ഡിസ്‌കൗണ്ട് കൊണ്ട് പുതിയ സ്വിഫ്റ്റ് വാങ്ങാം! യാര്‍ഡ് കാലിയാക്കാന്‍ ഇവിക്ക് ബ്രഹ്‌മാണ്ഡ ഓഫറുമായി ഹ്യുണ്ടായി
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലുണ്ട്. കോന ഇലക്ട്രിക്കുമായാണ് രംഗപ്രവേശനം ചെയ്തതെങ്കിലും ആ മോഡല്‍ ഇപ്പോള്‍ വില്‍പ്പനക്കില്ല. നിലവില്‍ ഹ്യുണ്ടായി ഇന്ത്യയില്‍ രണ്ട് ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്നു. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, അയോണിക് 5 എന്നിവയാണവ. ഇതില്‍ ക്രെറ്റ ഇലക്ട്രിക് മാസ്മാര്‍ക്കറ്റ് ഇലക്ട്രിക് എസ്‌യുവിയാണെങ്കില്‍ അയോണിക് 5 ഉയര്‍ന്ന നിലവാരമുള്ള സുഖസൗകര്യങ്ങളും ഫ്യൂചറിസ്റ്റിക് ടെക്‌നോളജിയും അള്‍ട്രാ-ഫാസ്റ്റ് ചാര്‍ജിംഗ് കഴിവുകളും ഉള്‍ക്കൊള്ളുന്ന പ്രീമിയം ഇലക്ട്രിക് എസ്‌യുവിയാണ്. നവംബറില്‍ ഹ്യുണ്ടായി അയോണിക് 5 വാങ്ങുന്നവര്‍ക്ക് വമ്പന്‍ കിഴിവുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അത് വിശദമായി നോക്കാം.
ഓട്ടോ പണ്ഡിറ്റ്‌സ് പങ്കുവെച്ച റിപ്പോര്‍ട്ട് പ്രകാരം ഈ മാസം അയോണിക് 5 ഇലക്ട്രിക് എസ്യുവിക്ക് കമ്പനി 7.05 ലക്ഷം രൂപ വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ 7 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപയുടെ സ്‌ക്രാപ്പേജ് ബോണസും ഉള്‍പ്പെടുന്നു. 2024 മോഡല്‍ ഇയറിലുള്ള അയോണിക് 5 ഇവിയുടെ എല്ലാ ട്രിമ്മുകളിലും ഈ കിഴിവ് ലഭ്യമാണ്.

അതേസമയം 2025 മോഡല്‍ കാറില്‍ 2 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപയുടെ സ്‌ക്രാപ്പേജ് ബോണസുമാണ് വാഗ്ദാനം ചെയ്യുന്നത്. 2025 മോഡല്‍ വാങ്ങുന്നവര്‍ക്ക് ഇതോടെ മൊത്തം 2.05 ലക്ഷം രൂപ ലാഭിക്കാം. ഈ മാസത്തെ മൊത്തത്തില്‍ ഹ്യുണ്ടയിയുടെ ഏറ്റവും മികച്ച ഡീല്‍ ആണിത്. MY24 സ്റ്റോക്കിലെ ഈ റെക്കോര്‍ഡ് കിഴിവുകള്‍ പുതിയ ബാച്ചുകളിലേക്കുള്ള ഹ്യുണ്ടായിയുടെ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം ഇവി ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നു.
ഈ മാസം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ഓഫറുള്ള ഇവി ഇതാണ്. കമ്പനിയുടെ ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള കാര്‍ ആയതിനാല്‍ കൂടിയാണ് അയോണിക് 5-ന് ബമ്പര്‍ ഓഫറിട്ടത്. കഴിഞ്ഞ മാസം വെറും 6 യൂണിറ്റ് മാത്രമായിരുന്നു ഇതിന്റെ വില്‍പ്പന. ഈ ഓഫറുകള്‍ നിബന്ധനകള്‍ക്ക് വിധേയമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 2025 നവംബര്‍ 1 മുതല്‍ 30 വരെ അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്നത് വരെ ഹ്യുണ്ടായിയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഓഫറിന് സാധുതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രാദേശിക ഇന്‍വെന്ററി, ഡീലര്‍ പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കി സ്‌കീമുകള്‍ വ്യത്യാസപ്പെട്ടേക്കാം. മുന്‍കൂര്‍ അറിയിപ്പ് കൂടാതെ ഓഫറുകള്‍ പരിഷ്‌കരിക്കാനോ പിന്‍വലിക്കാനോ ഉള്ള അവകാശം ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യക്കുണ്ടെന്ന കാര്യം ഓര്‍മ വേണം. അയോണിക് 5 ഇവിയെ കുറിച്ച് പറയുമ്പോള്‍ ഹ്യുണ്ടായിയുടെ സെന്‍സസ് സ്പോര്‍ട്ടിനസ് ഡിസൈന്‍ ഫിലോസഫിയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി കാഴ്ച്ചയില്‍ അതിമനോഹരമാണ്. E-GMP സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിള്ള ഇവിയുടെ അകത്തളം അതിവിശാലമാണ്.
യാത്രകള്‍ സുഖകരമാക്കുന്ന പ്രീമിയം സവിശേഷതകളും ഇതിലുണ്ട്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, നാവിഗേഷനുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേഷന്‍ ഹീറ്റര്‍ സൗകര്യമുള്ള സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, സേഫ്റ്റിക്കായി ADAS എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് ഇതിന്റെ ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡാഷ്ബോര്‍ഡിലും ഡോര്‍ ട്രിമ്മുകളിലും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകള്‍ നല്‍കിയിട്ടുണ്ട്. ആംറെസ്റ്റുകള്‍, സീറ്റ് അപ്‌ഹോള്‍സ്റ്ററി, സ്റ്റിയറിംഗ് വീല്‍ എന്നിവയില്‍ പിക്‌സല്‍ ഡിസൈന്‍ കാണപ്പെടുന്നു. കാറിന്റെ ക്രാഷ് പാഡ്, സ്വിച്ചുകള്‍, സ്റ്റിയറിംഗ് വീല്‍, ഡോര്‍ പാനലുകള്‍ എന്നിവ ബയോ-പെയിന്റ് ചെയ്തിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഇതിന്റെ HDPI 100% പപുനരുപയോഗിക്കാവുന്നതുമാണ്.
ഈ ഇലക്ട്രിക് കാറില്‍ 72.6 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. വാഹനം സിംഗിള്‍ ചാര്‍ജില്‍ 631 കി.മീ റേഞ്ച് വരെ നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 350 kW DC ചാര്‍ജര്‍ പിന്തുണയുള്ള ഇവിയുടെ ബാറ്ററി വെറും 18 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വെറും 7.6 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ അയോണിക് 5 ഇവിക്ക് സാധിക്കും.


Click it and Unblock the Notifications








