മൈലേജ് കൂടുതല്‍ കിട്ടുമെന്നായപ്പോള്‍ ലോകം മൊത്തം വാങ്ങിക്കൂട്ടി; 2 കമ്പനികളുടെ വില്‍പ്പന 10 ലക്ഷത്തിലേക്ക്
ആഗോള താപനത്തിന്റെ ഫലമായി ലോക രാജ്യങ്ങള്‍ ബദല്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. വൈദ്യുത വാഹനങ്ങള്‍ക്കാണ് പല രാഷ്ട്രങ്ങളും പ്രോത്സാഹനം നല്‍കുന്നത്. എന്നാല്‍ ഒന്നിലേറെ കാരണങ്ങള്‍ കൊണ്ട് ഐസി എഞ്ചിന്‍ വാഹനങ്ങളില്‍ നിന്ന് ധൃതിപ്പെട്ട് ഇവികളിലേക്ക് മാറാന്‍ വലിയൊരു വിഭാഗം ഒരുക്കമല്ല. അക്കൂട്ടര്‍ ഒരു ഇടത്താവളമായി കണ്ടിരിക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളാണ്. പല മാര്‍ക്കറ്റുകളിലും ഹൈബ്രിഡ് മോഡലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിന് അടിവരയിടുന്നു. ഇവികളിലേക്കുള്ള പരിവര്‍ത്തനം പതുക്കെയാകുകയും ഹൈബ്രിഡുകള്‍ക്ക് പ്രചാരം നേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പല വണ്ടിക്കമ്പനികളും തങ്ങളുടെ തന്ത്രങ്ങള്‍ മാറ്റി പയറ്റാന്‍ തുടങ്ങിയിട്ടുണ്ട്.
ഹൈബ്രിഡ് കാറുകളില്‍ കൂടി ശ്രദ്ധയൂന്നിയുള്ള സ്ട്രാറ്റജി വിജയം കാണുമെന്നതിനുള്ള ഉദാഹരണം ഇപ്പോള്‍ നമുക്ക് മുന്നിലുണ്ട്. ദക്ഷിണ കൊറിയയില്‍ നിന്നുള്ള പ്രബല ബ്രാന്‍ഡുകള്‍ ആയ ഹ്യുണ്ടായി മോട്ടോര്‍ കമ്പനിയും കിയ കോര്‍പ്പറേഷനും ചേര്‍ന്ന് ഹൈബ്രിഡ് വാഹന വിപണിയില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ടു. 2025-ന്റെ ആദ്യ മൂന്ന് പാദങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരു കമ്പനികളും ചേര്‍ന്ന് ആഗോളതലത്തില്‍ 8,31,933 ഹൈബ്രിഡ് വാഹനങ്ങള്‍ വിറ്റഴിച്ചു.

2024 വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 27.2% വളര്‍ച്ച രേഖപ്പെടുത്തി. ട്രെന്‍ഡ് ഇതേ നിലയില്‍ തുടര്‍ന്നാല്‍ രണ്ട് കമ്പനികളുടെയും ഈ വര്‍ഷത്തെ മൊത്തം വില്‍പ്പന 11 ലക്ഷം യൂണിറ്റ് കവിയാന്‍ സാധ്യതയുണ്ട്. പല വിപണികളിലും ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് വലിയ പരിഗണന ലഭിക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് അനുകൂലമായി ഉപഭോക്തൃ പരിഗണന മാറാന്‍ ചില കാരണങ്ങളുണ്ട്.
ആഗോളതലത്തിലെ ഇവികള്‍ക്ക് നല്‍കിയിരുന്നു ഇന്‍സെന്റീവുകളും സബ്‌സിഡികളും കുറയ്ക്കുകയോ എടുത്ത് കളയുകയോ ചെയ്യുന്നതാണ് ഒരു കാരണം. ഇന്ത്യയിലും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഇലക്ട്രിക് ടൂവീലറുകള്‍ക്കും ത്രീവീലറുകള്‍ക്കുമുള്ള സബ്‌സിഡി നിര്‍ത്തലാക്കാന്‍ പോകുകയാണ്. ഇതിന്റെ കൂടെ ബാറ്ററി വില വര്‍ധനവ്, താരിഫ് അനിശ്ചിതത്വങ്ങള്‍ എന്നിവ ഉപഭോക്താക്കളെ ഹൈബ്രിഡ് വാഹനങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപ്പാക്കുന്ന പരിഷ്‌കാരങ്ങളും താരീഫ് യുദ്ധവുമെല്ലാം കാരണം അമേരിക്കയിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്.
ഇവികളുടെ കാര്യക്ഷമതയും കണ്ട് പരിചിതമായ ഐസിഇ വാഹനങ്ങളുടെ രൂപവും ഭാവവുമായി കൂടി ലഭിക്കുന്നതിനാല്‍ ഹൈബ്രിഡ് കാറുകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു. ഹ്യുണ്ടായിയുടെയും കിയയുടെയും ഹൈബ്രിഡ് എസ്യുവികളാണ് ഈ വമ്പന്‍ വളര്‍ച്ചക്ക് ചൂട്ടുപിടിച്ച് മുന്നില്‍ നടക്കുന്നത്. ട്യൂസോണ്‍ ഹൈബ്രിഡ് (1,32,991 യൂണിറ്റ്), സ്‌പോര്‍ട്ടേജ് ഹൈബ്രിഡ് (1,20,054 യൂണിറ്റ്), സാന്താ ഫെ ഹൈബ്രിഡ് (95,168 യൂണിറ്റ്) എന്നിവ അമേരിക്കയിലും യൂറോപ്പിലും മികച്ച വില്‍പ്പന നേടിക്കൊടുക്കുന്നു.
കൊറിയന്‍ ആഭ്യന്തര വിപണിയിലും ഈ മാറ്റം പ്രകടമാണ്. കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറങ്ങിയ ഹ്യുണ്ടായിയുടെ പുതിയ പാലിസേഡ് ഹൈബ്രിഡ്, അതിന്റെ പെട്രോള്‍ മോഡലിനെക്കാള്‍ കൂടുതല്‍ വിറ്റുപോയി. കൊറിയ ഓട്ടോമൊബൈല്‍ ആന്‍ഡ് മൊബിലിറ്റി അസോസിയേഷന്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ പാലിസേഡ് ഹൈബ്രിഡിന്റെ 26,930 യൂണിറ്റുകള്‍ വിറ്റപോയി. അതേസമയം ഇതിന്റെ പെട്രോള്‍ മോഡലിന്റെ വില്‍പ്പന 18,005 യൂണിറ്റായിരുന്നു.

പരമ്പരാഗതമായി പെട്രോള്‍ വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു വിപണിയില്‍ വന്നിരിക്കുന്ന ഈ മാറ്റം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. പൊള്ളുന്ന ഇന്ധന വിലയും മാറുന്ന സര്‍ക്കാര്‍ നയങ്ങളുമെല്ലാം ഹൈബ്രിഡുകളിലേക്ക് മാറാന്‍ കാരണമായി. ഹ്യുണ്ടായുടെ പ്രധാന വിപണികളിലൊന്നായ യുഎസില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ രാജ്യത്ത് 7,500 ഡോളര്‍ വരെയുണ്ടായിരുന്ന ഫെഡറല്‍ ഇവി സബ്സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കിയത് ഹൈബ്രിഡ് വാഹനങ്ങളെ ഏറെ സഹായിച്ചു.
സബ്‌സിഡി കൂടി ഇല്ലാതായതോടെ ഇവികളേക്കാള്‍ പ്രാരംഭ ചെലവ് കുറവ് ഹൈബ്രിഡ് വാഹനങ്ങള്‍ക്കായി മാറി. ഇവി വാങ്ങാന്‍ മടിച്ചിരുന്ന ആളുകള്‍ ഇതോടെ കൂട്ടത്തോടെ ഹൈബ്രിഡ് വാഹനങ്ങളിലേക്ക് മാറി. യുഎസില്‍ നിലവില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ഹ്യുണ്ടായി പരമാവധി മുതലെടുക്കുന്നുണ്ട്. സെപ്റ്റംബറില്‍ പാലിസേഡ് ഹൈബ്രിഡ് യുഎസ് വിപണിയിലെത്തിച്ചതിനൊപ്പം അലബാമ പ്ലാന്റില്‍ സാന്താ ഫെ ഹെബ്രിഡിന്റെ ഉത്പാദനവും കൂട്ടി.

ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം യുഎസില്‍ 62,000 സാന്താ ഫെ ഹൈബ്രിഡുകളാണ് ഉത്പാദിപ്പിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം 140 ശതമാനമാണ് വര്‍ധിച്ചത്. വിഭവങ്ങള്‍ ഹൈബ്രിഡ് മോഡലുകള്‍ക്ക് ഉപയോഗപ്പെടുത്താനായി ഹ്യുണ്ടായി ജെനസിസ് GV70 ഇവിയുടെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഇവി വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം കൂടുതല്‍ ഡിമാന്‍ഡ് ഉള്ളിടത്ത് നിക്ഷേപിച്ച് പണംവാരുകയാണ് ഹ്യുണ്ടായി.


Click it and Unblock the Notifications








