27KM മൈലേജുള്ള ഹ്യുണ്ടായി കാർ കുറഞ്ഞ വിലക്ക് വിറ്റിട്ടും കച്ചോടം ഇടിഞ്ഞു! ജിഎസ്‌ടി കട്ടും ഓഫറുകളും ഏറ്റില്ലേ?
2025 സെപ്റ്റംബര്‍ 22-ന് ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നതിന് ശേഷം വെറും 3.50 ലക്ഷം രൂപ മുടക്കിയാല്‍ ഇന്ത്യയില്‍ ഒരു പുത്തന്‍ കാര്‍ വാങ്ങാമെന്ന സ്ഥിതിയായി. എന്നാല്‍ ഇതിലേക്ക് കുറച്ച് കൂടി പണം മുടക്കാന്‍ സാധിക്കുന്നവര്‍ക്ക് ഒരു ഹാച്ച്ബാക്കിന്റെ വിലയില്‍ ഫീച്ചര്‍ സമ്പന്നമായ സ്റ്റൈലന്‍ കോംപാക്ട് എസ്‌യുവികള്‍ വാങ്ങാനാകും. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കുറഞ്ഞ എസ്‌യുവികളില്‍ ഒന്നാണ് ഹ്യുണ്ടായി എക്സ്റ്റര്‍. ജിഎസ്ടി ഇളവുകളുടെ ആനുകൂല്യങ്ങള്‍ എക്സ്റ്ററിനും ലഭിച്ചിരുന്നു. ഉത്സവ സീസണും ജിഎസ്ടി കട്ടും എക്സ്റ്ററിന്റെ വില്‍പ്പനയെ എങ്ങിനെ ബാധിച്ചുവെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
2025 ഒക്ടോബര്‍ മാസത്തിലെ ഹ്യുണ്ടായി എക്സ്റ്റര്‍ മൈക്രോ എസ്‌യുവിയുടെ വില്‍പ്പന കണക്കുകള്‍ ഗാഡിവാഡി പുറത്തുവിട്ടിട്ടുണ്ട്. ഈ സെയില്‍സ് റിപ്പോര്‍ട്ട് പ്രകാരം 2025 ഒക്ടോബറില്‍ ഹ്യുണ്ടായി എക്സ്റ്ററിന് 6,294 പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം എക്സ്റ്ററിന്റെ വില്‍പ്പന 7,127 യൂണിറ്റായിരുന്നു. അതായത്, 2024 ഒക്ടോബറിനെ അപേക്ഷിച്ച് 2025 ഒക്ടോബറില്‍ 833 യൂണിറ്റുകളുടെ കുറവ് രേഖപ്പെടുത്തി.

വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന 12 ശതമാനമാണ് ഇടിഞ്ഞത്. ജിഎസ്ടി നിരക്ക് ഇളവുകളും ദീപാവലി ആഘോഷങ്ങളും കാരണം മറ്റ് വാഹനങ്ങള്‍ വില്‍പ്പനയില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയ സമയത്താണ് ഹ്യുണ്ടായി എക്സ്റ്റര്‍ ഇടിവ് നേരിട്ടത്. അതില്‍ തന്നെ എക്സ്റ്ററിന്റെ നേരിട്ടുള്ള എതിരാളിയായ ടാറ്റ പഞ്ചിന്റെ പ്രകടനം എടുത്തു പറയണം. കഴിഞ്ഞ മാസം 7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 16810 പഞ്ചുകളാണ് ടാറ്റ വിറ്റഴിച്ചത്. 2024 ഒക്ടോബറില്‍ ഇത് 15740 യൂണിറ്റ് മാത്രമായിരുന്നു.
പഞ്ചിന്റെ ഐസിഇ, ഇലക്ട്രിക് പതിപ്പുകള്‍ ചേര്‍ത്തുള്ള വില്‍പ്പനയാണ് ഇത്. അതേസമയം പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ മാത്രമാണ് എക്സ്റ്റര്‍ വിപണിയില്‍ എത്തുന്നത്. മൊത്തം വില്‍പ്പനയുടെ കാര്യത്തില്‍ പഞ്ചിനേക്കാള്‍ ബഹുദൂരം പിന്നിലാണ് എക്സ്റ്റര്‍. മികച്ച മൈലേജും താങ്ങാനാവുന്ന വിലയുമുള്ള ഒരു കാറായതിനാല്‍ തന്നെ ഹ്യുണ്ടായി എക്സ്റ്റര്‍ ഉടന്‍ തന്നെ ഈ താല്‍ക്കാലിക തിരിച്ചടിയില്‍ നിന്ന് അതിവേഗം കരകയറി വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

ചെറു കാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചതോടെ എക്സ്റ്ററിന്റെ പ്രാരംഭ വില 6 ലക്ഷത്തില്‍ താഴെ എത്തിയിരുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ എക്സ്റ്ററിന്റെ ബേസ് വേരിയന്റിന്റെ വില 5.68 ലക്ഷം രൂപയാണ്. അതേസമയം, ഇതിന്റെ ടോപ്പ് വേരിയന്റിന് 9.61 ലക്ഷം രൂപയാണ് വില. ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള കൊച്ചിയിലെ എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഓറയിലും ഗ്രാന്‍ഡ് i10 നിയോസിലും കണ്ടുപരിചിതമായ അതേ 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് എക്‌സ്റ്ററിനും തുടിപ്പേകുന്നത്. പെട്രോള്‍ മോഡില്‍ കപ്പ സീരീസ് എഞ്ചിന്‍ 81.8 bhp പവറും 113.8 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി മോഡില്‍ പവര്‍ ഔട്ട്പുട്ട് 67.7 bhp, 95.2 Nm എന്നിങ്ങനെയായി മാറുന്നുണ്ട്. എക്സ്റ്റര്‍ പെട്രോള്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടെയാണ് വരുന്നത്.

അതേസമയം സിഎന്‍ജി പതിപ്പ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. എക്‌സ്റ്ററിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ എഎംടി പതിപ്പുകള്‍ ലിറ്ററിന് 19.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. കിലോഗ്രാമിന് 27.1 കിലോമീറ്ററാണ് എക്സ്റ്റര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്.
സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ്, ഡ്യുവല്‍ ക്യാമറ ഡാഷ്‌ക്യാം, 20.32 സെന്റീമീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നീ ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് എക്‌സ്റ്റര്‍ വരുന്നത്.
എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന എക്സ്റ്റര്‍ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്ന് കൂടിയാണ്. വില, മൈലേജ്, സേഫ്റ്റി എന്നീ വിഭാഗങ്ങളിലെല്ലാം മികവ് പുലര്‍ത്തുന്ന എക്സ്റ്റര്‍ ടാറ്റ പഞ്ചിന് മികച്ചൊരു ബദലായി കണക്കാക്കപ്പെടുന്നു. ടാറ്റ പഞ്ച് അല്ലാതെ ഒരു മൈക്രോ എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹ്യുണ്ടായി എക്സ്റ്റര്‍ ധൈര്യമായി പരിഗണിക്കാം.


Click it and Unblock the Notifications








