സ്വീകരിച്ച അതേ സമീപനമായിരിക്കും സ്വീകരിക്കുക. ഈ മോഡലിന് ഏകദേശം 10-11 ലക്ഷം രൂപ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കാം.
കിയ കാര്‍ണിവല്‍, ടൊയോട്ട വെല്‍ഫയര്‍ എന്നിവയ്ക്കെതിരെ മത്സരിക്കുന്നതിനായി ആഡംബര എംപിവി വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് മറ്റൊരു സാധ്യത. അങ്ങിനെയെങ്കില്‍ വിദേശ വിപണികളില്‍ ഹ്യുണ്ടായി ഇതിനകം വില്‍ക്കുന്ന സ്റ്റാരിയ എംപിവി ഇന്ത്യയിലെത്തിയേക്കും. കാര്‍ണിവലിനെപ്പോലെ സ്റ്റാരിയയ്ക്കും സവിശേഷവും ആഡംബരപൂര്‍ണവുമായ ഡിസൈനും നിരവധി സവിശേഷതകളുള്ള ഒരു അപ്പ്മാര്‍ക്കറ്റ് ക്യാബിനും ഉണ്ട്. ഹ്യുണ്ടായിയുടെ പുതിയ എംപിവി 6, 7, 8 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമായേക്കാം.

ഹ്യുണ്ടായി എംപിവിക്ക് പുറമേ, ഇന്ത്യന്‍ വിപണിയില്‍ ഒരു ഓഫ്-റോഡറും ഉണ്ടാകുമെന്ന് കൊറിയന്‍ ബ്രാന്‍ഡ് പ്രഖ്യാപിച്ചു. ലൈഫ്സ്‌റ്റൈല്‍ ഓഫ്-റോഡര്‍ എസ്‌യുവി വിഭാഗത്തില്‍ നിലവില്‍ വിരലില്‍ എണ്ണാവുന്ന അത്ര മോഡലുകള്‍ മാത്രമാണ് ഉള്ളത്. നിലവില്‍ മഹീന്ദ്ര ഥാര്‍, മഹീന്ദ്ര ഥാര്‍ റോക്സ് എന്നിവയാണ് സെഗ്‌മെന്റില്‍ ആധിപത്യം പുലര്‍ത്തുന്നത്. എന്നാല്‍, മഹീന്ദ്ര ഓഫ്-റോഡറുകളെ നേരിടാന്‍ ഒരു വാഹനം പുറത്തിറക്കുകയാണെങ്കില്‍ അതിനായി ഹ്യുണ്ടായി നന്നായി പണമിറക്കേണ്ടി വരും.
അല്ലെങ്കില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, വരാനിരിക്കുന്ന എംജി മജസ്റ്റര്‍ എന്നിവയുള്‍പ്പെടെ മോഡലുകളുമായി ഏറ്റുമുട്ടാന്‍ കൂടുതല്‍ പ്രീമിയം സമീപനം സ്വീകരിക്കാനും സാധ്യതയുണ്ട്. ഓള്‍-വീല്‍ ഡ്രൈവ് ശേഷിയുള്ള വ്യത്യസ്ത പവര്‍ട്രെയിനുകള്‍, വിപുലമായ ഫീച്ചര്‍ പട്ടിക, മാഫിയ ലുക്കിലുള്ള രൂപകല്‍പ്പന എന്നിവയുമായി ലൈഫ്സ്‌റ്റൈല്‍ എസ്യുവി ഫാന്‍സിന് അനുയോജ്യമായ രീതിയില്‍ ഒരു വാഹനം പുറത്തിറക്കിയാല്‍ ഈ സെഗ്മെന്റ് പിടിച്ചടക്കാന്‍ ഹ്യുണ്ടായിക്ക് കഴിയും. ഈ രണ്ട് പുതിയ വാഹനങ്ങളും എപ്പോള്‍ വിപണിയിലെത്തും എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എന്നിരുന്നാലും, 2027 അല്ലെങ്കില്‍ 2028 വര്‍ഷത്തോടെ ഈ മോഡലുകള്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ വിവിധ സെഗ്മെന്റുകളിലായി 8 ഹൈബ്രിഡുകള്‍ ഉള്‍പ്പെടെ 2030 സാമ്പത്തിക വര്‍ഷം വരെയുള്ള സമയം കൊണ്ട് 26 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു. ജെനസിസ് ആഡംബര ബ്രാന്‍ഡ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പദ്ധതികളും ഹ്യുണ്ടായി ഇന്ത്യ പ്രഖ്യാപിച്ചു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








