സ്പോർട്ടി ലുക്കും പവറും വേണേൽ കാശ് കൂടുതൽ കൊടുക്കണം; ഹ്യുണ്ടായി N ലൈനിൻ്റെ വില വർധിപ്പിച്ചതറിഞ്ഞോ
പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കുമ്പോൾ പലരുടേയും തീരുമാനം വ്യത്യ്സ്തമായിരിക്കും, ചിലർ മൈലേജിനാണ് ആണ് പ്രാധാന്യം കൊടുക്കുന്നതെങ്കിൽ മറ്റ് ചിലർ പെർഫോമൻസിനും പവറിനുമായിരിക്കും. അത് വളരെ നന്നായി അറിയാവുന്നത് കൊണ്ടാണ് പല വാഹന നിർമാതാക്കളും തങ്ങളുടെ മോഡലുകൾക്ക് പലപ്പോഴും ഒരു പെർഫോമൻസ് വേരിയൻ്റ് നൽകുന്നത്. അത്തരത്തിൽ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ മിക്ക മോഡലുകൾക്കും ഒരു സ്പോർടി വേരിയൻ്റ് നൽകാറുണ്ട്. അത് ഏതാണ് എന്ന് എല്ലാവർക്കും അറിയാമായിരിക്കുമല്ലോ. N ലൈനാണ് ഹ്യുണ്ടായിയുടെ പെർഫോമൻ് വേരിയൻ്റുകൾ. എന്നാൽ ഇപ്പോൾ പഴയ വിലയ്ക്ക് ഈ മോഡലുകൾ ലഭിക്കില്ല. ജനുവരി മുതൽ ഹ്യുണ്ടായി തങ്ങളുടെ മോഡലുകൾക്ക് വില വർധിപ്പിച്ചിരുന്നു.
എന്നാൽ എൻ ലൈൻ മോഡലുകൾക്ക് എത്ര രൂപ വർധിച്ചുവെന്ന് വിശദമായി നോക്കിയാലോ. ഹ്യുണ്ടായി വെന്യു എൻ ലൈനിൻ്റെ വിലയിൽ 7000 രൂപയുടെ വർധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. അതോടെ വാഹനത്തിൻ്റെ എക്സ്ഷോറും വില 12.15 മുതൽ 13.97 ലക്ഷം രൂപ വരെ ആണ്. ഹ്യുണ്ടായി വെന്യു N-ലൈനും എസ്‌യുവിയുടെ ടർബോ വേരിയന്റിന്റെ അതേ സജ്ജീകരണവുമായാണ് വരുന്നത്. എന്നാൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമേ സ്വന്തമാക്കാനാവൂ.

വെന്യു N-ലൈനിന്റെ വലിപ്പവും സ്റ്റാൻഡേർഡ് പതിപ്പിന് സമാനമാണ്. അതായത് 3,995 മില്ലീമീറ്റർ നീളവും 1,770 മില്ലീമീറ്റർ വീതിയും 1,617 മില്ലീമീറ്റർ ഉയരവും 2,500 മില്ലീമീറ്റർ വീൽബേസുമാണ് സബ്-4 മീറ്റർ എസ്‌യുവിക്കുള്ളതെന്ന് സാരം. 45 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണ് പെർഫോമൻസ് വേരിയന്റിലും ഹ്യുണ്ടായി നൽകിയിരിക്കുന്നത്.
ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും ഹ്യുണ്ടായി വെന്യു N-ലൈനിലുണ്ട്. പെർഫോമൻസ് എസ്‌യുവിയിലെ 998 സിസി, 3-സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 6,000 rpm-ൽ പരമാവധി 118.3 bhp പവറും 1,500-4,000 rpm-ൽ 172 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

വാഹനത്തിൻ്റെ ഡിസൈനിലേക്ക് വന്നാൽ മുന്നിലും പിന്നിലുമുള്ള ബമ്പറുകൾ, വീൽ ആർച്ചുകൾ, സൈഡ് സ്കർട്ടുകൾ, റൂഫ് റെയിലുകൾ എന്നിവയിൽ റെഡ് ഹൈലൈറ്റുകൾ നൽകിയിട്ടുണ്ട്. വെന്യു N ലൈനിന്റെ ഗ്രില്ലും ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകളും അവയെ അലങ്കരിക്കുന്ന ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകളും ഹ്യുണ്ടായി ചെറുതായി മിനുക്കിയിട്ടുമുണ്ട്.
കോംപാക്‌ട് എസ്‌യുവിയുടെ സ്‌പോർട്ടി N ലോഗോകൾക്കും പ്രത്യേകമായുള്ള 16 ഇഞ്ച് അലോയ് വീലുകളുടെ രൂപത്തിലാണ് ഡിസൈനിലെ മറ്റ് ഹൈലൈറ്റുകൾ. അകത്തേക്ക് കയറിയാൽ വെന്യു N-ലൈനിന്റെ ഓൾ-ബ്ലാക്ക് ക്യാബിനിനുള്ളിൽ പുറമേയുള്ള ചുവന്ന ഹൈലൈറ്റുകൾ തുടരുന്നു. സീറ്റുകൾ, സ്റ്റിയറിംഗ് വീൽ, ഗിയർ സ്റ്റിക്ക്, HVAC കൺട്രോൾ ഡയലുകൾ, എയർ വെന്റുകൾ എന്നിവയിൽ ചുവന്ന ഹൈലൈറ്റുകൾ കാണാം.

അലൂമിനിയം പെഡലുകളും ചുവന്ന ആംബിയന്റ് ലൈറ്റിംഗും വെന്യു N-ലൈനിന്റെ ഇന്റീരിയറിനെ കൂടുതൽ സ്പോർട്ടിയറാക്കുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കാർ നിർമ്മാതാവിന്റെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ സ്യൂട്ട് എന്നിവയ്‌ക്കുള്ള പിന്തുണയോടെ 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ് എസ്‌യുവിയിലുള്ളത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








