ലോഞ്ചിന് മുന്നേ മനം കവർന്ന് പുത്തൻ വെന്യു: സ്പൈ ചിത്രങ്ങൾ പുറത്ത്
വിശ്വസ്തതയും നൂതന സവിശേഷതകളുമായി ജനഹൃദയങ്ങൾ കീഴടക്കിയ സബ്-കോംപാക്ട് എസ്‌യുവിയാണ് ഹ്യുണ്ടായി വെന്യു. നിലവിൽ വിപണിയിലെ മറ്റ് എതിരാളികളമായി മുട്ടി നിൽക്കുവാൻ ഒരു മിനുക്കുപണി വെന്യുവിന് ആവശ്യമാണ്, തൽഫലമായി ഹ്യുണ്ടായി ഒരു അപ്പ്ഡേറ്റ് അവതരിപ്പിക്കാനുള്ള പരിശ്രമത്തിലുമാണ്. യുവ ഹൃദയങ്ങളെ ആകർഷിക്കുവാനായി കാര്യമായ വീകരണങ്ങളോടെയാവും എസ്‌യുവി എത്തുന്നത്. എന്നാൽ ഔദ്യോഗിക ലോഞ്ചിനു മുന്നോടിയായി പുതിയ വെന്യുവിൻ്റെ ഫ്രണ്ട് ഫാസിയ വ്യക്തമാക്കി പ്രൊഡക്ഷൻ മോഡലിൻ്റെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
ഇന്ത്യൻ വിപണി ഈ വർഷം വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഒന്നാണിത്. 2025 നവംബർ 4 ന് പുതുക്കിയ വെന്യു വിൽപ്പനയ്ക്ക് എത്തും എന്ന് നിർമ്മാതാക്കൾ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന മോഡലിന് എക്സ്റ്റീരിയർ സ്റ്റൈലിംഗിലും ഇന്ൻ്റീരിയർ ടെക്കിലും കാര്യമായ അപ്‌ഗ്രേഡുകൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുനർരൂപകൽപ്പന ചെയ്തിരിക്കുന്ന ഹ്യുണ്ടായി വെന്യുവിൻ്റെ മുൻഭാഗം കൂടുതൽ ബോൾഡും പ്രീമിയം ലുക്കും വാഗ്ദാനം ചെയ്യുന്നതാണ്. പുതുക്കിയ വലിയ വീതിയേറിയ ഗ്രില്ല് എസ്‌യുവിക്കു റോഡിൽ കൂടുതൽ മസ്കുലാർ ഫീൽ നൽകുന്നു. ഹെഡ്‌ലൈറ്റുകൾ പുതിയ സ്പ്ലിറ്റ് ശൈലിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മുകളിൽ സി-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ബമ്പറിൽ താഴെയായി സ്ഥാപിച്ചിരിക്കുന്ന പ്രധാന എൽഇഡി ഹെഡ്‌ലാമ്പുകളും കാറിനെ സ്റ്റൈലിഷ് ആക്കുക മാത്രമല്ല രാത്രിയിൽ വാഹനമോടിക്കുമ്പോൾ വിസിബിലറ്റി മെച്ചപ്പെടുത്താനും സഹായിക്കും.
സ്‌പോർട്ടി സിൽവർ സ്‌കിഡ് പ്ലേറ്റും വലിയ എയർ വെൻ്റുകളും ഉപയോഗിച്ച് ഫ്രണ്ട് ബമ്പർ പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ കാറിൻ്റെ മൊത്തത്തിലുള്ള രൂപം ആരെയും ആകർഷിക്കുന്നതാക്കുന്നു. ഫ്ലാറ്റ് ബോണറ്റും, ഷാർപ്പ് ബോഡി ലൈനുകളുമാണ്. ഇത് വെന്യുവിന് ഒരു ബോക്‌സിയായ പരുക്കൻ രൂപവും നൽകുന്നു.
മുൻഭാഗം പോലെതന്നെ പിൻഭാഗവും പുതിയ രൂപകൽപ്പനയാൽ ആരെയും മയക്കുന്നതായിരിക്കും എന്ന് പ്രതീക്ഷിക്കാം. കൂടുതൽ പ്രീമിയം ലുക്ക് നൽകുന്ന സ്ലീക്ക് ട്വിൻ എൽ-ഷയിപ്പിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ ടെയിൽ ലൈറ്റുകൾ ടെയിൽഗേറ്റിന്റെ വീതി കവർ ചെയ്യുന്ന ഒരു സ്റ്റൈലിഷ് എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് കണക്ട് ചെയ്തിരിക്കുന്നു.
പിൻ ബമ്പർ സിൽവർ സ്‌കിഡ് പ്ലേറ്റും പുതിയ ഡീറ്റെയിലിംഗും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നു. ഇത് വെന്യുവിന് കൂടുതൽ എസ്‌യുവിഷ് ലുക്ക് നൽകുന്നു. മൊത്തത്തിൽ പുതിയ ഡിസൈൻ അപ്പ്ഡേറ്റുകൾ ഹ്യുണ്ടായി വെന്യുവിനെ കൂടുതൽ ആകർഷകവും എല്ലാ കോണിൽ നിന്നും ഒരു കിടിലൻ എസ്‌യുവിയാക്കി മാറ്റുന്നു.
വ്യത്യസ്ത ഡ്രൈവിംഗ് ആവശ്യങ്ങൾക്ക് അനുയോജ്യമായ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിച്ച് ശക്തമായ പ്രകടനം ഹ്യുണ്ടായി വെന്യു വാഗ്ദാനം ചെയ്യുന്നുണ്ട്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിൽ വരുന്നത്. ഇത് ഏകദേശം 83 PS പവർ നൽകുന്നു. കൂടുതൽ സ്‌പോർട്ടി ഡ്രൈവ് ആസ്വദിക്കുന്നവർക്കായി 120 PS ഉം 172 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ഇതിലുണ്ട്.
വേഗത്തിലുള്ള പ്രകടനത്തിനായി 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. കൂടാതെ മികച്ച ലോ-എൻഡ് പവറും മികച്ച ഇന്ധനക്ഷമതയും നൽകുന്നതിനാൽ ദീർഘദൂര ഹൈവേ ഡ്രൈവുകൾക്ക് കേമനാണ് പുതിയ വെന്യു. മൊത്തത്തിൽ പറഞ്ഞാൽ പുതിയ വെന്യു ശക്തമായ പ്രകടനം, നല്ല മൈലേജ്, ദൈനംദിന ഉപയോഗം എന്നിവയ്ക്ക് എന്തുകൊണ്ടും മികച്ച ഒരു എസ്‌യുവി മോഡലാണ്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നൂതന സുരക്ഷാ സവിശേഷതകളോടെയാണ് ഇത് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ആറ് എയർബാഗുകൾ, ഇബിഡി സഹിതമുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മികച്ച ഡ്രൈവിംഗ് എക്സ്പീരിയൻസിനായി ഹിൽ അസിസ്റ്റ് കൺട്രോൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ADAS സാങ്കേതികവിദ്യയും ഉള്ളതിനാൽ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല.


Click it and Unblock the Notifications








