“തേടിയ ലാഭം കാലിൽ ചുറ്റി” എസ്‌യുവികൾക്ക് 31 ലക്ഷം രൂപയോളം വിലക്കുറച്ച് വണ്ടിഭ്രാന്തൻമാരുടെ ലാൻഡ് റോവർ.
ജീവിതത്തിൽ ഒരുതവണയെങ്കിലും ലക്ഷ്വറി കാറിൽ സഞ്ചരിക്കാനോ സ്വന്തമാക്കാനോ ആഗ്രഹിക്കാത്ത വണ്ടിഭ്രാന്തൻമാർ ഉണ്ടാവില്ല അല്ലേ. സാധാരണക്കാർക്ക് ഇതൊരിക്കലും നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്ന് അറിയാമെങ്കിലും പരിശ്രമിക്കാതിരിക്കരുത്. മനുഷ്യർ ആഗ്രഹിച്ചാൽ നടക്കാത്തതായി ഒന്നും തന്നെയില്ലെന്നതാണ് സത്യം. അടുത്ത ദിവസം ഓണം ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കാനൊക്കെ ഇരിക്കുകയല്ലേ. ഒന്നടിച്ചാൽ ഏതെങ്കിലും ഒരു ആഡംബര വാഹനം വാങ്ങിയേക്കാമെന്ന് പ്ലാനിട്ടിരിക്കുന്നവരും ഉണ്ടാവുമല്ലോ. ഒരു പ്രീമിയം എസ്‌യുവി അല്ലെങ്കിൽ ഒരു കാർ വാങ്ങണമെന്ന് കാലങ്ങളായി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ നല്ല ലാഭത്തിൽ വാഹനങ്ങൾ വാങ്ങാനാവുകയും സാധിക്കും.
ജിഎസ്ടി 2.0 പരിഷ്ക്കരണത്തിൻ്റെ ഭാഗമായി ആനുകൂല്യങ്ങൾ പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനികളെല്ലാം. ഇക്കൂട്ടത്തിൽ ജാഗ്വർ ലാൻഡ് റോവർ (JLR) എസ്‌യുവികളും വലിയ വിലക്കിഴിവിൽ വാങ്ങാനാവും. പുതിയ ജിഎസ്ടി നിരക്കുകൾക്ക് അനുസൃതമായി കമ്പനി 0.37 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നോക്കിയാലോ?
റേഞ്ച് റോവർ: പ്രീമിയം ഡിസൈൻ, നൂതന സാങ്കേതികവിദ്യകൾ, ഗംഭീര പെർഫോമൻസ് എന്നിവ കാഴ്ച്ചവെക്കുന്ന ലാൻഡ് റോവറിൻ്റെ ആഡംബര എസ്‌യുവികളിൽ ഒന്നാണ് റേഞ്ച് റോവർ. മുമ്പ് ഏകദേശം 4.56 കോടി എക്സ്ഷോറൂം വിലയുണ്ടായിരുന്ന റേഞ്ച് റോവർ SV LWB ഇപ്പോൾ 4.25 കോടിക്ക് വാങ്ങാനാവും. ഇതിനർഥം ഏകദേശം 31 ലക്ഷം രൂപയോളം വിലക്കുറവ് മോഡലിന് ലഭിച്ചിട്ടുണ്ടെന്നാണ്.
3.0 ലിറ്റർ പെട്രോൾ, ഡീസൽ മൈൽഡ്-ഹൈബ്രിഡ്, 500 bho കൂടുതൽ പവർ നൽകുന്ന ശക്തമായ 4.4 ലിറ്റർ ട്വിൻ-ടർബോ V8 എന്നിങ്ങനെ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളും ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയിൽ തിരെഞ്ഞെടുക്കാനാവും. പുതുക്കിയ വിലയുടെ അടിസ്ഥാനത്തിൽ റേഞ്ച് റോവർ ഇന്ത്യയുടെ ആഡംബര എസ്‌യുവി വിപണിയിൽ ശക്തമായ ഒരു എതിരാളിയായി മാറിക്കഴിഞ്ഞു.

റേഞ്ച് റോവർ സ്പോർട്: ജാഗ്വർ ലാൻഡ് റോവറിൻ്റെ മറ്റൊരു പ്രീമിയം ആഡംബര എസ്‌യുവിയാണ് റേഞ്ച് റോവർ സ്‌പോർട്. 3.0 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ, ഡീസൽ, 4.4 ലിറ്റർ പെട്രോൾ V8 എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളിൽ വരുന്ന വാഹനത്തിന് ജിഎസ്ടി 2.0 ആനുകൂല്യത്തെ തുടർന്ന് 10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ കുറഞ്ഞിട്ടുണ്ട്.
റേഞ്ച് റോവർ വെലാർ: ഡൈനാമിക് SE 2.0 പെട്രോൾ വേരിയൻ്റിൻ്റെ വില 84.90 ലക്ഷത്തിൽ നിന്ന് ഇപ്പോൾ 79.24 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. ഇതേസമയം ഓട്ടോബയോഗ്രഫി 2.0 പെട്രോൾ/ഡീസൽ വേരിയൻ്റിൻ്റെ വില 89.90 ലക്ഷം രൂപയിൽ നിന്ന് 83.91 ലക്ഷം രൂപയായി കുറഞ്ഞു. പിവി പ്രോ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ, നൂതന സുരക്ഷാ സാങ്കേതികവിദ്യകൾ, ആഡംബരപൂർണമായ ഇൻ്റീരിയർ എന്നിവയെല്ലാമായിട്ടാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്.

റേഞ്ച് റോവർ ഇവോക്ക്: ഒരു കോംപാക്‌ട് ആഡംബര എസ്‌യുവിയായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇവോക്ക് സ്റ്റൈൽ, പെർഫോമൻസ്, നൂതന സാങ്കേതികവിദ്യ എന്നിവയാൽ സമ്പന്നമാണ്. ഓട്ടോബയോഗ്രഫി 2.0 പെട്രോൾ/ഡീസൽ വേരിയൻിന് ഇപ്പോൾ 64.90 ലക്ഷം രൂപയാണ് വിലയുള്ളത്. 69.50 ലക്ഷം രൂപയിൽ നിന്നാണ് 64.90 ലക്ഷമാക്കി കുറച്ചിരിക്കുന്നത്. ഇതിലൂടെ ഇവോക്ക് വാങ്ങുന്നവർക്ക് 4.6 ലക്ഷം രൂപ വരെ ലാഭിക്കാൻ സാധിക്കുന്നുണ്ട്.
ഡിഫെൻഡർ: റേഞ്ച് റോവർ ഡിഫെൻഡർ ആധുനിക സുഖസൗകര്യങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് അസാധാരണമായ ഓഫ്-റോഡ് ശേഷി കൈവരിക്കാൻ സാധിക്കുന്ന കരുത്തുറ്റതും എന്നാൽ ആഡംബരപൂർണവുമായ എസ്‌യുവിയാണ്. ഡിഫെൻഡർ 90 (3-ഡോർ), 110 (5-ഡോർ), 130 (ലോംഗ്-വീൽബേസ് 5-ഡോർ) എന്നീ മൂന്ന് ബോഡി സ്റ്റൈലുകളിൽ ലഭ്യമാണ്. ജിഎസ്ടി 2.0 നടപ്പിലാക്കിയതിനെത്തുടർന്ന് വേരിയൻ്റിനെ ആശ്രയിച്ച് 7 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്ക് കുറഞ്ഞിരിക്കുന്നത്.



Click it and Unblock the Notifications








