ഇന്നോവയെ റെസ്റ്റ് എടുപ്പിക്കാന്‍ ഹ്യുണ്ടായി! 11 പേര്‍ക്ക് കയറാവുന്ന ഹൈബ്രിഡ് എംപിവി ഇന്ത്യയിലേക്ക്
ഇന്ത്യയിലെ വാഹന പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025 ഏതാനും ഈ വാരാന്ത്യത്തില്‍ ആരംഭിക്കാന്‍ പോകുകയാണ്. ലോകപ്രശസ്തമായ ഓട്ടോ എക്‌സ്‌പോ ഇക്കുറി ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ ഭാഗമായാണ് നടക്കുന്നത്. തങ്ങളുടെ ഭാവി ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോമായാണ് ഓട്ടോ എക്‌സ്‌പോ ബ്രാന്‍ഡുകള്‍ ഉപയോഗപ്പെടുത്തുന്നത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി വര്‍ഷങ്ങളായി ഓട്ടോ എക്‌സ്‌പോയിലെ സ്ഥിരം സാന്നിധ്യമാണ്. ഹ്യുണ്ടായി മാത്രമല്ല മറ്റ് നിരവധി കമ്പനികളും അവരുടെ കിടിലന്‍ ഉല്‍പ്പന്നങ്ങള്‍ ഇവന്റില്‍ വെച്ച് പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിടുന്നു. അതുകൊണ്ടുതന്നെ ഓട്ടോ എക്‌സ്‌പോ വേഗം വന്നെങ്കില്‍ എന്ന് കൊതിക്കുകയാണ് വാഹനപ്രേമികള്‍.
2025 ഓട്ടോ എക്‌സ്‌പോയെ കുറിച്ചുള്ള പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്ന ഏതാനും ഉല്‍പ്പന്നവുമായാണ് ഹ്യുണ്ടായി ഇക്കുറി എത്താന്‍ പോകുന്നത്. അതില്‍ ഒന്ന് ക്രെറ്റ ഇവിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ക്രെറ്റ ഇവിക്കൊപ്പം ആഗോള വിപണികളില്‍ പ്രശസ്തമായ ഒരു മാള്‍ട്ടി പര്‍പ്പസ് വാഹനവും (എംപിവി) ഹ്യുണ്ടായി 2025 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അത് മറ്റേതുമല്ല ഹ്യുണ്ടായി സ്റ്റാരിയയാണ്.

വിശാലമായ സ്ഥലസൗകര്യം, പ്രീമിയം സവിശേഷതകള്‍, വലിപ്പം എന്നിവ കൊണ്ട് ശ്രദ്ധേയമായ ഈ വലിയ മിനിവാന്‍ ഞങ്ങള്‍ നേരത്തെ തന്നെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെള്ള നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച സ്റ്റാരിയ വാന്‍ മുംബൈ നിരത്തുകളില്‍ കാണപ്പെട്ടിരുന്നു. എന്നാല്‍ അത് ഇറക്കുമതി ചെയ്ത യൂണിറ്റ് ആണെന്നാണ് മനസ്സിലാക്കുന്നത്. പ്രീമിയം എംപിവികള്‍ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് കൂടി വരുന്ന സാഹചര്യം മുതലെടുക്കാനായി സ്റ്റാരിയ ഹ്യുണ്ടായി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പോകുകയാണെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.
ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ ഈ മോഡല്‍ പ്രദര്‍ശിപ്പിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആഡംബരം തുളുമ്പുന്ന വാഹനം തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഹ്യുണ്ടായി ആഗോള വിപണികളിലെത്തിക്കുന്ന മിനിവാനാണ് സ്റ്റാരിയ. ഹ്യുണ്ടായി സ്റ്റാര്‍ഗേസര്‍ എംപിവിയേക്കാള്‍ അല്‍പ്പം വലിപ്പമുള്ള സ്റ്റാറിയയ്ക്ക് ഏകദേശം 5.3 മീറ്റര്‍ നീളമുണ്ട്.

അമേരിക്ക, ചൈന, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലാണ് ഈ വാഹനം കാണാപ്പെടുന്നത്. ദക്ഷിണ കൊറിയയില്‍ കിയ കാര്‍ണിവലുമായാണ് സ്റ്റാരിയ നേരിട്ട് ഏറ്റുമുട്ടുന്നത്. കാര്‍ണിവലിന്റെ അതേ പ്ലാറ്റ്‌ഫോമാണ് സ്റ്റാരിയ പങ്കിടുന്നത്. ഹൈബ്രിഡ്, V6 പെട്രോള്‍, പെട്രോള്‍ എല്‍പിജി, ഡീസല്‍ ഓപ്ഷനുകളിലാണ് കാര്‍ വാഗ്ദാനം ചെയ്യുന്നത്.
ഹൈബ്രിഡ് പതിപ്പില്‍ 1.6 ലിറ്റര്‍ 4-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ മോട്ടോര്‍, V6, പെട്രോള്‍/എല്‍പിജി ഓപ്ഷനുകളില്‍ 3.5 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിന്‍, ഡീസല്‍ ഓപ്ഷനില്‍ 2.2 ലിറ്റര്‍ CRDi എഞ്ചിന്‍ എന്നിവയാണ് തുടിപ്പേകുക. എംപിവിയുടെ വലുപ്പവും ഭാരവും കണക്കിലെടുത്ത് ഇത് ലിറ്ററിന് 13 കിലോമീറ്റര്‍ എന്ന ആകര്‍ഷകമായ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു.

എഞ്ചിനിറെ കാര്യത്തില്‍ മാത്രമല്ല സീറ്റിംഗ് ഓപ്ഷനുകളുടെ കാര്യത്തിലും സ്റ്റാരിയ വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 9 സീറ്റര്‍, 11 സീറ്റര്‍ പതിപ്പുകളില്‍ ഈ കാര്‍ വിദേശ വിപണികളില്‍ ലഭ്യമാണ്. പ്രീമിയം സവിശേഷതകളുടെയും സാങ്കേതികവിദ്യയുടെ കാര്യത്തിലും ഈ കാര്‍ മികവ് പുലര്‍ത്തുന്നു. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് സീറ്റുകള്‍ എന്നീ സവിശേഷതകള്‍ അകത്തളത്തില്‍ ഒരുക്കിയിരിക്കുന്നു.
ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, ലഗേജുകള്‍ക്കായി പ്രത്യേക സ്ഥലം, മടക്കാവുന്ന സീറ്റ് തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍. യാത്രക്കാരുടെ സുരക്ഷക്കായി ADAS അടക്കം നിരവധി ഫീച്ചറുകളും ഇതില്‍ വരുന്നു. പുതിയ തലമുറ കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയപ്പോള്‍ അതിന്റെ ഉയര്‍ന്ന വില പോലും നോക്കാതെ ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയിരുന്നു. കൂടുതല്‍ സീറ്റുകളും ഹൈബ്രിഡ് സജ്ജീകരണമടക്കമുള്ള സ്റ്റാരിയക്കും ഇന്ത്യയില്‍ സമാനമായ സ്വീകരണം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications








