ഇത്രയും വലിയ കാറിന് 13 കി.മീ മൈലേജ്, 7+ പേര്‍ക്ക് ആഡംബര യാത്ര! ഹ്യുണ്ടായി എംപിവി ഇന്ത്യയില്‍, ട്വിസ്റ്റുണ്ട്
2025ല്‍ ഹ്യുണ്ടായിയില്‍ നിന്ന് നിരവധി പുതിയ വാഹനങ്ങള്‍ വിപണിയില്‍ എത്താന്‍ പോകുകയാണ്. 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ഹ്യുണ്ടായി ക്രെറ്റ ഇവി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടെ ഒരു വ്യത്യസ്തമായ ഒരു ഹ്യുണ്ടായി കാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ കണ്ടു. ഇന്ത്യയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഹ്യുണ്ടായിയുടെ എംപിവി ആയതിനാല്‍ തന്നെ ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. മുംബൈയില്‍ നിന്നുള്ളതായിരുന്നു ഈ ചിത്രങ്ങള്‍. കിയ കാര്‍ണിവല്‍ എംപിവിയുടെ പ്ലാറ്റ്ഫോമില്‍ വരുന്ന ഈ കാര്‍ ഏതാണെന്നും അതിന്റെ സവിശേഷതകളും മറ്റും ചുവടെ വിശദമായി വായിക്കാം.
ഇന്ത്യയില്‍ ഇപ്പോള്‍ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ആണ്. മാരുതി സുസുക്കി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ എന്നീ കാറുകള്‍ എന്നത്തെയും പോലെ ആയിരക്കണക്കിന് യൂണിറ്റുകളാണ് വിറ്റുപോകുന്നത്. അതോടൊപ്പം തന്നെ കിയ പുതിയ തലമുറ കാര്‍ണിവല്‍ എംപിവി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയപ്പോള്‍ ചൂടപ്പം പോലെയാണ് വിറ്റുതീര്‍ന്നത്. മുന്‍ഗാമിയേക്കാള്‍ ഇരട്ടിയിലധികം വിലയുണ്ടായിട്ടും ഇന്ത്യക്ക് അനുവദിച്ച യൂണിറ്റകള്‍ എല്ലാം വിറ്റുതീര്‍ന്നു.

ഈ സാഹചര്യത്തിലാണ് ഹ്യുണ്ടായിയുടെ സ്റ്റാരിയ (Hyundai Staria) എന്ന് പേരുള്ള എംപിവി ഇന്ത്യന്‍ നിരത്തുകളില്‍ കാണപ്പെട്ടത്. ഹ്യുണ്ടായി സ്റ്റാരിയ ചില വിദേശ വിപണികളില്‍ ഇതിനകം ജനപ്രിയമാണ്. മുമ്പ് കൊറിയന്‍ നയതന്ത്ര പ്രതിനിധികളും മറ്റും രാജ്യം സന്ദര്‍ശിക്കുമ്പോള്‍ നീല നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച സ്റ്റാരിയ ഇന്ത്യയില്‍ കണ്ടിരുന്നു. എന്നാല്‍ വെള്ള നമ്പര്‍പ്ലേറ്റുള്ള സ്റ്റാരിയയുടെ സ്‌പൈ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായത്. ഇന്ത്യയില്‍ സാധാരണയായി വ്യക്തിഗത ആവശ്യങ്ങള്‍ക്കായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് വെള്ള നമ്പര്‍ പ്ലേറ്റാണ് നല്‍കുന്നത്.
ആഡംബരം തുളുമ്പുന്ന വാഹനം തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഹ്യുണ്ടായി ആഗോള വിപണികളിലെത്തിക്കുന്ന മിനിവാനാണ് സ്റ്റാരിയ. ഹ്യുണ്ടായി സ്റ്റാര്‍ഗേസര്‍ എംപിവിയേക്കാള്‍ അല്‍പ്പം വലിപ്പമുള്ള സ്റ്റാറിയയ്ക്ക് ഏകദേശം 5.3 മീറ്റര്‍ നീളമുണ്ട്. ഇതിൽ ഏഴിൽ കൂടുതൽ പേർക്ക് യാത്ര ചെയ്യാം
അമേരിക്ക, ചൈന, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലാണ് ഈ വാഹനം കാണാപ്പെടുന്നത്. ദക്ഷിണ കൊറിയയി കിയ കാര്‍ണിവലുമായാണ് സ്റ്റാരിയ നേരിട്ട് ഏറ്റുമുട്ടുന്നത്.

ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍, വിശാലമായ ഇന്റീരിയറുകള്‍, ഫീച്ചര്‍ പായ്ക്ക്ഡ് കോണ്‍ഫിഗറേഷനുകള്‍ എന്നിവയ്ക്ക് പേരുകേട്ട സ്റ്റാരിയ ഒന്നിലധികം വിപണികളില്‍ ജനപ്രീതി നേടിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വിദേശ വിപണികളില്‍ സ്റ്റാരിയ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം കാര്‍ ഹ്യുണ്ടായി നവീകരിച്ചിരുന്നു. 3.5 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിന്‍, 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം വാഹനത്തില്‍ ഒരു പുതിയ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷന്‍ അവതരിപ്പിച്ചു.
1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് പരമാവധി 242 bhp പവറും 367 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. എംപിവിയുടെ വലുപ്പവും ഭാരവും കണക്കിലെടുത്ത് ഇത് ലിറ്ററിന് 13 കിലോമീറ്റര്‍ എന്ന ആകര്‍ഷകമായ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു.മുംബൈയില്‍ കാണപ്പെട്ട ഹ്യുണ്ടായി സ്റ്റാരിയക്ക് വലിയ സൈഡ് മിററുകളും സ്ലൈഡിംഗ് റിയര്‍ ഡോറുകളുമുണ്ട്. കിയ കാര്‍ണിവലിന് ഇന്ത്യയില്‍ മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിലും ഹ്യുണ്ടായി സ്റ്റാരിയ ഉടനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ല.

ഇത് ചിലപ്പോള്‍ മുംബൈയിലുള്ള ആരെങ്കിലും ഇറക്കുമതി ചെയ്തതാകാനാണ് സാധ്യത. മുംബൈയില്‍ ഹ്യുണ്ടായി സ്റ്റാരിയ കാണപ്പെട്ടത് ഇന്ത്യയില്‍ പ്രീമിയം എംപിവികള്‍ക്കുള്ള ഡിമാന്‍ഡാണ് സൂചിപ്പിക്കുന്നത്. ഈ കാര്‍ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തില്‍ ഹ്യുണ്ടായി ഇതുവരെ മനസ്സ്തുറന്നിട്ടില്ല. അതിനാല്‍ തന്നെ താല്‍പര്യമുള്ളവര്‍ക്ക് സ്വകാര്യ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരും. അതുമല്ലെങ്കില്‍ ഇതേ പ്ലാറ്റ്‌ഫോമില്‍ പണിത കിയ കാര്‍ണിവല്‍ പരിഗണിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








