എസ്‌യുവി വിറ്റ് ഇന്ത്യയില്‍ നിന്ന് പണംവാരി കൊറിയക്കാര്‍! വില്‍ക്കുന്ന 3-ല്‍ 2 കാറുകളും എസ്‌യുവികള്‍
ഇന്ത്യക്കാര്‍ക്ക് എസ്‌യുവികളോടുള്ള പ്രേമം പരസ്യമാണ്. മാരുതി സുസുക്കിയടക്കമുള്ള കമ്പനികള്‍ എസ്‌യുവി ട്രെന്‍ഡിന് അനുസരിച്ച് അവരുടെ തന്ത്രങ്ങള്‍ മാറ്റിയത് ഇതിന് തെളിവാണ്. 2024-2025 സാമ്പത്തിക വര്‍ഷത്തെ ഹ്യുണ്ടായിയുടെ വില്‍പ്പന കണക്കുകളും രാജ്യത്തെ എസ്‌യുവി ട്രെന്‍ഡിന് അടിവരയിന്നുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി വാഹനങ്ങളില്‍ സിംഹഭാഗവും എസ്‌യുവികള്‍ ആയിരുന്നു. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഹ്യുണ്ടായി വിറ്റ കാറുകളില്‍ 63.2 ശതമാനമായിരുന്നു എസ്‌യുവികള്‍. എന്നാല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 68.5 ശതമാനമെന്ന റെക്കോഡ് കണക്കിലെത്തി.
ചുരുക്കിപ്പറഞ്ഞാല്‍ ഷോറൂമില്‍ നിന്ന് ഇറങ്ങുന്ന ഓരോ മൂന്ന് ഹ്യുണ്ടായി കാറുകളിലും രണ്ടെണ്ണവും ഉയര്‍ന്ന നിലവാരമുള്ളതും ഫീച്ചര്‍ സമ്പന്നവുമായ എസ്യുവികളാണെന്ന് സാരം. എക്സ്റ്റര്‍, വെന്യു, ക്രെറ്റ, അല്‍കസാര്‍, ട്യൂസേണ്‍, അയോണിക് 5 തുടങ്ങിയ മോഡലുകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് ആണ് ഇത് എടുത്ത് കാണിക്കുന്നത്. പ്രീമിയം, ഫീച്ചര്‍ സമ്പന്നമായ ഹ്യുണ്ടായിയുടെ ശക്തമായ എസ്യുവി നിര ഇന്ത്യന്‍ ഉപഭോക്താക്കളുടെ മുന്‍ഗണനാ ലിസ്റ്റില്‍ മുന്നില്‍ തന്നെ ഇടംപിടിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം.

ഹ്യുണ്ടായിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതില്‍ ഒന്നാണ് സണ്‍റൂഫുകള്‍ക്കുള്ള ഡിമാന്‍ഡ് കുത്തനെ കൂടുന്നുവെന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റഴിക്കപ്പെട്ട എല്ലാ ഹ്യുണ്ടായി വാഹനങ്ങളുടെയും 53.2% സണ്‍റൂഫ് സജ്ജീകരിച്ചവയായിരുന്നു. ഇത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഫീച്ചറുകളോടുള്ള താല്‍പര്യം കൂടിയെന്ന കാര്യമാണ് വ്യക്തമാക്കുന്നത്.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ നിലവില്‍ അതിന്റെ 14 മോഡലുകളില്‍ 12 എണ്ണത്തിലും സണ്‍റൂഫ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായിയുടെ നൂതന സുരക്ഷാ സാങ്കേതികവിദ്യയുടെ സ്വീകാര്യതയിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ഘടിപ്പിച്ച മോഡലുകളുടെ വില്‍പ്പന ഇരട്ടിയായത് പുതിയ സാങ്കേതികവിദ്യയില്‍ താല്‍പ്പര്യമുള്ള ഉപഭോക്തൃ അടിത്തറയെയാണ് പ്രതിഫലിപ്പിക്കുന്നത്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ADAS വേരിയന്റുകളുടെ സംഭാവന 14.3 ശതമാനമായി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 6.7 ശതമാനം മാത്രമായിരുന്നു. ഹ്യുണ്ടായി ഇപ്പോള്‍ അതിന്റെ 9 മോഡലുകളില്‍ ADAS വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍, ഡീസല്‍, ടര്‍ബോ പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിനുകള്‍, ഐവിടി, എഎംടി, എടി, ഡിസിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഫ്യുവല്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉപയോഗിച്ച് ബ്രാന്‍ഡ് വൈവിധ്യമാര്‍ന്ന ഉപഭോക്തൃ മുന്‍ഗണനകള്‍ നിറവേറ്റുന്നത് തുടരുന്നു.
2024-25 സാമ്പത്തിക വര്‍ഷത്തിലെ ഹ്യുണ്ടായിയുടെ മികച്ച വില്‍പ്പന നേട്ടം ഇന്ത്യന്‍ എസ്യുവി വിപണിയിലെ അതിന്റെ നേതൃസ്ഥാനം അരക്കിട്ടുറപ്പിക്കുന്നു. അതിനൊപ്പം ടെക്‌നോളജി, ഡിസൈന്‍, ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് എന്നിവയുടെ കാര്യത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുന്‍ഗണനകളുമായി സമര്‍ത്ഥമായി പൊരുത്തപ്പെട്ട് പോകാനുള്ള കമ്പനിയുടെ കഴിവ് കൂടിയാണ് പ്രകടമാക്കുന്നത്. എസ്‌യുവികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഹ്യൂണ്ടായിയുടെ ജനപ്രിയ സെഡാന്‍ ആയ വെര്‍ണയുടെ പ്രകടനം ആശാവഹമല്ല.
2025 മാര്‍ച്ചില്‍ 1,364 വെര്‍ണ മാത്രമാണ് ഹ്യുണ്ടായി വിറ്റത്. ഇത് മാന്യമായ കണക്കാണ്. എന്നാല്‍ അതേ മാസം തന്നെ ക്രെറ്റയുടെ വില്‍പ്പന 18,059 യൂണിറ്റ് ആയിരുന്നു. മിഡ്‌സൈസ് സെഡാന്‍ വിഭാഗത്തില്‍ വെര്‍ണ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസിന് താഴെയാണ് വെര്‍ണ. ഇന്ത്യയില്‍ ഇപ്പോള്‍ സെഡാന്‍ സെഗ്മെന്റ് ചുരുങ്ങുകയാണ്. ഇന്ത്യന്‍ കാര്‍ വിപണിയുടെ വെറും 8% മാത്രമാണ് ഇപ്പോള്‍ സെഡാന്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








