ആള്‍ട്രോസ് വന്നോട്ടെ, i20 ഇവിടെയൊക്കെ തന്നെ കാണും! കുറഞ്ഞ പൈസക്ക് കൂടുതല്‍ നല്‍കുന്ന വേരിയന്റ് വിപണിയില്‍
ഇന്ത്യയില ഏറ്റവും ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ഹ്യുണ്ടായി i20 (Hyundai i20). വര്‍ഷങ്ങളായി ഈ കാര്‍ വിപണിയിലുണ്ട്. മാരുതി സുസുക്കി ബലേനോ, ടാറ്റ ആള്‍ട്രോസ് എന്നീ മോഡലുകളുമായാണ് i20 ഏറ്റുമുട്ടുന്നത്. ഇതില്‍ ആള്‍ട്രോസ് മുഖംമിനുക്കി ഈ മാസം വിപണിയില്‍ എത്താന്‍ പോകുകയാണ്. അതിന് മുന്നോടിയായി പുതിയ എക്സിക്യൂട്ടീവ് മാഗ്ന വേരിയന്റ് ചേര്‍ത്ത് 2025 i20 ലൈനപ്പ് അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് ഹ്യുണ്ടായി. ഹ്യുണ്ടായി i20 മാഗ്ന എക്സിക്യൂട്ടീവിന്റെ സവിശേഷതകള്‍, പവര്‍ട്രെയിന്‍, വില എന്നിവയെക്കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.
മത്സരാധിഷ്ഠിത വിലയില്‍ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ പണത്തിനൊത്ത മൂല്യം നല്‍കുന്ന അധിക സവിശേഷതകള്‍ കൊണ്ടുവരാനാണ് പുത്തന്‍ വേരിയന്റ് കൊണ്ടുവരുന്നതിലൂടെ ഹ്യുണ്ടായി ശ്രദ്ധ പതിപ്പിച്ചത്. പുതിയ വേരിയന്റ് ഏറയ്ക്കും മാഗ്നയ്ക്കും ഇടയിലാണ്. ഇതിനുപുറമെ മാഗ്ന മുതല്‍ മിഡ്-ലെവല്‍ വേരിയന്റുകളിലെ സൗകര്യങ്ങളുടെ നിലവാരവും ഹ്യുണ്ടായി മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഹ്യുണ്ടായി i20 മാഗ്ന എക്സിക്യൂട്ടീവ് വേരിയന്റില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സവിശേഷതകളും മികച്ച സുരക്ഷയും ലഭിക്കും. ഹ്യുണ്ടായി i20 മാഗ്ന എക്സിക്യൂട്ടീവില്‍, ഉപഭോക്താക്കള്‍ക്ക് 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ ലഭിക്കുന്നു.
ഇതിനുപുറമെ, കവറുകള്‍ ഉള്ള 15 ഇഞ്ച് വീലുകള്‍, ടിഎഫ്ടി മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടയര്‍പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) എന്നിവയും ഇതിന് ലഭിക്കുന്നു. ഇതിന്റെ കൂടെ ഹ്യുണ്ടായി I20 മാഗ്ന, സ്പോര്‍ട്സ് ട്രിമ്മുകള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഹ്യുണ്ടായി ഇപ്പോള്‍ മാഗ്ന വേരിയന്റില്‍ ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷനും ( iVT) ഇലക്ട്രിക് സണ്‍റൂഫും വാഗ്ദാനം ചെയ്യുന്നു.
കൂടാതെ, സ്‌പോര്‍ട്‌സ് (O) വേരിയന്റില്‍ ഇപ്പോള്‍ പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് ഉള്ള സ്മാര്‍ട്ട് കീ, ഇലക്ട്രിക് സണ്‍റൂഫ്, ബോസ് 7-സ്പീക്കര്‍ സിസ്റ്റം തുടങ്ങിയ നിരവധി പുതിയ സവിശേഷതകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഒരു ആക്‌സസറി പാക്കേജായി, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ ക്യാമറ എന്നിവ 14,999 രൂപയ്ക്ക് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു. ഇതിന് 3 വര്‍ഷത്തെ വാറണ്ടിയും ലഭിക്കും.
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ പ്രീമിയം ഹാച്ചിന് 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് പരമാവധി 83 bhp പവറും 114.7 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. കാറിന്റെ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ iVT ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇണചേരുന്നു.
മാഗ്ന എംടി വേരിയന്റിന് 7.78 ലക്ഷം രൂപയും മാഗ്ന iVT ക്ക് 8.88 ലക്ഷം രൂപയുമാണ് വില. മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്‌പോര്‍ട്‌സ് (O) വേരിയന്റിന് 9.05 ലക്ഷം രൂപയും സ്‌പോര്‍ട് (O) ഡ്യുവല്‍-ടോണ്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിന് 9.20 ലക്ഷം രൂപയും സ്‌പോര്‍ട്‌സ് (O) iVT വേരിയന്റിന് 9.99 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഹ്യുണ്ടായി i20 ഇന്ത്യന്‍ വിപണിയില്‍ 14,00,000 i20 വിറ്റിട്ടുണ്ട്. വിപുലമായ ശ്രേണിയില്‍ വേരിയന്റുകളില്‍ മെച്ചപ്പെട്ട സുരക്ഷയും ഫീച്ചറുകളും വാഗ്ദാനം ചെയ്ത് കൊണ്ട് i20 പ്രീമിയം ഹാച്ചിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കാനാണ് കൊറിയന്‍ കമ്പനി ലക്ഷ്യമിടുന്നത്. പൈസ വസൂലാകുന്ന രീതിലുള്ള പുത്തന്‍ വേരിയന്റുകളുടെ വരവ് കാറിന്റെ വില്‍പ്പന ഉയര്‍ത്താനും പുതിയ ആള്‍ട്രോസിനോടും ബലേനോയുടും കട്ടക്ക് നില്‍ക്കാനും സഹായിക്കും.

ഇക്കഴിഞ്ഞ ദിവസം ഹ്യുണ്ടായി തങ്ങളുടെ 2030 വരെയുള്ള പ്ലാനുകള്‍ പുറത്ത് വിട്ടിരുന്നു. ഇന്‍വസ്റ്റേഴ്സ് മീറ്റിങ്ങില്‍ 2030 വരെയുള്ള കാര്യങ്ങളില്‍ വ്യക്തമായ ധാരണയാണ് കമ്പനി നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനുളളില്‍ 26 മോഡലുകള്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. 20 ഐസി എഞ്ചിന്‍ വാഹനങ്ങളും ആറ് ഇലക്ട്രിക് മോഡലുകളുമാണ് ഹ്യുണ്ടായി അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതുവരെ ഹ്യുണ്ടായി അധികം ഫോക്കസ് കൊടുക്കാത്ത ഹൈബ്രിഡ് പവര്‍ട്രെയിനിലുള്ള മോഡലുകളും ഇതില്‍ ഉള്‍പ്പെടും.
ഹ്യുണ്ടായിയുടെ ആദ്യ ഹൈബ്രിഡ് മോഡല്‍ ഈ വര്‍ഷം തന്നെയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.പൂനെയ്ക്ക് സമീപമുള്ള തലേഗാവ് എന്ന സ്ഥലത്ത് നിര്‍മിക്കുന്ന വാഹന നിര്‍മാണശാല 2026 പകുതിയോടെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള വാഹനം ഉള്‍പ്പെടെയുള്ള പുതിയ മോഡലുകള്‍ വികസിപ്പിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ 14 കാറുകളാണ് ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. ഇതില്‍ ഒമ്പത് എസ്‌യുവികളും മൂന്ന് ഹാച്ച്ബാക്കുകളും രണ്ട് സെഡാന്‍ മോഡലുകളും ഉള്‍പ്പെടുന്നു.
വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ മാരുതിക്ക് പിന്നില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന ഹ്യുണ്ടായിക്ക് അടുത്തിടെ അടിതെറ്റിയിരുന്നു. 2025 ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോള്‍ മഹീന്ദ്രക്കും ടാറ്റ പിന്നില്‍ നാലാം സ്ഥാനത്തായിരുന്നു ഹ്യുണ്ടായി. 2025 ഏപ്രിലില്‍ മഹീന്ദ്ര 52,330 യൂണിറ്റ് വിറ്റഴിച്ച് രണ്ടാമന്‍മാരായപ്പോള്‍ ടാറ്റ മോട്ടോര്‍സ് 45,199 കാറുകള്‍ വിറ്റ് മൂന്നാമതെത്തി.
കഴിഞ്ഞ മാസം കൊറിയന്‍ കമ്പനിക്ക് 44,374 പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. ടാറ്റയും ഹ്യുണ്ടായിയും തമ്മില്‍ വലിയ വ്യത്യാസമില്ലായിരുന്നുവെങ്കിലും വമ്പന്‍ ലീഡിലാണ് മഹീന്ദ്ര രണ്ടാം സ്ഥാനത്തിരിക്കുന്നത്. ടാറ്റ, ഹ്യുണ്ടായി എന്നീ കമ്പനികളേക്കാള്‍ 8,000 യൂണിറ്റിലധികം വില്‍പ്പനയാണ് കമ്പനി വാരിയത്. ഈ നിരാശക്കിടെ ഹ്യുണ്ടായി ക്രെറ്റ 2025 ഏപ്രിലില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി മാറിയതായിരുന്നു ആശ്വാസം.

ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ ക്രെറ്റ കഴിഞ്ഞ മാസം 17,016 യൂണിറ്റ് വില്‍പ്പന കൈവരിച്ചു, 2024 ഏപ്രിലിനെ അപേക്ഷിച്ച് 10.2 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ എസ്‌യുവിയും ക്രെറ്റയാണ്. ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ മിഡ്‌സൈസ് എസ്‌യുവിക്ക് 69,914 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.
ക്രെറ്റയുടെ വില്‍പ്പനക്കരുത്തില്‍ ആഭ്യന്തര വില്‍പ്പനയില്‍ എക്കാലത്തെയും ഉയര്‍ന്ന എസ്‌യുവി വിഹിതം കൈവരിക്കാനും ഹ്യുണ്ടായിക്ക് സാധിച്ചു. 2025 ഏപ്രിലില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വിറ്റം മൊത്തം കാറുകളില്‍ 70.9 ശതമാനം എസ്‌യുവികള്‍ ആയിരുന്നു. ക്രെറ്റ ഇലക്ട്രിക്കിന്റെ വരവാണ് മാരുതി കാറുകളെ മറികടന്ന് ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ ആയി മാറാന്‍ ക്രെറ്റയെ സഹായിച്ചത്. ഈ വര്‍ഷം നടന്ന 2025 ഓട്ടോ എക്‌സ്‌പോയിലായിരുന്നു ക്രെറ്റ ഇലക്ട്രിക്കിന്റെ വില പ്രഖ്യാപനം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








