2-ാം സ്ഥാനം പോയതോടെ ഹ്യുണ്ടായിക്ക് പേടി കുടുങ്ങി! ഷോറൂമില്‍ വമ്പന്‍ വിറ്റഴിക്കല്‍ മേള
വര്‍ഷങ്ങളായി ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളെന്ന സ്ഥാനം അലങ്കരിച്ചിരുന്ന ഹ്യുണ്ടായിക്ക് കഴിഞ്ഞ രണ്ട് മാസങ്ങളായി അടിതെറ്റിയിരിക്കുകയാണ് മഹീന്ദ്രയാണ് ഹ്യുണ്ടായിയെ പിന്തള്ളി രണ്ടാം സ്ഥാനം കൈയ്യടക്കിയത്. മഹീന്ദ്ര മാത്രമല്ല ടാറ്റ മോട്ടോര്‍സും കൊറിയന്‍ കമ്പനിക്ക് കനത്ത വെല്ലുവുളി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ മാസം വില്‍പ്പന കൂട്ടാനായി ഹ്യുണ്ടായി തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ മാസം ഡിസ്‌കൗണ്ട് ഓഫറുകള്‍ കുറച്ച് ഉയര്‍ത്തിയിട്ടുണ്ട് ബ്രാന്‍ഡ്. i20, വെന്യൂ, എക്സ്റ്റര്‍, ഗ്രാന്‍ഡ് i10 നിയോസ് എന്നീ മോഡലുകള്‍ക്കാണ് 85,000 രൂപ വരെ കിഴിവ് ലഭിക്കുക.
സോഷ്യല്‍ മീഡിയയിലൂടെയാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ ഈ ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഏപ്രിലില്‍ ഈ കാറുകള്‍ക്ക് 70,000 രൂപ വരെയായിരുന്നു ഓഫര്‍. എന്നാല്‍ ഈ മാസം അത് 85000 രൂപയാക്കി കൂട്ടി. അടുത്തിടെയാണ് ബ്രാന്‍ഡ് തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി പങ്കജ് ത്രിപാഠിയെ നിയമിച്ചത്. ഏറ്റവും പുതിയ പോസ്റ്റില്‍ പങ്കജ് ത്രിപാഠിയാണ് പ്രത്യക്ഷപ്പെടുന്നത്.

ഹ്യുണ്ടായിയുടെ ജൂണ്‍ മാസത്തിലെ ഓഫറുകളില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ഡിസ്‌കൗണ്ട്, സ്‌ക്രാപ്പേജ് ബോണസ് എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഈ കിഴിവുകള്‍ക്ക് നിര്‍മ്മാതാക്കളുടെ നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ഓരോ നഗരത്തിലും ആനുകൂല്യങ്ങളില്‍ മാറ്റങ്ങളുണ്ടാകാം. അതിനാല്‍ അടുത്തുള്ള ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് കിഴിവുകളെക്കുറിച്ച് കൂടുതല്‍ അറിയാവുന്നതാണ്. ഏതായാലും നമുക്ക് ഓരോ ഹ്യുണ്ടായി കാറുകളിലും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വിശദമായി പരിശോധിക്കാം.
ഗ്രാന്‍ഡ് i10 നിയോസ്: ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ മോഡലായ ഗ്രാന്‍ഡ് i10 നിയോസിന് 5.98 ലക്ഷം മുതല്‍ 8.38 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. ജൂണില്‍ ഈ കാര്‍ വാങ്ങുന്നവര്‍ക്ക് 65,000 രൂപ വരെ ആനുകൂല്യം നേടാം. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 81 bhp പവറും 113.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍, സ്മാര്‍ട്ട് ഓട്ടോമാറ്റിക് എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

ഹ്യുണ്ടായ് എക്സ്റ്റര്‍: കമ്പനി ഏറ്റവും അവസാനം പുറത്തിറക്കിയ കോംപാക്ട് എസ്യുവികളില്‍ ഒന്നാണ് എക്സ്റ്റര്‍. ടാറ്റാ പഞ്ചുമായി മത്സരിക്കുന്ന എക്സ്റ്ററിന് 55,000 രൂപ വരെയാണ് ആനുകൂല്യം. ഈ എസ്യുവിക്ക് 5.99 ലക്ഷം മുതല്‍ 10.43 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. 1.2 ലിറ്റര്‍ കപ്പ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്.
ഇത് 82 bhp പവറും 113.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ട്രാന്‍സ്മിഷന്‍ ഇതിലുണ്ട്. കൂടാതെ, അധിക കാര്‍ഗോ സ്്‌പെയ്‌സുള്ള ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യയുള്ള സിഎന്‍ജി വേരിയന്റും ലഭ്യമാണ്. ഇത് 68 bhp പവറും 95.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കിലോഗ്രാമിന് 27 കിലോമീറ്ററിനടുത്താണ് സിഎന്‍ജി പതിപ്പുകളുടെ സാക്ഷ്യപ്പെടുത്തിയ മൈലേജ്.

ഹ്യുണ്ടായ് i20: ഹ്യുണ്ടായിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ i20-ക്ക് 55,000 രൂപ വരെ കിഴിവുണ്ട്. ഇതിന് 7.04 ലക്ഷം മുതല്‍ 11.24 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. യുത്തിനിടയില്‍ ഏറെ പ്രചാരമുള്ള ഈ മോഡലില്‍ 1.2 ലിറ്റര്‍ കപ്പ എഞ്ചിനാണുള്ളത്. ഇത് 86.7 bhp പവറും 114.7 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (IVT) എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.
ഹ്യുണ്ടായ് വെന്യു: ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സബ് 4 മീറ്റര്‍ എസ്‌യുവികളില്‍ ഒന്നാണ് ഹ്യുണ്ടായി വെന്യു. ഈ മാസം ഈ എസ്‌യുവി വാങ്ങുന്നവര്‍ക്ക് 85,000 രൂപ വരെയാണ് ലാഭിക്കാനാകുക. ഇതിന് 7.94 ലക്ഷം രൂപ മുതല്‍ 13.62 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. ഏഴ് ട്രിം ലെവലുകളിലും മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലും ഈ വാഹനം ലഭ്യമാണ്.
വെന്യുവിലെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 82 bhp പവറും 114 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തെ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 118 bhp പവറും 172 Nm ടോര്‍ക്കും നല്‍കുന്നു. 1.2 ലിറ്റര്‍ വേരിയന്റില്‍ 5 സ്പീഡ് മാനുവലും ടര്‍ബോ എഞ്ചിനോടൊപ്പം 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സുമുണ്ട്.
113 bhp പവറും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ മാസം ഹ്യുണ്ടായി തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാകും. ഈ അവസരം ഉപയോഗിച്ച് ഇഷ്ടമുള്ള ഹ്യുണ്ടായി വാഹനം സ്വന്തമാക്കാന്‍ മാന്യ വായനക്കാര്‍ ശ്രമിക്കുക. ഇപ്പോള്‍ ഒരു ഹ്യുണ്ടായി വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ പരിചയക്കാരെ ഇക്കാര്യം അറിയിക്കാന്‍ മറക്കല്ലേ.


Click it and Unblock the Notifications








