ഹ്യുണ്ടായിയുടെ ഈ മോഡലിൻ്റെ കൂട്ടിയ വില അറിഞ്ഞോ, വെന്യു കിട്ടാൻ ഇനി മുടക്കേണ്ടത് ഇത്ര
പുതുവർഷത്തിലേക്ക് കടക്കുമ്പോൾ വാഹന നിർമാതാക്കളെല്ലാം വില വർധിപ്പിച്ചിരിക്കുകയാണ്. കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ മോഡലുകൾക്ക് വില വർധിപ്പിക്കുമെന്ന 2024 ഡിസംബറിൽ തന്നെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഹ്യുണ്ടായി ഇന്ത്യയിലെ തങ്ങളുടെ ലൈനപ്പിലെ മുഴുവൻ മോഡലുകളുടെയും വിലയിൽ മാറ്റം വരുത്തിയിരിക്കുകയാണ്. 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന വില വർധനവ് വാഹനങ്ങളുടെ വേരിയൻ്റ്, മോഡൽ എന്നിവ കണക്കിലെടുത്താണ്. ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലും വിൽപ്പനയിൽ മുന്നിൽ നിൽക്കുന്ന വെന്യുവിൻ്റെ വിലയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഹ്യുണ്ടായി വെന്യുവിന് 9,000 രൂപയുടെ വില വർധനവ് ആണ് കമ്പനി നൽകിയിരിക്കുന്നത്. എന്നാൽ ഇത് തെരഞ്ഞെടുത്ത വേരിയൻ്റുകൾക്കാണ് ബാധകമായിട്ടുളളത്. E 1.2 പെട്രോൾ MT, S(O) 1.2 പെട്രോൾ MT, S(O)+ 1.2 പെട്രോൾ MT, എക്സിക്യൂട്ടീവ് 1.0 ടർബോ-പെട്രോൾ MT എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത പതിപ്പുകളുടെ വിലയിൽ കമ്പനി ഒരു മാറ്റവും വരുത്തിയിട്ടില്ല. മറ്റെല്ലാ വേരിയൻ്റുകൾക്കും വില കൂട്ടിയിട്ടുണ്ട്.

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎല്ലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയുമായാണ് ഹ്യുണ്ടായി വെന്യു വരുന്നത്. 15 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളും മുന്നിലും പിന്നിലും സിൽവർ സ്കിഡ് പ്ലേറ്റുകളും കോംപാക്‌ട് എസ്‌യുവിയുടെ എക്സ്റ്റീരിയറിന് കിടിലൻ ലുക്ക് സമ്മാനിക്കുന്നുണ്ട്. അകത്തളത്തിനെ അടിപൊളിയാക്കുന്നതിന് ഹ്യുണ്ടായി വെന്യു ഡ്യൂവൽ ടോൺ ഇൻ്റീരിയറാണ് ഒരുക്കിയിരിക്കുന്നതും.
സബ് കോംപാക്‌ട് എസ്‌യുവിയിലെ സിൽവർ ആക്‌സൻ്റുകളോട് കൂടിയ ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ഗ്രേ ക്യാബിൻ തീം പ്രീമിയം ഫീലാണ് സമ്മാനിക്കുന്നത്. സീറ്റുകൾക്ക് ഒരേ ഡ്യുവൽ-ടോൺ ലെതറെറ്റ് അപ്ഹോൾസ്റ്ററിയും കമ്പനി കൊടുത്തിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്. കൂടാതെ വെന്യുവിൽ സിംഗിൾ പാൻ സൺറൂഫിന്റെ സാന്നിധ്യം കൂടിയാവുമ്പോൾ സംഗതി കളറാവുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ ഈ ഹ്യുണ്ടായി എസ്‌യുവിക്ക് 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഉള്ള കീലെസ് എൻട്രി എന്നിവ പോലുള്ള ആധുനിക ഫീച്ചറുകളെല്ലാം ലഭിക്കും. സേഫ്റ്റിയിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് ആയി തന്നെ ആറ് എയർബാഗുകൾ വരെ കമ്പനി വാഹനത്തിൽ കൊടുത്തിട്ടുണ്ട്.
ഇതുകൂടാതെ ഒരു റിവേഴ്സ് പാർക്കിംഗ് ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ലെവൽ-1 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ഫീച്ചറുകളും ഹ്യുണ്ടായി വെന്യുവിനെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ വേറിട്ടുനിർത്തുന്ന കാര്യങ്ങളാണ്. 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും വാഹനത്തിനുണ്ട്.
മഹീന്ദ്ര XUV 3XO, ടാറ്റ നെക്സോൺ, മാരുതി ബ്രെസ, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ സബ്കോംപാക്ട് എസ്‌യുവികൾക്കെതിരെയാണ് കൊറിയൻ കാറിന്റെ മത്സരം. ഒപ്പം മാരുതി ഫ്രോങ്ക്സ്, ടൊയോട്ട ടെയ്സർ തുടങ്ങിയ സബ്-4 മീറ്റർ ക്രോസ്ഓവറുകൾക്ക് ബദലായും വെന്യുവിനെ പരിഗണിക്കാവുന്നതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








