എംജിയുടെ 2 'ഇന്റലിജന്റ്' ഇവികള്‍ കൂടി വരുന്നു! ടാറ്റക്ക് വീണ്ടും ഉള്‍ക്കിടിലം
ഏതാനും നാളുകള്‍ കൊണ്ട് ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലെ മുന്‍നിരക്കാരായി മാറിയിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. നിലവില്‍ കോമെറ്റ് ഇവി, വിന്‍ഡ്‌സര്‍ ഇവി, ZS ഇവി എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് കാറുകളാണ് എംജി ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇതില്‍ തന്നെ വിന്‍ഡ്‌സര്‍ ഇവി ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് കാര്‍ എന്ന നേട്ടം തുടര്‍ച്ചയായി 3 മാസം സ്വന്തമാക്കി. രാജ്യത്തെ പാസഞ്ചര്‍ ഇവി വിപണി പിടിച്ചടക്കാനായി കൂടുതല്‍ ഇവികള്‍ കൊണ്ടുവരാനാണ് എംജിയുടെ പ്ലാന്‍. ഓരോ മൂന്ന് മാസത്തിലും ഒരു പുതിയ കാര്‍ ലോഞ്ച് ചെയ്യാനാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ പദ്ധതികള്‍.
ഡല്‍ഹിയില്‍ നടന്ന് കൊണ്ടിരിക്കുന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് എംജി തങ്ങളുടെ വരാന്‍ പോകുന്ന ഇവികള്‍ കമ്പനി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സൈബര്‍സ്റ്റര്‍ സൂപ്പര്‍കാര്‍ ആണ് അതില്‍ ഒന്ന്. ഇതിന് പുറമെ എംജിയുടെ സഹോദര ബ്രാന്‍ഡായ IM മോട്ടോര്‍സിന്റെ ചില ഉല്‍പ്പന്നങ്ങള്‍ എംജി ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. എംജി ഉടമകളായ SIAC ഗ്രൂപ്പ് തന്നെയാണ് IM മോട്ടോര്‍സിന്റെയും ഉടമകള്‍. ഇപ്പോള്‍ എംജി തങ്ങളുടെ പവലിയനില്‍ IM5, IM6 എന്നീ കാര്‍ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ആധുനിക യുഗത്തിന് അനുയോജ്യമായ ഒരു കാറായിട്ടാണ് എംജി IM5, IM6 ഒരുക്കിയിരിക്കുന്നത്. ഇന്റലിജന്റ് മൊബിലിറ്റി എന്നതിന്റെ ചുരുക്കപ്പേരാണ് IM. ചൈനീസ് ബ്രാന്‍ഡ് പുറത്തിറക്കുന്ന IM5 ഒരു സെഡാന്‍ ആണ്. IM6 ആണെങ്കില്‍ ഒരു സ്‌പോര്‍ട് യൂടിലിറ്റി വാഹനമാണ്. സെഡാന്‍ കാര്‍ പ്രേമികളെയും എസ്യുവി കാര്‍ പ്രേമികളെയും ഒരുപോലെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എംജി രണ്ട് സെഗ്മെന്റുകളിലും ഉല്‍പ്പന്നങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നത്.
ലളിതമാണെങ്കിലും ആകര്‍ഷകമായ രൂപമാണ് ഈ ഇവികള്‍ക്ക് ലഭിക്കുന്നത്. രണ്ടും വ്യത്യസ്ത സെഗ്മെന്റുകളില്‍ പെട്ടതാണെങ്കിലും സവിശേഷതകളും മറ്റും സമാനമാണ്. രണ്ട് മോഡലുകള്‍ക്കും 100 kWh ശേഷിയുള്ള ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ആണ് ലഭിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പരമാവധി 600 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാം.

778 hp പവറും 802 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആണ് ഇവികള്‍ക്ക് കരുത്ത് പകരുന്നത്. നിരവധി പ്രീമിയം സവിശേഷതകളും ബ്രാന്‍ഡ് ഈ കാറുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 26.3 ഇഞ്ച് ടച്ച്സ്‌ക്രീനും 10.5 ഇഞ്ച് പാസഞ്ചര്‍ സ്‌ക്രീനും അകത്ത് നല്‍കിയിട്ടുണ്ട്. ഓപ്പറേറ്റിംഗ് കണ്‍ട്രോള്‍ ഫീച്ചറുകള്‍ ഉള്ള 10.5 ഇഞ്ച് സ്‌ക്രീനും ഈ കാറില്‍ ഉണ്ടായിരിക്കും.
ഗാഡ്ജറ്റുകള്‍ക്കായി വയര്‍ലെസ് ചാര്‍ജര്‍, 100-ലധികം നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവല്‍ സോണ്‍ എസി സിസ്റ്റം, പവര്‍ഡ് ടെയില്‍ഗേറ്റ്, 21 സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു. സേഫ്റ്റിയുടെ കാര്യത്തിലും എംജി ഇവികള്‍ കിടുവായിരിക്കും. എംജിയുടെ IM5, IM6 കാര്‍ മോഡലുകളില്‍ 6 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവയും പ്രതീക്ഷിക്കാം.

ഓട്ടോ എക്സ്പോയിലൂടെ പ്രദര്‍ശിപ്പിച്ചതിനാല്‍ എംജി വൈകാതെ തന്നെ ഈ കാറുകള്‍ ഇന്ത്യയില്‍ എത്തിച്ചേക്കും. കമ്പനി ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓട്ടോ എക്‌സ്‌പോയില്‍ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനത്തിലെത്തുക. ഇന്ത്യന്‍ കമ്പനിയായ ജെഎസ്ഡബ്ല്യു സഹ ഉടമകളായി മാറിയ ശേഷം രാജ്യത്ത് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ IM ഇവികള്‍ പേരുമാറി എംജി ബ്രാന്‍ഡിന് കീഴില്‍ ഇന്ത്യയില്‍ കാണാനാകുമെന്ന് നമുക്ക് വിശ്വസിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








