ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന കാര്‍ മാരുതിയല്ല! തുടര്‍ച്ചയായി രണ്ടാം മാസവും നമ്പര്‍ 1 ഈ കാർ
1996-ലാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ (Hyundai Motor India) ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സാന്‍ട്രോയെന്ന ടോള്‍ബോയ് ഹാച്ചുമായി ഇന്ത്യന്‍ തീരത്തെത്തിയ കൊറിയക്കാരെ ജനങ്ങള്‍ ഹൃദയത്തിലേറ്റുന്ന കാഴ്ചയാണ് നാം കണ്ടത്. 30 വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വിപണിയില്‍ 90 ലക്ഷം കാറുകള്‍ വിറ്റ് സുസുക്കിക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും വിജയമായ കാര്‍ ബ്രാന്‍ഡ് ആയി ഹ്യുണ്ടായി കഴിഞ്ഞ ദിവസം മാറിയിരുന്നു. വമ്പന്‍ വില്‍പ്പന നാഴികക്കല്ല് പിന്നിട്ടപ്പോഴും 2025 ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഹ്യുണ്ടായിക്ക് നിരാശ സമ്മാനിക്കുന്നതായിരുന്നു. 2025 ഏപ്രിലില്‍ ഹ്യുണ്ടായി മൊത്തം 60,774 യൂണിറ്റ് വില്‍പ്പന നേടി.
ഇതില്‍ 44374 യൂണിറ്റ് ആഭ്യന്തര വിപണിയില്‍ വിറ്റപ്പോള്‍ 16,400 യൂണിറ്റ് കയറ്റുമതി ചെയ്തു. ആഭ്യന്തര വില്‍പ്പനയില്‍ മഹീന്ദ്ര (52,330 യൂണിറ്റ്), ടാറ്റ മോട്ടോര്‍സ് (45,199 യൂണിറ്റ്) എന്നീ ബ്രാന്‍ഡുകള്‍ക്ക് പിന്നിലായിപ്പോയ ഹ്യുണ്ടായി ടോപ് 3-യില്‍ നിന്ന് പുറത്തായിരുന്നു. ഒന്നാം സ്ഥാനം പിന്നെ നോക്കേണ്ട കാര്യമില്ലെല്ലോ, അത് മാരുതി തന്നെ കൊണ്ടുപോയി. ഇതിനിടെ ഹ്യുണ്ടായിക്ക് ആശ്വാസം നല്‍കുന്നതായിരുന്നു ഹ്യുണ്ടായി ക്രെറ്റയുടെ വില്‍പ്പന.

2025 ഏപ്രിലില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി ഹ്യുണ്ടായി ക്രെറ്റ. ആഭ്യന്തര വില്‍പ്പന ഇടിവിന്റെ നിരാശ മായ്ക്കാനാകില്ലെങ്കിലും ക്രെറ്റയുടെ നേട്ടം ഹ്യുണ്ടായിക്ക് ആശ്വാസമായി മാറി. ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ ക്രെറ്റ കഴിഞ്ഞ മാസം 17,016 യൂണിറ്റ് വില്‍പ്പന കൈവരിച്ചു, 2024 ഏപ്രിലിനെ അപേക്ഷിച്ച് 10.2 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.
2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ എസ്‌യുവിയും ക്രെറ്റയാണ്. ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ മിഡ്‌സൈസ് എസ്‌യുവിക്ക് 69,914 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. സെഗ്‌മെന്റില്‍ ക്രെറ്റ ആധിപത്യം നിലനിര്‍ത്തിപ്പോരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വില്‍പ്പനയില്‍ എക്കാലത്തെയും ഉയര്‍ന്ന എസ്‌യുവി വിഹിതം കൈവരിക്കാനും ഹ്യുണ്ടായിക്ക് സാധിച്ചു. 2025 ഏപ്രിലില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വിറ്റം മൊത്തം കാറുകളില്‍ 70.9 ശതമാനം എസ്യുവികളായിരുന്നു.
ക്രെറ്റ ഇലക്ട്രിക്കിന്റെ വരവാണ് മാരുതി കാറുകളെ മറികടന്ന് ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ ആയി മാറാന്‍ ക്രെറ്റയെ സഹായിച്ചത്. മിഡ്‌സൈസ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ഹ്യുണ്ടായിയുടെ നില മെച്ചപ്പെടുത്താന്‍ സഹായിക്കും. ഹ്യുണ്ടായിയുടെ ആദ്യ മാസ് മാര്‍ക്കറ്റ് ഇവിയാണ് ക്രെറ്റ ഇലക്ട്രിക്. അതുകൊണ്ട് തന്നെ ഈ കാറില്‍ കൊറിയക്കാര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.
കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യന്‍ വിപണിയില്‍ ശക്തമായ പിടിമുറുക്കാന്‍ ഹ്യുണ്ടായി ക്രെറ്റയ്ക്ക് കഴിഞ്ഞു. 10 വര്‍ഷം കൊണ്ട് ഇതുവരെ 12 ലക്ഷം വീടുകളിലാണ് ക്രെറ്റ എത്തിയിരിക്കുന്നത്. മികച്ച ഡിസൈന്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യ, ശക്തമായ പെര്‍ഫോമന്‍സ് എന്നിവയുടെ ബലത്തില്‍ പുതുതലമുറ എസ്‌യുവി ഉപഭോക്താക്കളുടെ ആദ്യ ചോയ്‌സായി ക്രെറ്റ തുടരുകയാണ്. കാലികമായി കാറില്‍ വരുത്തുന്ന അപ്‌ഡേറ്റുകളും ഇതിന് ഗുണം ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ക്രെറ്റ ഫെയ്സ്ലിഫ്റ്റിന് വിധേയമായിരുന്നു. അതിന് ശേഷം ക്രെറ്റയുടെ വില്‍പ്പന കുതിച്ചുയരുന്നതാണ് കണ്ടത്. E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിലാണ് ക്രെറ്റ വിപണിയില്‍ എത്തുന്നത്. നിലവില്‍ ആഭ്യന്തര വിപണിയില്‍ 11.11 ലക്ഷം രൂപ മുതല്‍ 20.50 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.
1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ സ്വന്തമാക്കാനാവുക. 6 സ്പീഡ് മാനുവല്‍, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (ഐവിടി), 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിട), 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ട്രാന്‍സ്മിഷന്‍ ചോയ്‌സുകളും എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്നു.

രൂപകല്‍പ്പന നോക്കുമ്പോള്‍ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ 'സെന്‍ഷ്യസ് സ്‌പോര്‍ട്ടിനെസ്' ഡിസൈന്‍ ഭാഷയെ അടിസ്ഥാനമാക്കിയാണ് ക്രെറ്റ ഒരുക്കിയിരിക്കുന്നത്. മുന്‍വശത്തെ വലിയ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പുകള്‍, അലോയ് വീലുകള്‍ എന്നിവയാണ് പ്രധാന എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. എല്ലാ ഹ്യുണ്ടായി കാറുകളെയും പോലെ മോഡേണ്‍ ഫീച്ചറുകള്‍ക്ക് ഈ കാറില്‍ ഒരു കുറവുമില്ല.
ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായുള്ള ഡ്യുവല്‍ ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ 8-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ലെവല്‍ 2 ADAS പോലുള്ള നൂതന ഫീച്ചറുകള്‍ അകത്തളത്തില്‍ പായ്ക്ക് ചെയ്തിരിക്കുന്നു.
സേഫ്റ്റിയുടെ കാര്യത്തിലും ഹ്യുണ്ടായി വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ഒരു ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ തുടങ്ങിയ ഫീച്ചറുകളാണ് യാത്രക്കാരുടെ സുരക്ഷക്കായി ക്രെറ്റയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന്റെ വില പ്രഖ്യാപിച്ചത്. ആരെയും കൊതിപ്പിക്കുന്ന 17.99 ലക്ഷം രൂപ ആമുഖ വിലയിലായിരുന്നു ലോഞ്ച്. 42 kWh, 51 kWh ബാറ്ററി പായ്ക്കുകളാണ് ക്രെറ്റക്ക് പവര്‍ നല്‍കുന്നത്. ഇലക്ട്രിക് എസ്‌യുവി ഫുള്‍ ചാര്‍ജില്‍ 390 കിലോമീറ്റര്‍ മുതല്‍ 473 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ലോംഗ് റേഞ്ച് പതിപ്പ് 7.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കമ്പനി പറയുന്നു. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 58 മിനിറ്റിനുള്ളില്‍ ബാറ്ററികള്‍ 10-80 ശതമാനവും 11kW വാള്‍ ബോക്സ് ചാര്‍ജര്‍ ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളില്‍ 10-100 ശതമാനവും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നതിനാല്‍ ചാര്‍ജിംഗ് സമയം ഓര്‍ത്ത് ടെന്‍ഷനടിക്കേണ്ട. വെഹിക്കിള്‍ ടു ലോഡ് (V2L) ഫീച്ചര്‍ അടക്കം മോഡേണ്‍ ഇവികളിലുള്ള എല്ലാ ഫീച്ചറുകളും ക്രെറ്റ ഇലക്ട്രിക്കില്‍ ഉണ്ട്.
ഇന്ത്യന്‍ വിപണിയില്‍ ക്രെറ്റ കരസ്ഥമാക്കുന്ന ഈ തുടര്‍ വിജയം വെറും സംഖ്യകളില്‍ മാത്രം ഒതുക്കാന്‍ സാധിക്കില്ല. അത് കമ്പനിയുടെ ഗുണനിലവാരത്തിന്റെയും ക്രെറ്റ നേടിയെടുത്ത വിശ്വാസത്തിന്റെ കൂടി ഫലമാണ്. സ്‌റ്റൈല്‍, സേഫ്റ്റി എന്നിവയ്‌ക്കൊപ്പം നൂതന സാങ്കേതികവിദ്യകളും കൂടി സമനവയിപ്പിച്ച് രാജ്യത്തെ എസ്‌യുവി വിഭാഗത്തില്‍ ക്രെറ്റ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയായിരുന്നു. മാരുതി സുസുക്കി, ടൊയോട്ട, ഹോണ്ട, ടാറ്റ തുടങ്ങിയ കമ്പനികള്‍ ക്രെറ്റയെ പൂട്ടാന്‍ പല അടവളകളും പയറ്റിയെങ്കിലും ഇതുവരെ വിജയം കണ്ടിട്ടില്ല.


Click it and Unblock the Notifications








