17.99 ലക്ഷത്തിന് 390 കിലോമീറ്റര്‍ റേഞ്ചുള്ള ഇവി! മാരുതി ഇ വിറ്റാരയെ ഒറ്റക്ക് മേയാന്‍ വിടില്ലെന്ന് ഹ്യുണ്ടായി
2025 ഓട്ടോ എക്‌സ്‌പോയിലൂടെ അരങ്ങേറിയ മാരുതി സുസുക്കി ഇ വിറ്റാര ഇലക്ട്രിക് എസ്‌യുവിയെ ഒറ്റക്ക് ഭരിക്കാന്‍ വിടില്ലെന്ന് പ്രഖ്യാപിച്ച് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ പുതിയ ക്രെറ്റ ഇലക്ട്രിക്കിന്റെ വില പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് വേരിയന്റായ എക്‌സിക്യൂട്ടീവിന്റെ വില 17,99,000 രൂപ മാത്രമാണ്. സ്മാര്‍ട് വേരിയന്റിന് 18,99,900 രൂപയും സ്മാര്‍ട് (O) വേരിയന്റിന് 19,49,900 രൂപയുമാണ് വില. പ്രീമിയം വേരിയന്റിന് 19,99,900 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. മുകളില്‍ പറഞ്ഞ വേരിയന്റുകളില്‍ ചെറിയ 42 kWh ബാറ്ററി പായ്ക്കാണ് വരുന്നത്.
വലിയ 51.4 kWh ബാറ്ററി പായ്ക്ക് വരുന്ന സ്മാര്‍ട് (O) വേരിയന്റിന് 21,49,900 രൂപയും ടോപ്‌സ്‌പെക് എക്‌സലന്‍സ് വേരിയന്റിന് 23,49,900 രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. ഇവിയുടെ ബുക്കിംഗ് രണ്ടാഴ്ച മുമ്പ് തന്നെ കൊറിയന്‍ കമ്പനി ആരംഭിച്ചിരുന്നു. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വാഹനം ബുക്ക് ചെയ്യാവുന്നതാണ്. 25000 രൂപ ടോക്കണ്‍ തുക നല്‍കി ഇവി റിസര്‍വ് ചെയ്യാം.

ക്രെറ്റ ഇലക്ട്രിക്കിന് 4,340 mm നീളവും 1,790 mm വീതിയും 1,655 mm ഉയരവും 2,610 mm നീളമുള്ള വീല്‍ബേസും ഉണ്ട്. ചാര്‍ജിംഗ് പോര്‍ട്ടോടുകൂടിയ ബ്ലാങ്കഡ്-ഓഫ് ഗ്രില്‍, പുനര്‍നിര്‍മ്മിച്ച ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റ് ബാറുകള്‍, എയ്‌റോ ഇന്‍സെര്‍ട്ടുകളുള്ള പുതിയ അലോയ് വീലുകള്‍, ഫോക്സ് സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയാണ് ഇലക്ട്രിക് എസ്യുവിയുടെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.
ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകള്‍, ബോസ് പ്രീമിയം സൗണ്ട് 8 സ്പീക്കറുകള്‍, 268 എംബഡഡ് വോയ്സ് കമാന്‍ഡുകള്‍, 70 കണക്റ്റഡ് കാര്‍ ടെക്കുകള്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ കീ, ഷിഫ്റ്റ്-ബൈ-വയര്‍ ടെക്‌നോളജി എന്നിവയടക്കം നിരവധി സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ് ഈ കാര്‍. പെഡല്‍ ഡ്രൈവിംഗ് അനുഭവം തരുന്ന പുതിയ ഐ-പെഡല്‍ സാങ്കേതികവിദ്യയും ക്രെറ്റ ഇവിയിലുണ്ട്.
ഈ സാങ്കേതികവിദ്യ ഡ്രൈവര്‍ക്ക് ആക്സിലറേറ്റര്‍ പെഡല്‍ ഉപയോഗിച്ച് കാര്‍ ആക്‌സലറേറ്റ് ചെയ്യാനും വേഗത കുറയ്ക്കാനും പൂര്‍ണമായും നിര്‍ത്താനും സാധിക്കും. വാഹനത്തിനകത്തും പുറത്തും ഗൃഹോപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന വെഹിക്കിള്‍-ടു-ലോഡ് (V2L) സവിശേഷതയും ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കില്‍ ഉണ്ടാകും. അഡ്വാന്‍സ്ഡ് ഹൈ സ്ട്രെംഗ്ത് സ്റ്റീല്‍ (AHSS), ഹൈ സ്ട്രെംഗ്ത് സ്റ്റീല്‍ (HSS) എന്നിവ ഉപയോഗിച്ചുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ക്രെറ്റ ഇവിയുടെ ബില്‍ഡ് ക്വാളിറ്റിയും കിടിലമാണ്.
75 സേഫ്റ്റി ഫീച്ചറുകളുമായാണ് ക്രെറ്റ ഇലക്ട്രിക്ക് എത്തുക. ക്രെറ്റ ഇലക്ട്രിക്കിന്റെ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇബിഡിയുള്ള എബിഎസ്, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കുകള്‍ (ഇപിബി), ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ (എച്ച്എസി), ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ (എച്ച്ഡിസി), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), ചൈല്‍ഡ് സീറ്റ് ആങ്കര്‍ (ഐഎസ്ഒഫിക്സ്), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) എന്നിവ സ്റ്റാന്‍ഡേര്‍ഡായി വരും.
ഇവ കൂടാതെ ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ബ്ലൈന്‍ഡ് സ്പോട്ട് കൊളീഷന്‍ വാണിംഗ്, സ്റ്റോപ്പ് ആന്‍ഡ് ഗോ സജ്ജീകരണമുള്ള സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടെ 19 ഫീച്ചറുകളുള്ള ലെവല്‍ 2 ADAS സജ്ജീകരണവും ക്രെറ്റ ഇലക്ട്രിക്കില്‍ ഉണ്ട്. 42 KWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നത്.
ചെറിയ ബാറ്ററി പായ്ക്ക് 390 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം വലിയ ബാറ്ററി MIDC ടെസ്റ്റിംഗ് സൈക്കിളില്‍ 473 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് പറയുന്നത്. രണ്ട് ബാറ്ററി പായ്ക്കുകളും ഫ്രണ്ട് ആക്‌സിലില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇത് 133bhp (42kWh ബാറ്ററി പായ്ക്ക്) അല്ലെങ്കില്‍ വലിയ 51.2 kWh ബാറ്ററി പായ്ക്കില്‍ 169 bhp പരമാവധി പവറും ഉത്പാദിപ്പിക്കുന്നു.
ക്രെറ്റ ഇലക്ട്രിക്കിന്റെ കൂടുതല്‍ ശക്തമായ ലോംഗ്-റേഞ്ച് പതിപ്പ് 7.9 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കുമന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു. ക്രെറ്റയുടെ ബാറ്ററി പാക്ക് വെറും 58 മിനിറ്റിനുള്ളില്‍ 10-80 ശതമാനം വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. 11 kW AC ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ചെറിയ ബാറ്ററി പാക്കിന് 4 മണിക്കൂറും വലിയ ബാറ്ററി പായ്ക്കിന് 4 മണിക്കൂര്‍ 50 മിനിറ്റും എടുക്കും.


Click it and Unblock the Notifications







