ഡിഫെന്‍ഡറും റേഞ്ച് റോവറും ബുള്ളറ്റ് പോലാകും! ആഡംബര കാറുകള്‍ 'ചീപ്പാക്കുന്ന' വ്യാപാര കരാര്‍ ഒപ്പുവെച്ച് ഇന്ത്യ
മികച്ച ഉത്പാദന അടിത്തറയും ആഗോളതലത്തില്‍ നാലാമത്തെ വലിയ ഓട്ടോമൊബൈല്‍ ഉല്‍പ്പാദക രാജ്യമായിരുന്നിട്ടും ആഗോളതലത്തില്‍ വാഹന വിപണിയില്‍ ഇന്ത്യയുടെ പങ്ക് വളരെ കുറവാണ്. എന്നാല്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിക്ക് ഗുണം ചെയ്യുന്ന ഒരു കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ് ഇന്ത്യയും യുകെയും. ഇന്ത്യയും യുകെയും തമ്മില്‍ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാര്‍ (FTA) ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരം ശക്തിപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയുടെ ഓട്ടോ ഘടകങ്ങളുടെ കയറ്റുമതി സാധ്യത വര്‍ധിപ്പിക്കും. മാത്രമല്ല ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് കാറുകള്‍ അടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയതിനുശേഷം യുകെ ഏര്‍പ്പെടുന്ന നിര്‍ണായകമായ വ്യാപാര കരാറാര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വാണിജ്യപരമായി ഏറെ പ്രാധാന്യമുള്ളതാണ്. നിലവില്‍ ബ്രിട്ടനില്‍ നിന്നുള്ള വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ 100 ശതമാനമാണ്. ഇത് 10 ശതമാനമായാണ് കുറയാന്‍ പോകുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജെഎല്‍ആര്‍ പോലുള്ള കമ്പനികള്‍ക്ക് ഏറെ ഗുണം ചെയ്യാന്‍ പോകുന്ന ഈ നീക്കം വാഹന ലോകത്ത് വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷത്തിലേറെ നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഈ കരാര്‍ 2040 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം വാര്‍ഷിക വ്യാപാരം 25.5 ബില്യണ്‍ പൗണ്ട് വര്‍ദ്ധിപ്പിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങളുടെയും തീരുവ യുകെ നീക്കം ചെയ്യുന്നതിനാല്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് വലിയ ഉത്തേജനം നല്‍കുന്നു.
വസ്ത്രങ്ങള്‍, സമുദ്ര ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഓട്ടോ ഘടകങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഈ കരാര്‍ നേരിട്ട് പ്രയോജനപ്പെടും. യുകെയില്‍ നിന്നുള്ള കാര്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 90 ശതമാനം തീരുവ കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചത് കാറുകളുടെ വില കുറയാന്‍ ഇടയാക്കും. അതിനാല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ബെന്റ്‌ലി, മിനി, റോള്‍സ് റോയ്സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ പൂര്‍ണമായി ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് കാര്യമായ വിലക്കുറവിന് സാക്ഷ്യം വഹിക്കും.

ഇവയെല്ലാം യുകെയില്‍ നിര്‍മ്മിക്കുന്നവയാണ്. അവരുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഉടനീളം വിലക്കുറവിന്റെ പ്രയോജനം ലഭിക്കാന്‍ സാധ്യതയുണ്ട്. താരിഫ് രഹിതമാകുന്ന മോഡലുകളുടെ എണ്ണവും 'ഹൈ-എന്‍ഡ് കാര്‍' എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന കാര്യം രണ്ട് രാജ്യങ്ങളിലെയും സര്‍ക്കാറുകള്‍ ഇനിയും വ്യക്തത വരുത്തേണ്ടത് ഉണ്ട്. ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ആയ ട്രയംഫിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന ബജാജ് ഓട്ടോയും ടിവിഎസിന്റെ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സും കരാറിന്റെ ഗുണഭോക്താക്കളായി മാറും.
കഴിഞ്ഞ വര്‍ഷം ഇന്ത്യ യുകെയില്‍ നിന്ന് 650 കോടി രൂപയുടെ കാറുകള്‍ ഇറക്കുമതി ചെയ്തതായാണ് കണക്കുകള്‍. അതേസമയം മോട്ടോര്‍ സൈക്കിള്‍ ഇറക്കുമതി 30 കോടി രൂപയായിരുന്നു. 1,150 കോടി രൂപയുടെ ഓട്ടോ ഘടകങ്ങളും ഇറക്കുമതി ചെയ്തു. ഇന്ത്യയില്‍ നിലവില്‍ കാറുകള്‍ വില്‍ക്കുന്ന ആഡംബര ബ്രാന്‍ഡുകളായ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ബെന്റ്‌ലി, ഫെറാറി, റോള്‍സ് റോയ്സ്, ജെഎല്‍ആര്‍ എന്നിവയടക്കം 500 കോടി രൂപയുടെ വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്.

കാറുകള്‍ മാത്രമല്ല ബൈക്കുകള്‍ക്കും കരാര്‍ പ്രയോജനം ചെയ്യും. യുകെയില്‍ നിര്‍മ്മിച്ച ലിമിറ്റഡ് എഡിഷന്‍ ട്രയംഫ് ബൈക്കുകള്‍ ഇനി കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമായിത്തീരും. റോക്കറ്റ് 3 ഇവല്‍ നീവല്‍ എഡിഷന്‍ പോലുള്ള ലിമിറ്റഡ് എഡിഷന്‍ ട്രയംഫ് ബൈക്കുകളുടെ വില കുറയാനും സ്വതന്ത്ര വ്യാപാര കരാര്‍ കാരണമാകുന്നു. യുകെയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന ഈ ബൈക്കുകളുടെ വില കുറയാന്‍ പോകുന്നുവെന്ന വാര്‍ത്ത വണ്ടിപ്രാന്തന്‍മാര്‍ക്ക് ആവേശം തരുന്നു.
ഇരു സര്‍ക്കാറുകളും കരാറില്‍ കൂടുതല്‍ വ്യക്തത വരുത്തുമ്പോള്‍ വില എത്രത്തോളം കുറയുമെന്ന് നമുക്ക് അറിയാം. ഇന്ത്യയിലെ കാര്‍ നിര്‍മ്മാതാക്കള്‍ക്കും ബൈക്ക് നിര്‍മ്മാതാക്കള്‍ക്കും കരാര്‍ കൊണ്ട് നേട്ടമുണ്ടാകും.മഹീന്ദ്ര, മാരുതി സുസുക്കി, ടൊയോട്ട, ജെഎല്‍ആര്‍, റോയല്‍ എന്‍ഫീല്‍ഡ്, ടിവിഎസ്, ബജാജ് എന്നിവയ്ക്ക് യുകെയിലേക്കുള്ള ഇറക്കുമതിയില്‍ താരിഫ് ഒഴിവാക്കാനുള്ള തീരുമാനം പ്രയോജനപ്പെടും.
മഹീന്ദ്ര, റോയല്‍ എന്‍ഫീല്‍ഡ്, ടിവിഎസ്, ബജാജ് തുടങ്ങിയ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കും ജെഎല്‍ആര്‍, മാരുതി സുസുക്കി, ടൊയോട്ട പോലുള്ള ഇന്ത്യയില്‍ വാഹന ഉത്പാദന കേന്ദ്രങ്ങളുള്ള അന്താരാഷ്ട്ര കമ്പനികള്‍ക്കും ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഗുണം ചെയ്യും. ഈ ബ്രാന്‍ഡുകളില്‍ ചിലത് നിലവില്‍ യുകെയിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച മോഡലുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ചിലര്‍ അധികം വൈകാതെ ഇറക്കുമതി ചെയ്യാന്‍ പദ്ധതിയിടുകയും ചെയ്യുന്നു.
മാരുതിയുടെയും ടൊയോട്ടയുടെയും ആദ്യ ഇവികള്‍ ആഭ്യന്തര വിപണികളിലേക്കും വിദേശത്തേക്കുമായി സുസുക്കിയുടെ ഗുജറാത്ത് പ്ലാന്റിലാണ് നിര്‍മിക്കുന്നത്. ആദ്യ ബാച്ചിലെ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും വിദേശ വിപണികള്‍ ലക്ഷ്യമിട്ടാണ് പണികഴിപ്പിക്കുന്നതെന്ന് മാരുതി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സുസുക്കിയുടെ ഇവികള്‍ മികച്ച വില്‍പ്പനക്കെത്തിക്കാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ സഹായിക്കും.
ബ്രിട്ടീഷ് ബ്രാന്‍ഡുകളെ കുറിച്ച് പറയുമ്പോള്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇതിനകം തന്നെ മഹാരാഷ്ട്രയിലെ പൂനെയിലുള്ള അവരുടെ പ്ലാന്റില്‍ റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ വെലാര്‍, റേഞ്ച് റോവര്‍, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് തുടങ്ങിയ മോഡലുകള്‍ പ്രാദേശികമായി അംബിള്‍ ചെയ്യുന്നുണ്ട്. പുതിയ സംഭവവികാസങ്ങള്‍ മോഡലുകളുടെ വില വീണ്ടും കുറയ്ക്കാന്‍ സാധ്യത കാണുന്നു. റോയല്‍ എന്‍ഫീല്‍ഡ്, ടിവിഎസ്, ബജാജ് എന്നീ ചില ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കള്‍ക്കും കരാര്‍ കൊണ്ട് ഗുണമുണ്ടാകും.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ മുഴുവന്‍ മോഡല്‍ നിരയും ബ്രിട്ടനില്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. പുതിയ നീക്കം കമ്പനിക്ക് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ആരംഭിക്കാനുള്ള അവസരമൊരുക്കുന്നു. പിയാജിയോ, ടിവിഎസ്, ബജാജ് എന്നിവയും ഇന്ത്യയില്‍ നിര്‍മിക്കുന്ന ചില മോഡലുകള്‍ യുകെ വിപണിയില്‍ എത്തിക്കുന്നു. നിലവിലുള്ള ഇമിഗ്രേഷന്‍ നയങ്ങള്‍ ക്രമീകരിക്കാതെ തന്നെ പ്രൊഫഷണലുകള്‍ക്കുള്ള യാത്രാ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ ബിസിനസ് മൊബിലിറ്റി മെച്ചപ്പെടുത്താനും കരാര്‍ സഹായിക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ബന്ധത്തിലെ നിര്‍ണായകമായ ഒരു ചുവടുവയ്പ്പായി കരാറിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും വിശേഷിപ്പിച്ചു. ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഇപ്പോഴും ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അംഗീകാര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഒരു വര്‍ഷത്തിനുള്ളില്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ ബാക്കി ഭാഗങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








