12 മാസം കൊണ്ട് 1.94 ലക്ഷം പേര്‍ വാങ്ങിയ എസ്‌യുവി! അത് മാരുതിയുടേയോ മഹീന്ദ്രയുടേയോ അല്ല കേട്ടോ
ഇന്ത്യന്‍ കാര്‍ വിപണിയുടെ 55 ശതമാനവും സംഭാവന ചെയ്യുന്നത് സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ്. താങ്ങാവുന്ന വിലയിലും ഒന്നിലധികം ബോഡി സൈസിലും ഇന്ന് എസ്‌യുവികള്‍ വാങ്ങാന്‍ കിട്ടും. രാജ്യത്ത് എസ്‌യുവികളുടെ ജനപ്രീതി റോക്കറ്റ് പോലെ മേലോട്ട് തന്നെയതാണ് കുതിക്കുന്നത് എന്നതിനുള്ള ഉദാഹരണമാണ് 2024-2025 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ടോപ്-10 കാറുകളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി ക്രെറ്റ ആധിപത്യം തുടരുകയാണ്. 2025 സാമ്പത്തിക വര്‍ഷത്തിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ക്രെറ്റയുടെ കുതിപ്പ്.
2024 ഏപ്രില്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഹ്യുണ്ടായി 1,94,871 ക്രെറ്റ കാറുകള്‍ വിറ്റഴിച്ചു. കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലെ ഒന്നാം നമ്പര്‍ മോഡലായ ക്രെറ്റ ടോപ് 10 കാറുകളുടെ പട്ടികയില്‍ മാരുതി സുസുക്കി വാഗണ്‍ആറിനും ടാറ്റ പഞ്ചിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ്. അതേസമയം, മാരുതിയുടെ ജനപ്രിയ മോഡലുകളായ എര്‍ട്ടിഗ, ബലേനോ, സ്വിഫ്റ്റ്, ബ്രെസ എന്നിവ പിന്നിലായി.

നേരിട്ടുള്ള എതിരാളികളില്‍ ക്രെറ്റക്ക് ശേഷം വരുന്നത് ഏഴാം സ്ഥാനത്തുള്ള മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രാന്‍ഡ് വിറ്റാരയുടെ 123946 യൂണിറ്റുകളാണ് വിറ്റുപോയത്. ഗ്രാന്‍ഡ് വിറ്റാരയെ കൂടാതെ കിയ സെല്‍റ്റോസ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സിട്രണ്‍ എയര്‍ക്രോസ് എന്നിവയുമായാണ് ക്രെറ്റ ഏറ്റുമുട്ടുന്നത്.
ക്രെറ്റയുടെ അത്രയും തരംഗം സൃഷ്ടിച്ച കോംപാക്ട് എസ്‌യുവി സമീപകാലത്തൊന്നും പുറത്തിറങ്ങിയിട്ടില്ല. 2015-ല്‍ വിപണിയിലെത്തിയ അന്ന് മുതല്‍ കാര്‍ മാര്‍ക്കറ്റ് ലീഡറായി വിലസുകയാണ്. ഇതിനോടകം 1 ദശലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിട്ടുണ്ട് ക്രെറ്റ. ഇത് 7 വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. E, EX, S, S(O), SX, SX ടെക്, SX (O) എന്നിവയാണവ.

1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും . 4 ട്രാന്‍സ്മിഷന്‍ ചോയ്‌സുകളിലുമാണ് ക്രെറ്റ വാഗ്ദാനം ചെയ്യുന്നത്. . 6 സ്പീഡ് മാനുവല്‍, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (IVT), 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (DCT), 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് എസ്യുവിയുടെ ഗിയര്‍ബോക്സ് കോമ്പിനേഷനുകള്‍.
ഡിസൈന്‍, ടെക്‌നോളജി, പെര്‍ഫോമന്‍സ് എന്നിവയുടെ സമന്വയമാണ് ഈ എസ്‌യുവിയില്‍ കാണാന്‍ സാധിക്കുക. കിടിലന്‍ പാറ്റേണ്‍ ഗ്രില്ലും എല്‍ഇഡി ഹെഡ്ലാമ്പുകളുമാണ് എസ്‌യുവിയുടെ മുന്‍വശത്തെ പ്രധാന ഹൈലൈറ്റുകള്‍. വശങ്ങളിലേക്ക് വന്നാല്‍ വലിയ അലോയ് വീലുകള്‍ മാറ്റുകൂട്ടുന്നു. പിന്നിലെ കണക്റ്റഡ് ടെയില്‍ ലാമ്പുകളും ക്രെറ്റയെ അഴകുറ്റതാക്കുന്നു. മറ്റ് ഹ്യുണ്ടായി കാറുകളെ പോലെ ഫീച്ചര്‍ സമ്പന്നമായ ക്യാബിനാണ് ക്രെറ്റയുടെയും പ്രത്യേകത.

ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി കൊടുത്തിരിക്കുന്ന വലിയ ഡ്യുവല്‍ ടച്ച്‌സ്‌ക്രീനുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ 8-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെവല്‍-2 ADAS, 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ആംബിയന്റ് ലൈറ്റിംഗ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് എന്നിവയാണ് ഹ്യുണ്ടായി ക്രെറ്റയില്‍ വരുന്ന പ്രധാന ഫീച്ചറുകള്‍.
6 എയര്‍ബാഗുകള്‍, ഒരു ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ എന്നിങ്ങനെ നിരവധി സേഫ്റ്റി ഫീച്ചറുകളും കാറിലുണ്ട്. കോംപാക്ട് എസ്‌യുവിയുടെ വില 11.11 ലക്ഷം രൂപയില്‍ തുടങ്ങി 20.50 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
ജനുവരിയില്‍ നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ വെച്ച് കൊറിയന്‍ കമ്പനി 'ക്രെറ്റ ഇലക്ട്രിക്' എന്ന പേരില്‍ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയിരുന്നു. 17,99,000 രൂപ മുതല്‍ 23,49,900 രൂപ വരെയാണ് ഇലക്ട്രിക് എസ്‌യുവിയുടെ വില. ക്രെറ്റ ഇലക്ട്രിക്ക് 42kWh, 51.4kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ആദ്യത്തേത് ഫുള്‍ ചാര്‍ജില്‍ 390 കിലോമീറ്ററും രണ്ടാമത്തേത് 473 കിലോമീറ്ററും റേഞ്ച് അവകാശപ്പെടുന്നു.


Click it and Unblock the Notifications








