ജീപ്പിന്റെ പുതിയ കുഞ്ഞന്‍ എസ്‌യുവി എത്തി! ഇന്ത്യയിലേക്ക് ചുവടുവെക്കുമോ അവഞ്ചര്‍?
വാഹനപ്രേമികള്‍ക്കിടയില്‍ ഏറെ അംഗീകാരം നേടിയ ഒരു ലോക പ്രശസ്ത എസ്‌യുവി ബ്രാന്‍ഡാണ് ജീപ്പ്. ദുര്‍ഘടമായ പ്രദേശങ്ങള്‍ എളുപ്പത്തില്‍ കടക്കാനുള്ള കഴിവും, ശക്തമായ എഞ്ചിനുകളും, ഒപ്പം 4×4 സാങ്കേതികവിദ്യയും കൊണ്ടാണ് ഈ ബ്രാന്‍ഡ് ജനഹ്യദയങ്ങളില്‍ ചേക്കേറിയത്. ഇന്ന് റെനഗേഡ്, കോമ്പസ്, ഗ്രാന്‍ഡ് ചെറോക്കി, റാംഗ്ലര്‍ പോലുള്ള വിപുലമായ ലൈനപ്പിലൂടെ ജീപ്പ് സാങ്കേതികവിദ്യ, സുരക്ഷ, കംഫര്‍ട്ട് എന്നിവ മികച്ച രീതിയില്‍ സംയോജിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ കൂട്ടത്തില്‍ ബ്രാന്‍ഡിന്റെ ഏറ്റവും ചെറുതും സബ്-കോംപാക്ട് എസ്‌യുവി മോഡലുമാണ് അവഞ്ചര്‍. ഇപ്പോള്‍ 2025 സാവോ പോളോ മോട്ടോര്‍ ഷോയില്‍ അവഞ്ചര്‍ ഗംഭീരമായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
ഇതിന്റെ ഇലക്ട്രിക് മോഡലുകള്‍ക്കൊപ്പം പെട്രോള്‍, ഹൈബ്രിഡ് പതിപ്പുകളും ലഭ്യമാണ്. ആധുനികവും ആകര്‍ഷകവുമായ ഡിസൈന്‍ ചാരുതയാണ് പുത്തന്‍ അവഞ്ചറിന്റെ പ്രധാന പ്രത്യേകത. മുന്‍ഭാഗത്ത് ബ്രാന്‍ഡിന്റെ സവിശേഷതയായ സെവന്‍-സ്ലോട്ട് ഗ്രില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇത് ജീപ്പിന്റെ പരമ്പരാഗത ഐഡന്റിറ്റിയെ ശക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഗ്രില്ലിന് ചുറ്റുമുള്ള സ്മൂത്ത് ലൈനുകളും കോണുകളും വാഹനത്തിന് ചെറു വലിപ്പത്തിലും കരുത്തുറ്റ രൂപം നല്‍കുന്നു.

മാത്രവുമല്ല എല്‍ഇഡി ഹെഡ്ലാമ്പുകളും ഡിആര്‍എല്‍ ലെറ്റുകളും ചേര്‍ന്ന് ഒരു ലൈറ്റ് ബെല്‍റ്റ് പോലെ ഗ്രില്‍ മുതല്‍ ഹെഡ്ലാമ്പുകള്‍ വരെ നീണ്ടുനില്‍ക്കുന്നുണ്ട്. ഈ സവിശേഷത നൈറ്റ് ഡ്രൈവിംഗില്‍ ഉപകാരപ്പെടും. മാത്രമല്ല മോഡേണ്‍ ലുക്കിനും മുതല്‍ക്കൂട്ടാണ്. ബമ്പറുമായി സമന്വയിപ്പിച്ച ഫോഗ്‌ലൈറ്റുകള്‍ വാഹനത്തിന് ശക്തമായ, അഡ്വഞ്ചര്‍ റെഡി ലുക്ക് നല്‍കുന്നുണ്ട്. പിന്‍ഭാഗത്തെ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ X-സ്‌റ്റൈല്‍ ഡിസൈനില്‍ ഒരുക്കിയിരിക്കുന്നു. ഇത് കാറിന്റെ മൊത്തത്തിലുള്ള ഡൈനാമിക് ലുക്ക് കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
സബ്-കോംപാക്ട് വലുപ്പത്തില്‍ വരുന്ന കാര്‍ ആണെങ്കില്‍ പോലും അകത്ത് മതിയായ ഇടം ലഭിക്കുന്നു. ഡാഷ്‌ബോര്‍ഡില്‍ 10.25ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, 10.25ഇഞ്ച് മള്‍ട്ടിമീഡിയ/ഇന്‍ഫോട്ടെയിന്‍മെന്റ് സ്‌ക്രീനും ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. ഇത് ഡ്രൈവര്‍ക്കും ഫ്രണ്ട് സീറ്റ് യാത്രക്കാരനും സുതാര്യവും വ്യക്തവും ഡാറ്റയും എന്റര്‍ടെയിന്‍മെന്റും നല്‍കാന്‍ സഹായിക്കും. സീറ്റുകളുടെ എര്‍ഗോണമിക് ഡിസൈന്‍, ശരിയായ പാഡിംഗ്, ഉയര്‍ന്ന സപ്പോര്‍ട്ട് എന്നിവ യാത്രക്കാര്‍ക്ക് സുഖകരമായ അനുഭവം ഉറപ്പാക്കുന്നു.

മാത്രവുമല്ല സ്റ്റോറേജ് സൗകര്യങ്ങളില്‍ സെന്‍ട്രല്‍ കണ്‍സോള്‍ ട്രേ, ഡോര്‍ പാനലുകള്‍, കപ്പ് ഹോള്‍ഡര്‍ എന്നിവയും ഉള്‍പ്പടുത്താന്‍ സാധ്യതയുണ്ട്. 380 ലീറ്റര്‍ ബൂട്ട് സ്‌പെയ്‌സും ലഭിക്കും. അതിനാല്‍ യാത്രകള്‍ക്ക് ആവശ്യമായ മുഴുവന്‍ സാധനങ്ങളും എളുപ്പത്തില്‍ വെക്കാന്‍ സാധിക്കും. ഉയര്‍ന്ന നിലവാരത്തിലുള്ള ഫാബ്രിക് സീറ്റുകള്‍, സോഫ്റ്റ് ഡാഷ്‌ബോര്‍ഡ് ഫിനിഷിംഗ്, മോഡേണ്‍ ലൈറ്റിംഗ് എന്നിവയിലൂടെ ഇന്റീരിയര്‍ ഫിനിഷിംഗും മെച്ചപ്പെടുത്തിയിട്ടുണ്ട്.
എഞ്ചിനുകളുടെ കാര്യത്തിലേക്ക് കടന്നാല്‍ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്. സെലക്-ടെറൈന്‍ (Selec-Terrain) സിസ്റ്റത്തോടൊപ്പം 100 bhp പവറും 205 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഇതിന് കഴിയും. 6-സ്പീഡ് മാനുവല്‍, ഡിസിടി ഗിയര്‍ബോക്‌സുകള്‍ക്കൊപ്പംഹൈബ്രിഡ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഏകദേശം 16 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചകള്‍ ഇല്ലാതെയാണ് ജീപ്പ് അവഞ്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, 360-ഡിഗ്രി പാര്‍ക്കിംഗ് സെന്‍സറുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, എയര്‍ബാഗുകള്‍, എബിഎസ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടെയുള്ള ADAS സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയേക്കും.
ജീപ്പ് അവഞ്ചറിന്റെ ബ്രസീലിലെ അവതരണത്തിന് ശേഷം ഇന്ത്യയിലേക്കുള്ള എന്‍ട്രിയെ കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സബ്-കോംപാക്ട് എസ്‌യുവി ഇന്ത്യയില്‍ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ത്യയിലെത്തിക്കഴിഞ്ഞാല്‍ ഡിസൈന്‍ കൊണ്ടും, ഇന്റീരിയര്‍ കൊണ്ടും മറ്റ് നൂതന സാങ്കേതികവിദ്യകള്‍ക്കൊണ്ടും യുവ തലമുറയെ ആകര്‍ഷിക്കാന്‍ ഈ മോഡലിന് കഴിഞ്ഞേക്കും.


Click it and Unblock the Notifications








