ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ ആള്‍ട്ടോയോ ക്വിഡോ അല്ല! 34.43Km മൈലേജുള്ള കാറിന് ₹3.49 ലക്ഷം മാത്രം
ഇന്ന് (സെപ്റ്റംബര്‍ 22) മുതല്‍ പുതിയ ജിഎസ്ടി ഘടന പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ചെറുകാറുകളുടെ നികുതി കുറച്ചത് മൂലം ഇനി കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ വാങ്ങാം. 28 ശതമാനത്തിന് പകരം, ചെറിയ കാറുകള്‍ക്കും 350 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ക്കും 18 ശതമാനവും വലിയ കാറുകള്‍ക്കും ബൈക്കുകള്‍ക്കും 40 ശതമാനവും നികുതി ചുമത്തും. ഇതുവരെ ചുമത്തിയിരുന്ന സെസ് നിര്‍ത്തലാക്കുകയും കൂടി ചെയ്തതോടെ വാഹന വില ഗണ്യമായി കുറയും. ഉത്സവ കാലത്ത് ജിഎസ്ടി വെട്ടിക്കുറയ്ക്കുക കൂടി ചെയ്തതിനാല്‍ കാര്‍ ബ്രാന്‍ഡുകള്‍ക്ക് ഇനി ചാകരക്കാലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും ജിഎസ്ടി പരിഷ്‌കാരത്തിന് ശേഷമുള്ള തങ്ങളുടെ കാറുകളുടെ വിലക്കുറവും പുതിയ എക്സ്ഷോറൂം വിലകളും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചെറുകാറുകള്‍ വില്‍ക്കുന്ന മാരുതി സുസുക്കിയും തങ്ങളുടെ പോര്‍ട്ഫോളിയോയിലെ പുതിയ വിലകള്‍ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍, ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. അതിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

മാരുതി സെലേറിയോ: ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് മാരുതി സുസുക്കി സെലേറിയോ ആണ്. ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന ഈ മൈലേജ് കിംഗിന്റെ ബേസ് വേരിയന്റിന്റെ മുമ്പത്തെ വില 5.64 ലക്ഷം രൂപയായിരുന്നു. ഇനി മുതല്‍ സെലേറിയോ 4.69 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകും. നേരത്തെ 7.37 ലക്ഷം രൂപയ്ക്ക് വിറ്റിരുന്ന സെലേറിയോയുടെ ടോപ് വേരിയന്റിന്റെ വില 6.72 ലക്ഷം രൂപയായി കുറഞ്ഞു.
ടാറ്റ ടിയഗോ: ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ നാലാമത്തെ കാറാണ് ടാറ്റ ടിയാഗോ. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന സ്റ്റൈലും സേഫ്റ്റിയുമുള്ള ഈ ഹാച്ച്ബാക്കിന്റെ ബേസ് വേരിയന്റ് നേരത്തെ 4.99 ലക്ഷം രൂപയ്ക്കായിരുന്നു വിറ്റിരുന്നത്. ഇനി മുതല്‍ 4.57 ലക്ഷം രൂപ മുതലാണ് ടിയാഗോയുടെ വില തുടങ്ങുന്നത്. 8.54 ലക്ഷം രൂപ വിലയുണ്ടായിരുന്ന റേഞ്ച് ടോപ്പിംഗ് വേരിയന്റ് ഇനി മുതല്‍ 7.82 ലക്ഷം രൂപയ്ക്ക് ലഭ്യമാകും.

റെനോ ക്വിഡ്: ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ ഒരു നോണ്‍-മാരുതി മോഡല്‍ ആണ്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ പുറത്തിറക്കുന്ന ഈ കുഞ്ഞന്‍ ഹാച്ച്ബാക്കിന്റെ ബേസ് വേരിയന്റിന് നേരത്തെ 4.69 ലക്ഷം രൂപയായിരുന്നു വില. ഇപ്പോള്‍ ഈ വേരിയന്റിന്റെ വില 4.29 ലക്ഷം രൂപയായി കുറഞ്ഞു. നേരത്തെ 6.44 ലക്ഷം രൂപ വിലയുണ്ടായിരുന്ന ടോപ് സ്പെക്ക് വേരിയന്റ് ഇനി മുതല്‍ 5.90 ലക്ഷം രൂപയ്ക്ക് കിട്ടും.
മാരുതി ആള്‍ട്ടോ K10: ഇതുവരെ മാരുതിയുടെ എന്‍ട്രി ലെവല്‍ കാര്‍ മോഡല്‍ ആള്‍ട്ടോ K10 ആയിരുന്നു. വളരെക്കാലമായി മാരുതി ഹാച്ച്ബാക്ക് കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നത്. മുമ്പ് 4.23 ലക്ഷം രൂപയ്ക്ക് വിലയുണ്ടായിരുന്ന ഈ കാര്‍ ഇപ്പോള്‍ 3.69 ലക്ഷം രൂപയ്ക്ക് വില്‍ക്കുന്നു. ഇതിന്റെ ടോപ് വേരിയന്റിന് 6.20 ലക്ഷം രൂപയായിരുന്നു വില. ഇനി മുതല്‍ ഇത് 5.31 ലക്ഷം രൂപയ്ക്ക് വാങ്ങാം.

മാരുതി എസ്-പ്രെസോ: നിലവില്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ ആയി മാരുതി സുസുക്കി എസ്-പ്രെസോ മാറി. നേരത്തെ, 4.26 ലക്ഷം രൂപയുണ്ടായിരുന്ന ഈ കാറിന്റെ പ്രാരംഭ വില ഇപ്പോള്‍ 3,49,900 രൂപയായി. മാരുതി എസ്-പ്രെസോയ്ക്ക് കമ്പനി 76,000 രൂപയാണ് വെട്ടിക്കുറച്ചത്. ഈ മോഡലിന്റെ ഏറ്റവും ഉയര്‍ന്ന സിഎന്‍ജി വേരിയന്റിന്റെ വില 6.11 ലക്ഷം രൂപയില്‍ നിന്ന് 5.11 ലക്ഷം രൂപയായി കുറഞ്ഞു.
ഇന്ത്യയിലെ ജിഎസ്ടിയിലെ മാറ്റം ഏറ്റവും വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് ചെറുകാര്‍ വിഭാഗത്തിലാണ്. ഏകദേശം 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലക്കുറവ് ലഭിച്ചതിനാല്‍ സമീപകാലത്ത് എസ്‌യുവി ജ്വരം കാരണം മന്ദഗതിയിലായ ചെറുകാറുകളുടെ വില്‍പ്പന വീണ്ടും പച്ചപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പ്രീമിയം ബൈക്കിന്റെയും നല്ല സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെയും വിലയില്‍ പുത്തന്‍ കാര്‍ വാങ്ങാമെന്നതിനാല്‍ കൂടുതല്‍ പേര്‍ ഇരുചക്ര വാഹനങ്ങളില്‍ നിന്ന് കാറുകളിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications








