2025-ല്‍ നമ്മളെല്ലാവരും വിശ്വസിച്ചുപോയ ആ 6 വാര്‍ത്തകള്‍ ആരോ 'തള്ളിയതാ'! യമഹയും ടാറ്റയും അംബാസഡറും വരെ ഇരയായി
ഇന്ത്യന്‍ വാഹന വിപണി എന്നും പുതുപുത്തന്‍ വാര്‍ത്തകളാല്‍ സജീവമാണ്. എന്നാല്‍ പലപ്പോഴും ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അതിവേഗം പ്രചരിക്കുകയും വാഹനപ്രേമികള്‍ അവ കണ്ട് ആവേശഭരിതരാകുകയും ചെയ്യാറുണ്ട്. പിന്നീടാണ് ഐക്കണിക് ബ്രാന്‍ഡുകളുടെ തിരിച്ചുവരവും പുതിയ വാഹനങ്ങളുടെ ലോഞ്ചും സംബന്ധിച്ച് പ്രചരിച്ച പല റിപ്പോര്‍ട്ടുകളും വെറും കിംവദന്തികള്‍ മാത്രമാണെന്ന് വ്യക്തമായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വ്യാപകമായ 2025-ല്‍ വാഹന വിപണിയെക്കുറിച്ച് നിരവധി വ്യാജ വാര്‍ത്തകളാണ് പ്രചരിച്ചത്.
യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടുകളും ഉപയോഗിച്ച് പ്രചരിച്ച ഈ കിംവദന്തികള്‍ പല വാഹന പ്രേമികളെയും ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ വര്‍ഷാവസാനമായപ്പോഴേക്കും ഇവയില്‍ പലതും വസ്തുതാ വിരുദ്ധമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 2025-ല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ചില പ്രധാന കിംവദന്തികള്‍ നമുക്ക് പരിശോധിക്കാം.

ഫോര്‍ഡ് എന്‍ഡവറിന്റെ തിരിച്ചുവരവ്
2021-ല്‍ ഇന്ത്യ വിട്ടുപോയ അമേരിക്കന്‍ വാഹന ഭീമന്‍മാരായ ഫോര്‍ഡ് തങ്ങളുടെ കരുത്തന്‍ എസ്‌യുവി ആയ എന്‍ഡവര്‍ (എവറസ്റ്റ്) വഴി വീണ്ടും ഇന്ത്യന്‍ വിപണിയിലെത്തുന്നു എന്നതായിരുന്നു 2025-ലെ ഏറ്റവും വലിയ വാര്‍ത്തകളില്‍ ഒന്ന്. ഗുജറാത്തിലെ സാനന്ദ് പ്ലാന്റ് ടാറ്റക്ക് വിറ്റ ഫോര്‍ഡ് ചെന്നൈയിലെ പ്ലാന്റ് നിലനിര്‍ത്തുകയും എഞ്ചിന്‍ നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ വാര്‍ത്തയ്ക്ക് വിശ്വാസ്യതയേറി.
മാത്രമല്ല ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഡവറും ഫോര്‍ഡ് റേഞ്ചറും ചെന്നൈ നഗരത്തിന് സമീപം കാണപ്പെട്ട ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതോടെ എസ്‌യുവിയുടെ റീഎന്‍ട്രി ആസന്നമായതായി പലരും കരുതി. എന്നാല്‍, 2025 അവസാനിക്കാറായിട്ടും ഇതിനെ കുറിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും കമ്പനി നടത്തിയിട്ടില്ല. ഇന്ത്യക്കാര്‍ ഇപ്പോഴും ഫോര്‍ഡിനെ മിസ്സ് ചെയ്യുന്നുണ്ടെങ്കിലും എന്‍ഡവറിന്റെ തിരിച്ചുവരവ് നിലവില്‍ ഒരു പ്രതീക്ഷ മാത്രമായി തുടരുന്നു.
ടാറ്റ നാനോ ഇലക്ട്രിക് വരുന്നു?
അന്തരിച്ച വ്യവസായി രത്തന്‍ ടാറ്റ സാധാരണക്കാര്‍ക്ക് വേണ്ടി പണിത ടാറ്റ നാനോ എന്ന കോംപാക്ട് കാറിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ സാധിച്ചില്ലെന്ന കുറ്റബോധം ഇന്ത്യക്കാര്‍ക്കുണ്ട്. നാനോയുടെ ഗതി നിര്‍ണയിക്കുന്നതില്‍ ടാറ്റയുടെ ബ്രാന്‍ഡിംഗിനും പിഴച്ചുവെന്നത് സത്യമാണെങ്കിലും മികച്ച മൂല്യമുള്ള വാഹനമായി നാനോ പേരെടുത്തിട്ടുണ്ട്. ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ടാറ്റ തിളങ്ങി നില്‍ക്കുകയും കുഞ്ഞന്‍ ഇവികള്‍ക്ക് ഡിമാന്‍ഡ് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കമ്പനി ഐക്കോണിക് മോഡല്‍ ഇലക്ട്രിക് രൂപത്തില്‍ പുനരവതരിപ്പിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നു.
കിംവദന്തിക്ക് കരുത്ത് പകരാനായി രത്തന്‍ ടാറ്റയ്ക്ക് ഇലക്ട്രിക് നാനോ സമ്മാനിച്ചതുമായി ബന്ധപ്പെട്ട ചിത്രങ്ങളുമുണ്ടായിരുന്നു. എന്നാല്‍, ടാറ്റ മോട്ടോര്‍സ് ഔദ്യോഗികമായി ഇത്തരമൊരു പദ്ധതിയെ കുറിച്ച് ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. നിലവില്‍ ടിയാഗോ ഇവി, പഞ്ച് ഇവി എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭാവിയില്‍ ഒരു മൈക്രോ ഇവി പ്ലാറ്റ്ഫോം വന്നേക്കാമെങ്കിലും നാനോയുടെ തിരിച്ചുവരവ് നിലവില്‍ ഒരു കിംവദന്തി മാത്രമാണ്.

ടാറ്റ ടൂ-വീലര്‍ വിപണിയിലേക്ക്?
ടാറ്റ ഇരുചക്രവാഹന വിപണിയിലേക്ക് കടക്കുന്നു എന്ന വാര്‍ത്ത ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു. ടാറ്റയുടെ ലോഗോ പതിപ്പിച്ച 125 സിസി ബൈക്കുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ടാറ്റ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നു എന്നതായിരുന്നു മറ്റൊരു പ്രചാരണം. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം തള്ളി ടാറ്റ തന്നെ ഔദ്യോഗികമായി രംഗത്തെത്തി. തങ്ങള്‍ക്ക് ടൂ-വീലര്‍ വിപണിയില്‍ പ്രവേശിക്കാന്‍ നിലവില്‍ യാതൊരു പദ്ധതിയുമില്ലെന്ന് കമ്പനി വ്യക്തമാക്കി. പ്രചരിച്ച ചിത്രങ്ങള്‍ പലതും എഐ നിര്‍മിതമായിരുന്നു.
യമഹ RX100 റീഎന്‍ട്രി
മലയാളികള്‍ ഉള്‍പ്പെടെ വാഹന പ്രേമികളുടെ രോമാഞ്ചമായിരുന്ന ക്ലാസിക് യമഹ മോഡല്‍ RX100 തിരിച്ചുവരുന്നു എന്ന വാര്‍ത്ത 2025-ലും സജീവമായിരുന്നു. എന്നാല്‍ യമഹ ഇതിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പകരം, ഐക്കണിക് ബൈക്കിന്റെ പകരക്കാരനായി XSR155 റെട്രോ ബൈക്കിനെ ഉയര്‍ത്തിക്കാണിക്കുന്നു. പെര്‍ഫോമന്‍സ് ബൈക്കുകളിലും സ്‌കൂട്ടറുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യമഹ 100 സിസി വിഭാഗത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഹിന്ദുസ്ഥാന്‍ അംബാസഡര്‍ ഇവി
ഇന്ത്യന്‍ റോഡുകളിലെ രാജാവായിരുന്ന അംബാസഡര്‍ ഇലക്ട്രിക് രൂപത്തില്‍ തിരിച്ചുവരുന്നു എന്ന വാര്‍ത്ത പലരിലും നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയിരുന്നു. സ്റ്റെല്ലാന്റിസ് (Stellantis) ഗ്രൂപ്പ് അംബാസഡറിനെ ഇലക്ട്രിക് കുപ്പായമണിയിച്ച് റീലോഞ്ച് ചെയ്യും എന്നായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിച്ച സന്ദേശം. ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉല്‍പ്പാദനം നിര്‍ത്തിയ സെഡാന്‍ തിരിച്ചുകൊണ്ടുവരുന്നുവെന്നത് സംബന്ധിച്ച് സ്‌റ്റെല്ലാന്റിസ് ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ അംബാസഡര്‍ ഇവി വരുന്നുവെന്നത് വെറുമൊരു കിംവദന്തിയായി അവശേഷിക്കുന്നു.
റെനോയും നിസാനും ഇന്ത്യ വിടുന്നു?
2025-ല്‍ വാഹനലോകത്തെ പിടിച്ചുകുലുക്കിയ മറ്റൊരു പ്രചാരണമായിരുന്നു പ്രമുഖ ഫോറിന്‍ ബ്രാന്‍ഡുകളായ റെനോയും (Renault), നിസാനും (Nissan) ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നത്. നിസാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതിനെ പ്ലാന്റുകള്‍ അടച്ചപൂട്ടിയതും ജീവനക്കാരെ പിരിച്ചുവിട്ടതുമെല്ലാം ഈ വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നു. എന്നാല്‍ കമ്പനികള്‍ ഇന്ത്യ വിടുന്നുവെന്നത് പൂര്‍ണമായും വ്യാജമാണെന്ന് തെളിഞ്ഞു. നിസാന്‍ മാഗ്‌നൈറ്റും റെനാ കൈഗറും വിപണിയില്‍ മികച്ച മുന്നേറ്റം തുടരുന്നതിനിടയിലാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചത്.

അടുത്ത വര്‍ഷം പുത്തന്‍ മോഡലുകളുമായി വിപണിയില്‍ സജീവമാകാനാണ് ഇരു കമ്പനികളുടെയും തീരുമാനം. റെനോ ജനപ്രിയ എസ്‌യുവിയായ ഡസ്റ്റര്‍ റിപബ്ലിക് ദിനത്തില്‍ രാജ്യത്ത് പുനരവതരിപ്പിക്കാന്‍ പോകുകയാണ്. റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള ഗ്രാവൈറ്റ് കോംപാക്ട് എസ്‌യുവിയും ടെക്റ്റണ്‍ എസ്യുവിയുമാണ് നിസാന്‍ 2026-ല്‍ പുറത്തിറക്കാന്‍ പോകുന്നത്. ഡസ്റ്റര്‍ പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ക്ക് ശേഷം അതിന്റെ 7-സീറ്റര്‍ പതിപ്പും കൊണ്ടുവരും.
സമാനമായ പാറ്റേണ്‍ ടെക്റ്റണിന്റെ കാര്യത്തില്‍ നിസാനും പിന്തുടരും. വാഹനങ്ങള്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ ഇത്തരം വാര്‍ത്തകളുടെ സത്യാവസ്ഥ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ വിശ്വസനീയമായ ഓട്ടോമൊബൈല്‍ പോര്‍ട്ടലുകളിലൂടെയോ ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും എഐയും ഗ്രാഫിക് ഡിസൈനുകള്‍ ഉപയോഗിച്ച് നിര്‍മിച്ച വ്യാജ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വ്യാജ വാര്‍ത്തകളില്‍ വീഴാതെ അനാവശ്യമായ കാത്തിരിപ്പും തെറ്റായ തീരുമാനങ്ങളും ഒഴിവാക്കാം.


Click it and Unblock the Notifications








