ബബിള്‍ ഗം പോലെ അധികം വില കൂടാത്ത കാര്‍! 6 എയര്‍ബാഗും 27KM വരെ മൈലേജുമുണ്ടായിട്ടും കച്ചോടം അത്ര പോര
മാരുതി സുസുക്കി സ്വിഫ്റ്റ്, ടാറ്റ ടിയാഗോ തുടങ്ങിയ കോംപാക്റ്റ് കാറുകളുമായി മത്സരിക്കുന്ന ഹ്യുണ്ടായിയുടെ ഹാച്ച്ബാക്കാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്. മോഡേണ്‍ ഫീച്ചറുകള്‍, സുഖപ്രദമായ ഇന്റീരിയറുകള്‍, കാര്യക്ഷമമായ എഞ്ചിനുകള്‍, സ്‌റ്റൈലിഷ് ലുക്ക് എന്നിവ സമന്വയിപ്പിച്ചെത്തുന്ന ഗ്രാന്‍ഡ് i10 നിയോസ് സിറ്റി ഡ്രൈവിംഗിനും ദൈനംദിന ഉപയോഗത്തിനും പറ്റിയ മികച്ച കാറാണ്. കാറിന്റെ മൂന്നാം തലമുറ മോഡലാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 2019-ല്‍ പുറത്തിറങ്ങിയതിന് ശേഷം ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് (Hyundai Grand i10 NIOS) സ്ഥിരമായി മികച്ച വില്‍പ്പനയാണ് നേടിക്കൊണ്ടിരുന്നത്.
മാരുതിയുടെ ശക്തരായ എതിരാളികളില്‍ നിന്നുള്ള വെല്ലുവിളിയും പൊതുവേ കുഞ്ഞന്‍ കാറുകളുടെ വില്‍പ്പനയില്‍ നേരിടുന്ന മന്ദഗതിയും ഈ കാറിനെയും ബാധിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ ജിഎസ്ടി ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ഗ്രാന്‍ഡ് i10 നിയോസിന്റെ വിലയും കുറഞ്ഞിരുന്നു. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ കാറിന്റെ വില്‍പ്പനയെ സ്വാധീനിച്ചോ എന്നറിയാന്‍ 2025 നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ നമുക്ക് അവലോകനം ചെയ്യാം.

ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ കാറിന്റെ വില്‍പ്പന കണക്കുകള്‍ ഗാഡിവാഡി വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പ്രകാരം 2025 നവംബറില്‍ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിനെ സംബന്ധിച്ച് അത്ര ശുഭകരമായിരുന്നില്ല. ജിഎസ്ടി കട്ട് അടക്കമുണ്ടായിട്ടും ഹാച്ച്ബാക്കിന്റെ വില്‍പ്പനയില്‍ ഗണ്യമായ ഇടിവ് സംഭവിച്ചു. 2025 നവംബറില്‍ ഹ്യുണ്ടായിക്ക് 4,559 ഗ്രാന്‍ഡ് ഐ10 നിയോസ് കാറുകള്‍ മാത്രമാണ് വില്‍ക്കാന്‍ സാധിച്ചത്.
അതേസമയം, 2024 നവംബറില്‍ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന്റെ വില്‍പ്പന 5667 യൂണിറ്റായിരുന്നു. 2024 നവംബറിനെ അപേക്ഷിച്ച് 2025 നവംബറില്‍ വില്‍പ്പനയില്‍ 1,108 യൂണിറ്റുകളുടെ കുറവാണ് അനുഭവപ്പെട്ടത്. തല്‍ഫലമായി, ഹ്യുണ്ടായ് ഗ്രാന്‍ഡ് i10 നിയോസിന് 20 ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തി.
നവംബറിന് തൊട്ടുമുമ്പുള്ള മാസമായ 2025 ഒക്‌ടോബറിലെ വില്‍പ്പനയുമായി തട്ടിച്ച് നോക്കുമ്പോഴും ഇടിവാണ് കാണാനാകുക. 2025 ഒക്‌ടോബറില്‍ നേടിയ 5426 യൂണിറ്റിനേക്കാള്‍ 867 യൂണിറ്റ് കുറവാണ് നവംബര്‍ വില്‍പ്പന.
ഇടിവ് 15.98 ശതമാനം. കൂടാതെ, 2025 നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 ഹാച്ച്ബാക്ക് കാറുകളുടെ പട്ടികയില്‍ ഗ്രാന്‍ഡ് i10 നിയോസിന് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മാരുതി സുസുക്കി സ്വിഫ്റ്റ്, വാഗണ്‍ ആര്‍, ബലേനോ, ആള്‍ട്ടോ K10, ടാറ്റ ടിയാഗോ, ടൊയോട്ട ഗ്ലാന്‍സ എന്നിവയാണ് യഥാക്രമം ഒന്ന് മുതല്‍ ആറ് വരെ സ്ഥാനങ്ങളില്‍
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന്റെ വില 5.47 ലക്ഷം മുതല്‍ 7.92 ലക്ഷം രൂപ വരെ പോകുന്നു. ഹ്യുണ്ടായി വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്സ്ഷോറൂം വിലകളാണിത്. ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കിയതോടെ കൊറിയന്‍ ഹാച്ചിന് 51000 രൂപ മുതല്‍ 73000 രൂപ വരെ കുറഞ്ഞിരുന്നു.

2019-ല്‍ 4.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുറത്തിറങ്ങിയ ഈ കാറിന്റെ ബേസ് വേരിയന്റിന്റെ വില 6 വര്‍ഷം കൊണ്ട് വെറും 48,000 രൂപ മാത്രമാണ് വര്‍ധിച്ചത്. അതായത് ച്യൂയിംഗ് ഗമ്മിനെ പോലെ ഈ കാറിനും കാര്യമായി വില കൂടിയില്ലെന്ന് സാരം.
കാറിലെ 83 bhp പവറും 113.8Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമായ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിക്കുന്നു. സിഎന്‍ജി ഓപ്ഷനിലും ഈ കാര്‍ വാങ്ങാനാകും. സിഎന്‍ജി പതിപ്പ് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് വാങ്ങാനാകുക. പവര്‍ഔട്ട്പുട്ട് കുറയുമെങ്കിലും സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 27 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു.

ഗ്രാന്‍ഡ് i10 നിയോസില്‍ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, യുഎസ്ബി ടൈപ്പ്-സി ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിംഗ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, സ്റ്റിയറിംഗ് മൗണ്ടഡ്, ഓഡിയോ കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാണ്.
ബജറ്റ് കാര്‍ ആണെങ്കില്‍ പോലും ഗ്രാന്‍ഡ് i10 നിയോസിന്റെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ സജ്ജീകരിച്ചിരിക്കുന്നു. റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഇതില്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നു. കുറഞ്ഞ വിലയില്‍ സ്‌റ്റൈലിഷും ഫീച്ചര്‍ റിച്ചും ഇന്ധനക്ഷമതയുള്ളതുമായ ഒരു കാര്‍ തേടുന്നവര്‍ക്ക് ഗ്രാന്‍ഡ് i10 നിയോസ് മികച്ച ഓപ്ഷനാണ്.


Click it and Unblock the Notifications








