ടോപ് വേരിയന്റിലെ ഫീച്ചറുകള്‍ കുറഞ്ഞ വിലയില്‍! 27Km മൈലേജുള്ള എസ്‌യുവിയില്‍ വന്ന മാറ്റം അറിഞ്ഞോ...
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന മൈക്രോ എസ്‌യുവിയാണ് എക്‌സ്റ്റര്‍. 2023 ജൂലൈ പത്തിന് പുറത്തിറങ്ങിയ ഈ കാര്‍ വെറും 13 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരുന്നു. ക്രെറ്റ, വെന്യു എന്നീ മോഡലുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന ഹ്യുണ്ടായിയുടെ എസ്‌യുവിയാണ് എക്‌സ്റ്റര്‍. ടാറ്റ പഞ്ച് എന്ന ജനപ്രിയ മോഡലുമായി നേരിട്ട് ഏറ്റുമുട്ടുന്നതിനാല്‍ തന്നെ എക്‌സ്റ്റിനെ വിപണിയില്‍ പ്രസക്തമാക്കി നിലനിര്‍ത്താനായി ഹ്യുണ്ടായി ഇടക്ക് എക്‌സ്റ്ററിന്റെ വേരിയന്റ് ലൈനപ്പ് അപ്‌ഡേറ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ മൈക്രോ എസ്‌യുവിയിലേക്ക് രണ്ട് പുതിയ വേരിയന്റുകള്‍ ചേര്‍ത്തിരിക്കുകയാണ് കമ്പനി.
കൂടാതെ, എക്സ്റ്ററില്‍ ഇപ്പോള്‍ ISOFIX ചൈല്‍ഡ് സീറ്റ് ആങ്കര്‍ പോയിന്റുകള്‍ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡായി വരുമെന്നും ഹ്യുണ്ടായി പ്രഖ്യാപിച്ചു. S സ്മാര്‍ട്ട്, SX സ്മാര്‍ട്ട് എന്നിങ്ങനെയാണ് എക്‌സ്റ്ററില്‍ ചേര്‍ത്തിരിക്കുന്ന രണ്ട് പുതിയ വേരിയന്റുകളുടെ പേര്. പുതിയ വേരിയന്റുകള്‍ ഈ സബ് കോംപാക്റ്റ് എസ്യുവിയുടെ നിലവിലെ നിരയുടെ മധ്യത്തിലായാണ് സ്ഥാപിച്ചിരിക്കുന്നത്. രണ്ട് വേരിയന്റുകളും പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും ലഭ്യമാണ്.

ഉയര്‍ന്ന വേരിയന്റുകളില്‍ നിന്നുള്ള സവിശേഷതകള്‍ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ വാഗ്ദാനം ചെയ്യാന്‍ വേണ്ടിയാണ് കമ്പനി പുതിയ രണ്ട് വേരിയന്റുകള്‍ കൊണ്ടുവന്നിട്ടുള്ളത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാല്‍ എക്സ്റ്റര്‍ S സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ്, എല്‍ഇഡി ടെയില്‍ലാമ്പ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍ (ഡിആര്‍എല്‍), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), റിയര്‍ എസി വെന്റുകള്‍, കവറോടുകൂടിയ 15 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.
മറുവശത്ത്, എക്സ്റ്റര്‍ SX സ്മാര്‍ട്ടില്‍ പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് ഉള്ള ഒരു സ്മാര്‍ട്ട് കീ, ഇലക്ട്രിക് സണ്‍റൂഫ്, ഷാര്‍ക്ക്ഫിന്‍ ആന്റിന, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, കവറോടുകൂടിയ 15 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ എന്നിവ ലഭിക്കുന്നു. സേഫ്റ്റി ഫീച്ചറുകളിലേക്ക് വന്നാല്‍ ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ കൂടാതെ എക്‌സ്റ്ററിന്റെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നു.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, റിയര്‍ ക്യാമറ എന്നിവയുള്ള നവീകരിച്ച 9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം 14,999 രൂപയ്ക്ക് ആക്‌സസറിയായി ലഭ്യമാണ്. ഇതിന് 3 വര്‍ഷത്തെ വാറണ്ടിയും ഉണ്ട്. എക്സ്റ്ററിന്റെ വലിപ്പം നോക്കിയാല്‍ ഇതിന് 3,815 മില്ലീമീറ്റര്‍ നീളവും 1,710 മില്ലീമീറ്റര്‍ വീതിയും 1,631 മില്ലീമീറ്റര്‍ ഉയരവും 2,450 മില്ലീമീറ്റര്‍ വീല്‍ബേസും 185 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമാണുള്ളത്. 391 ലിറ്ററാണ് പെട്രോള്‍ വേരിയന്റുകളുടെ ബൂട്ട്‌സ്‌പേസ്.
ഓറയിലും ഗ്രാന്‍ഡ് i10 നിയോസിലും കണ്ടുപരിചിതമായ അതേ 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിന് പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളാണ് എസ്‌യുവിക്കുള്ളത്. പെട്രോള്‍ മോഡില്‍ കപ്പ സീരീസ് എഞ്ചിന്‍ 81.8 bhp പവറും 113.8 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ സിഎന്‍ജിയിലേക്ക് മാറുമ്പോള്‍ പവര്‍ ഔട്ട്പുട്ട് 67.7 bhp, 95.2 Nm എന്നിങ്ങനെയായി മാറുന്നുണ്ട്.

എക്സ്റ്റര്‍ പെട്രോള്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളോടെയാണ് വരുന്നത്. അതേസമയം സിഎന്‍ജി പതിപ്പ് മാനുവല്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. മൈക്രോ എസ്‌യുവിയുടെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് 19.4 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ വാഹനത്തിന്റെ എഎംടി പതിപ്പുകള്‍ ലിറ്ററിന് 19.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. കൂടുതല്‍ മൈലേജ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കിലോഗ്രാമിന് 27.1 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുന്ന എക്സ്റ്ററിന്റെ സിഎന്‍ജി മോഡലുകള്‍ വാങ്ങാവുന്നതാണ്.
എക്സ്റ്റര്‍ S സ്മാര്‍ട്ട് പെട്രോള്‍ മാനുവല്‍ വേരിയന്റിനെര്‍ വില 7.68 ലക്ഷം മുതല്‍ ആരംഭിക്കുന്നു. എഎംടി വേരിയന്റിന്റെ വില 8.39 ലക്ഷം രൂപയാണ്. സിഎന്‍ജി വേരിയന്റിന്റെ വില 8.62 ലക്ഷം രൂപയായും നിശ്ചയിച്ചിരിക്കുന്നു. എക്സ്റ്റര്‍ SX സ്മാര്‍ട്ടിന്റെ മാനുവല്‍ വേരിയന്റിന്റെ വില 8.16 ലക്ഷം മുതല്‍ വില ആരംഭിക്കുന്നു. എഎംടി വേരിയന്റിന് 8.83 ലക്ഷം രൂപയാണ് വില. സിഎന്‍ജി വേരിയന്റിന് 9.18 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
ഹ്യുണ്ടായിയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ കഴിഞ്ഞ മാസം കമ്പനി 60,774 യൂണിറ്റ് വില്‍പ്പന നേടി. ഇതില്‍ 44374 യൂണിറ്റ് ആഭ്യന്തര വിപണിയില്‍ വിറ്റപ്പോള്‍ 16,400 യൂണിറ്റ് കയറ്റുമതി ചെയ്തു. ആഭ്യന്തര വില്‍പ്പനയില്‍ മഹീന്ദ്ര (52,330 യൂണിറ്റ്), ടാറ്റ മോട്ടോര്‍സ് (45,199 യൂണിറ്റ്) എന്നീ ബ്രാന്‍ഡുകള്‍ക്ക് പിന്നിലായിപ്പോയ ഹ്യുണ്ടായി ടോപ് 3-യില്‍ നിന്ന് പുറത്തായി. പോയ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ഹ്യുണ്ടായി ക്രെറ്റയായിരുന്നു.
അതേസമയം ട്യൂസോണ്‍, അയോണിക് 5 ഇവി പോലുള്ള ബ്രാന്‍ഡിന്റെ പ്രീമിയം ഓഫറുകള്‍ കാര്യമായ വില്‍പ്പന കൊണ്ടുവരുന്നില്ല. കാലത്തിന് അനുസരിച്ചുള്ള ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിന് പകരം ഹ്യുണ്ടായി നിലവിലെ മോഡലുകളില്‍ വരുത്തുന്ന അപ്ഡേറ്റുകള്‍ കാര്യമായി ഏശുന്നില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ക്രെറ്റ ഫെയസ്സ്ലിഫ്റ്റ് മാത്രമാണ് ഇതിന് അപവാദം. 2025 ഏപ്രിലില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി ഹ്യുണ്ടായി ക്രെറ്റ.

കഴിഞ്ഞ മാസം ക്രെറ്റ 17,016 യൂണിറ്റ് വില്‍പ്പന കൈവരിച്ചു, 2024 ഏപ്രിലിനെ അപേക്ഷിച്ച് 10.2 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ എസ്യുവിയും ക്രെറ്റയാണ്. ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ മിഡ്സൈസ് എസ്‌യുവിക്ക് 69,914 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.
2025 ഏപ്രിലില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വിറ്റം മൊത്തം കാറുകളില്‍ 70.9 ശതമാനം എസ്‌യുവികളായിരുന്നു. ക്രെറ്റ ഇലക്ട്രിക്കിന്റെ വരവാണ് മാരുതി കാറുകളെ മറികടന്ന് ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ ആയി മാറാന്‍ ക്രെറ്റയെ സഹായിച്ചത്. നിലവില്‍ ആഭ്യന്തര വിപണിയില്‍ 11.11 ലക്ഷം രൂപ മുതല്‍ 20.50 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ എക്സ്ഷോറൂം വില പോകുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ക്രെറ്റ ഇലക്ട്രിക്കിന്റെ ലോഞ്ച്. 17.99 ലക്ഷം രൂപ ആമുഖ വിലയിലായിരുന്നു ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങിയത്. 42 kWh, 51 kWh ബാറ്ററി പായ്ക്കുകളുമായി വരുന്ന ഇലക്ട്രിക് എസ്‌യുവി ഫുള്‍ ചാര്‍ജില്‍ 390 കിലോമീറ്റര്‍ മുതല്‍ 473 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇതേ ഡിമാന്‍ഡ് തുടരുകയാണെങ്കില്‍ തുടര്‍ന്നുള്ള മാസങ്ങളിലും ക്രെറ്റ ഇന്ത്യയില്‍ സെയില്‍സ് ചാര്‍ട്ടുകള്‍ ഭരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








