2025-ൽ സെഡാൻ സെഗ്മെൻ്റ് തിരിച്ചു പിടിച്ച പടയാളികൾ; ടാറ്റ മുതൽ ടൊയോട്ടയിൽ നിന്നുമെത്തിയ കില്ലാടികൾ
ഒരിക്കൽ ഇന്ത്യൻ വിപണിയെ അടക്കിവാണിരുന്ന സെഗ്മെൻ്റായിരുന്നു സെഡാനുകളുടേത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി എസ്‌യുവി സെഗ്മെൻ്റ് ആ ഭരണം കൈക്കലാക്കി വെച്ചിരിക്കുകയാണ്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും മികച്ച യാത്രാ അനുഭവവും എല്ലാം നൽകുന്നതിനാൽ എല്ലാവരും ഇപ്പോൾ കൂടുതലായും എസ്‌യുവികൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഇതിന്റെ ഫലമായി പല സെഡാൻ മോഡലുകളും വിൽപ്പനയിൽ പിന്നോട്ടുപോകുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ചില പുതിയ തലമുറ മോഡലുകൾ വിപണിയിലെത്തിയതോടെ സെഡാൻ വിഭാഗം വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്. അവയിലെ ഏതാനും മോഡലുകളെ ഈ ലേഖനത്തിലൂടെ പരിചയപെടാം.
ടാറ്റ ടിഗോർ: ടാറ്റ മോട്ടോഴ്‌സിന്റെ ഇപ്പോഴത്തെ ഒരേയൊരു സെഡാൻ മോഡലാണ് ടിഗോർ. ഇത് ടിയാഗോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉറച്ച ബിൽഡ് ക്വാളിറ്റിയും നല്ല ഡ്രൈവിംഗും നൽകുന്ന ഒരു കാറാണിത്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ മോഡലിൻ്റെ നിലനിൽപ്പിന് അടിത്തറ. ഇത് 86 bhp പവറും 113 Nm ടോർക്കും ഉല്പാദിപ്പിക്കുന്നു. CNG ഓപ്ഷനും ലഭ്യമായത് കൊണ്ട് ദൈനംദിന ഉപയോഗത്തിൽ നല്ലൊരു തിരഞ്ഞെടുപ്പായിരിക്കും.

ഹ്യുണ്ടായി ഓറ: ബജറ്റ് ഫ്രണ്ട്ലി കോംപാക്റ്റ് സെഡാനാൻ വിഭാഗത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു മോഡലാണിത്. ഇതിൽ 1.2 ലിറ്റർ ബൈ-ഫ്യുവൽ എഞ്ചിനാണ് നൽകിയിരിക്കുന്നത്. 69 bhp പവറും 95.2 Nm ടോർക്കും കൈവരിക്കുന്നുണ്ട്. കൂടാതെ 5-സ്പീഡ് മാനുവൽ ഗിയർബോക്സ് ഉപയോഗിച്ചിരിക്കുന്നതിനാൽ ദിനംപ്രതി യാത്രക്കും നല്ല മൈലേജിനും അനുയോജ്യമാണ്. വെറും 5.98 ലക്ഷം രൂപ എക്‌സ്ഷോറൂം വില മുടക്കിയാൽ ഈ മോഡലിനെ നിങ്ങൾക്ക് സ്വന്തമാക്കാം.
ടൊയോട്ട കാമ്രി: 47.62 ലക്ഷം രൂപ മുതൽ എക്‌സ്ഷോറൂം വില ആരംഭിക്കുന്ന കാമ്രി ജനപ്രിയമായ പ്രീമിയം ഹൈബ്രിഡ് സെഡാനുകളിൽ ഒന്നാണ്. ഇതിൽ 2.5 ലിറ്റർ പെട്രോൾ, ഹൈബ്രിഡ് എന്നീ എഞ്ചിനാണ് ലഭിക്കുന്നത്. ഈ മോഡലിൽ ADAS സാങ്കേതികവിദ്യയും ടൊയോട്ട സേഫ്റ്റി സെൻസ് പാക്കേജും ലഭ്യമാണ്. ഇതിൽ ഓട്ടോ എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റോഡ് സൈൻ അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ തുടങ്ങിയ പ്രധാന സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുന്നു.

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ: ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ബിഎംഡബ്ല്യു കാറുകളിൽ ഒന്നാണ് ഈ മോഡൽ. 45.30 ലക്ഷംരൂപ മുതലാണ് എക്‌സ്ഷോറൂം വില. ഇതിൽ 1.5 ലിറ്റർ ട്വിൻ-പവർ ടർബോ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 156 bhp പവറും 230 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. അതിനോടൊപ്പം മൾട്ടിപ്പിൾ എയർബാഗുകൾ, സ്റ്റാബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, പാർക്കിംഗ് അസിസ്റ്റ്, ഡ്രൈവർ എയ്ഡ് സിസ്റ്റങ്ങൾ തുടങ്ങിയവയും ലഭ്യമാണ്.
ഹോണ്ട സിറ്റി: ഇന്ത്യയിലെ മിഡ്-സൈസ് സെഡാനുകളിൽ ഏറ്റവും പ്രശസ്തമായി തുടരുന്ന ഒന്നാണ് സിറ്റി. നീളം, കംഫർട്ട്, റൈഡ് ക്വാളിറ്റി എന്നിവയിൽ ഈ മോഡൽ വർഷങ്ങളായി ഒരു സ്റ്റാൻഡേർഡ് സ്ഥാപിച്ചിട്ടുണ്ട്. 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിലെ പ്രധാന ഹൈലൈറ്റ്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കൂടുതൽ ആഡംബര സ്പർശം നൽകുന്ന പ്രീമിയം ലെതർ സീറ്റുകൾ, സിംഗിൾ-പെയിൻ സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും മറ്റ് പ്രത്യേകതകളാണ്.

സ്കോഡ സ്ലാവിയ: മികച്ച ഡ്രൈവിംഗ് പ്രകടനത്തിലൂടെ മറ്റെല്ലാ ബജറ്റ് സെഡാനുകളിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്ന ഒരു മോഡലാണ് സ്ലാവിയ. ഇതിൽ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. ട്രാൻസ്മിഷനായി 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, കൂടാതെ അതിവേഗ ഗിയർ ചേഞ്ചിന് പേരുകേട്ട 7-സ്പീഡ് DSG ഓപ്ഷനും ലഭ്യമാണ്. 9.99 ലക്ഷം രൂപമുതലാണ് വില ആരംഭിക്കുന്നത്.
ഹോണ്ട അമേസ്: ബ്രാൻഡിൻ്റെ ഏറ്റവും ലളിതവും വിലകുറഞ്ഞതുമായ സെഡാനാണ് അമേസ്. 7.40 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് അമേസിന് കരുത്ത് നൽകുന്നത്. സുരക്ഷയിൽ ആറ് എയർബാഗുകൾ, ഹോണ്ട സെൻസിംഗ് ADAS, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ലഭ്യമാണ്. കാറിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ, വയർലെസ് ചാർജർ, ആറ് സ്പീക്കർ മ്യൂസിക് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications