മലയാളികള്‍ക്ക് ആദ്യം വാങ്ങാം! വിന്‍ഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യ ഡീലര്‍ഷിപ്പ് വരുന്നത് ഈ നഗരത്തില്‍
ഇന്ത്യയില്‍ ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ വിപണി വളര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ അതിനൊപ്പം നടക്കുകയാണ് കേരളമെന്ന് എല്ലാവര്‍ക്കും അറിയാം. പുതിയ ടെക്‌നോളജിയെയും വാഹനങ്ങളെയും അതിവേഗം പുല്‍കാന്‍ മനസ്സ് കാണിക്കുന്നവരാണ് മലയാളികള്‍. താരതമ്യേന ചെറിയ സംസ്ഥാനമാണെങ്കില്‍ കൂടി കേരളത്തിലെ നിരത്തുകളില്‍ ഇന്ന് നമുക്ക് ധാരാളം ഇലക്ട്രിക് വാഹനങ്ങള്‍ കാണാനാകും. താരതമ്യേന തരക്കേടില്ലാത്ത ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനത്തുണ്ട്. വിയറ്റ്‌നാമീസ് ഇവി നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ പോകുകയാണെന്ന വിവരം എല്ലാവരും അറിഞ്ഞിട്ടുണ്ടാകും. കമ്പനി ഇന്ത്യയില്‍ ആദ്യം സ്ഥാപിക്കുന്ന ഡീലര്‍ഷിപ്പുകളില്‍ ഒന്ന് നമ്മുടെ സ്വന്തം കേരളത്തിലാണ്. അത് എവിടെയാണെന്ന് ചുവടെ വിശദമായി വായിക്കാം.
ആഗോള വിപണിയില്‍ സാക്ഷാല്‍ ടെസ്‌ലയോടടക്കം മുട്ടിനില്‍ക്കുന്ന കമ്പനിയാണ് വിന്‍ഫാസ്റ്റ്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഇവി വിഭാഗത്തിലെ അറിയപ്പെടുന്ന പേരാകാന്‍ ഈ ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ട്. ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വാഹനനിര പ്രദര്‍ശിപ്പിച്ച കമ്പനി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വമ്പന്‍ വാഹന നിര്‍മാശാല സ്ഥാപിച്ച് വരികയാണ്. ഇവി പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണെങ്കിലും അതിന് മുമ്പേ തന്നെ ബ്രാന്‍ഡ് ഇറക്കുമതിയായി കാറുകള്‍ ഇന്ത്യയില്‍ വില്‍പ്പനക്ക് വെക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

വിന്‍ഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യത്തെ ഡീലര്‍ഷിപ്പ് നമ്മുടെ സ്വന്തം കേരളത്തിലാണ് തുറക്കാന്‍ പോകുന്നതെന്നാണ് വിവരം. പണി ഏകദേശം തീരാറായ വിന്‍ഫാസ്റ്റ് ഡീലര്‍ഷിപ്പിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈനില്‍ കണ്ട ഇന്ത്യയിലെ വിന്‍ഫാസ്റ്റ് ഡീലര്‍ഷിപ്പിന്റെ ചിത്രങ്ങളുടെ ആദ്യ സെറ്റാണിത്. എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ സ്ഥാപിക്കുന്ന വിന്‍ഫാസ്റ്റ് ഷോറൂമിന്റെ ചിത്രങ്ങള്‍ ദീപക് സിഎസ് ആണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.
ഡീലര്‍ഷിപ്പിന്റെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെങ്കിലും അത് കാണാന്‍ എങ്ങിനെയിരിക്കുമെന്ന ഒരു ഏകദേശ ധാരണ ഫോട്ടോസ് നമുക്ക് സമ്മാനിക്കുന്നു. സിംപിള്‍ ഡ്യുവല്‍-ടോണ്‍ ബ്ലൂഷെയ്ഡിലുള്ള ബാനറില്‍ വിന്‍ഫാസ്റ്റ് ലോഗോ കാണാം. ഉള്‍വശം ചിത്രങ്ങളില്‍ വ്യക്തമല്ലെങ്കിലും ഓപ്പണ്‍-സ്പേസ് കണ്‍സെപ്റ്റിലായിരിക്കും പൂര്‍ത്തിയാക്കുകയെന്നാണ് തോന്നുന്നത്. അവിടെ കാറുകള്‍ മുന്നിലും സ്റ്റാഫ്, കസ്റ്റമര്‍ ഡിസകഷന്‍ ഏരിയ പിന്നിലുമായിരിക്കും.
ഡീലര്‍ഷിപ്പുകളുടെ ജോലികള്‍ തകൃതിയില്‍ പുരോഗമിക്കുന്നത് കമ്പനി പുതിയ ഉല്‍പ്പന്നങ്ങള്‍ ഉടനടി വിപണിയിലിറക്കുമെന്നതിന്റെ സൂചനയാണെന്ന് തോന്നുന്നു. തുടക്കത്തില്‍ VF6, VF7 എന്നീ ഇലക്ട്രിക് എസ്‌യുവികള്‍ പുറത്തിറക്കാനാണ് വിന്‍ഫാസ്റ്റിന്റെ പ്ലാന്‍. രണ്ട് മോഡലുകളും ഈ വര്‍ഷം തന്നെ ലോഞ്ച് ചെയ്‌തേക്കും. ശേഷം ഓരോ മോഡലുകളായി കൊണ്ടുവന്ന് ഘട്ടംഘട്ടമായായിരിക്കും മോഡല്‍ നിര വിപുലീകരിക്കുക.
തൂത്തുക്കുടിയിലെ പ്ലാന്റ് പ്രവര്‍ത്തനസജ്ജമായാല്‍ ആഭ്യന്തര വിപണിയിലേക്ക് മാത്രമല്ല കയറ്റുമതിക്കുള്ള കാറുകളും അവിടെ തന്നെ നിര്‍മിക്കും. പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ആയിരക്കണക്കിനാളുകള്‍ക്ക് ജോലിയും ലഭിക്കും. ആഭ്യന്തര ഉത്പാദനം കാരണം കുറഞ്ഞ വിലയില്‍ വിന്‍ഫാസ്റ്റ് ഇവികള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഏതായാലും വിന്‍ഫാസ്റ്റ് തുടക്കത്തില്‍ കൊണ്ടുവരാന്‍ പോകുന്ന രണ്ട് കാറുകളെ നമുക്ക് ചെറുതായി ഒന്ന് പരിചയപ്പെടാം.

VF6: ഇന്ത്യയില്‍ രണ്ട് തവണ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തിയ ഇത് ഒരു മിഡ്‌സൈസ് എസ്‌യുവിയാണ്. അതായത് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് വരാന്‍ പോകുന്ന മാരുതി ഇ-വിറ്റാര എന്നിവയുടെ ഏകദേശം അതേ വലിപ്പമുള്ള ഇലക്ട്രിക് എസ്യുവിയാണ് VF6. ഇവിക്ക് 4,238 mm നീളമാണുള്ളത്. നിസാന്‍ ജ്യൂക്കിനോട് സാമ്യമുള്ള ഫ്രണ്ട് ഫാസിയയാണ് കാറിന് ലഭിക്കുന്നത്.
ക്ലോസ്ഡ് ഗ്രില്ലിനൊപ്പം മധ്യഭാഗത്തായി വിന്‍ഫാസ്റ്റ് ലോഗോയും സ്ലീക്ക് എല്‍ഇഡി ഡിആര്‍എല്ലുകളും ലഭിക്കുന്നു. 4-ഡോര്‍ എസ്യുവിയുടെ വശങ്ങളിലേക്ക് നീങ്ങിയാല്‍ അല്‍പ്പം ചരിഞ്ഞ റൂഫും, വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റും കട്ടിയുള്ള ക്ലാഡിംഗും വലിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളും കാണാം. വേരിയന്റുകള്‍ക്ക് അനുസരിച്ച് 17 ഇഞ്ച്, 19 ഇഞ്ച് സൈസുകളില്‍ വാങ്ങാനാകും.
ഇക്കോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ആഗോള വിപണിയില്‍ ഈ കാര്‍ വില്‍ക്കുന്നത്. ഇതില്‍ ഇക്കോ വേരിയന്റ് ആയിരിക്കും ഇന്ത്യക്ക് ലഭിക്കുക. 174 bhp പവറും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന സിംഗിള്‍-മോട്ടോര്‍ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. ഇവിയില്‍ ഘടിപ്പിച്ച 59.6kWh ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 410 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. 18 മുതല്‍ 24 ലക്ഷം രൂപ വരെയാണ് ഇവിക്ക് വില പ്രതീക്ഷിക്കുന്നത്.
VF7: VF6-ന്റെ മുകളിലായി സ്ഥാനം പിടിക്കുന്ന VF7 അല്‍പ്പം കൂടി വലിയ മോഡലാണ്. 4,545 mm നീളവും 1,890 mm വീതിയും 1,635 mm ഉയരവുമാണ് വലിപ്പമെങ്കിലും VF6-ന് സമാനമായ ഡിസൈനിലാണ് ഇത് വരുന്നത്. ഗ്ലോബല്‍ സ്‌പെക്ക് VF7 ഇവി സിംഗിള്‍, ഡ്യുവല്‍ മോട്ടോര്‍ ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്യുന്നു. സിംഗിള്‍-മോട്ടോര്‍ വേരിയന്റ് 201 bhp പവറും 310 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ഡ്യുവല്‍-മോട്ടോര്‍ വേരിയന്റ് 349 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വിദേശവിപണികളില്‍ എസ്‌യുവിക്ക് 75.3 kWh ബാറ്ററി പായ്ക്കാണ് കരുത്ത് പകരുന്നത്. സിംഗിള്‍-മോട്ടോര്‍ വേരിയന്റിന് 450 കിലോമീറ്ററും ഡ്യുവല്‍-മോട്ടോര്‍ പതിപ്പിന് 431 കിലോമീറ്ററുമാണ് ഡ്രൈവിംഗ് റേഞ്ച് പറയുന്നത്. 30 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ കാറിന്റെ വില പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








