വാക്കുപാലിച്ച് സ്‌കോഡ; കൈലാക്കിന് പേരിട്ട മലയാളിക്ക് എസ്‌യുവി സമ്മാനിച്ചു

ചെക്ക് ബ്രാന്‍ഡ് ആയ സ്‌കോഡക്ക് ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലഭിച്ച ഏറ്റവും പുതിയ ഹിറ്റ് മോഡല്‍ ആണ് കൈലാക്. 2025 ജനുവരിയില്‍ പുറത്തിറങ്ങിയ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ബലത്തില്‍ ഈ കലണ്ടര്‍ വര്‍ഷം ആദ്യ പകുതി പിന്നിട്ടപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന നേട്ടം സ്‌കോഡ കൈവരിച്ചിരുന്നു. 23700 യൂണിറ്റുമായി 2025 ആദ്യ പകുതിയില്‍ സ്‌കോഡയുടെ വില്‍പ്പനയുടെ 65 ശതമാനം സംഭാവന ചെയ്തത് കൈലാക്കാണ്. സ്‌കോഡയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള മോഡലായ കൈലാക്ക് ആദ്യമായി കാര്‍ വാങ്ങുന്നവരെയും ഹാച്ച്ബാക്കുകളില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യുന്നവരും ഉള്‍പ്പെടെ പുതിയൊരു വിഭാഗം ഉപഭോക്താക്കളെ ആകര്‍ഷിച്ചു.

ഡിമാന്‍ഡ് നിറവേറ്റുന്നതിനായി കൈലാക്കിന്റെ ഉത്പാദനം കൂട്ടാന്‍ പോകുകയാണ് സ്‌കോഡ. സ്‌കോഡയുടെ തുറുപ്പുഗുലാനായി മാറിയ ഈ കോംപാക്ട് എസ്‌യുവിക്ക് പേരിട്ടത് ഒരു മലയാളിയാണെന്ന് എത്ര പേര്‍ക്ക് അറിയാം?. കഴിഞ്ഞ വര്‍ഷം സ്‌കോഡ നടത്തിയ ഒരു മത്സരത്തില്‍ കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് സിയാദാണ് കാറിന് ഈ പേര് നിര്‍ദേശിച്ചത്. പുത്തന്‍ എസ്‌യുവിയുടെ പേര് സ്വീകരിക്കാനായി 'നെയിം യുവര്‍ സ്‌കോഡ' എന്ന പേരില്‍ സ്‌കോഡ നടത്തിയ ക്യാമ്പയിനിലാണ് സിയാദ് വിജയിയായി മാറിയത്.

kerala man named skoda kylaq gets car gift

സ്‌കോഡ കെയ്‌ലാക്ക് ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പാണ് കമ്പനി പേരിടല്‍ മത്സരം നടത്തിയത്.മത്സരത്തില്‍ 2,00,000-ത്തിലധികം ആളുകളാണ് പങ്കെടുത്തത്. സ്ഫടികം എന്ന് അര്‍ഥം വരുന്ന ക്രിസ്റ്റല്‍ എന്ന വാക്കിന്റെ സംസ്‌കൃത പദമാണ് കൈലാക് എന്നാണ് സ്‌കോഡ പറയുന്നത്. ക്വിക്ക്, കോസ്മിക്, ക്ലിക്, കയാക്ക് എന്നീ പേരുകളെയാണ് കൈലാക് പിന്തള്ളിയത്. 'നെയിം യുവര്‍ സ്‌കോഡ' ക്യാമ്പയിന്‍ വിജയിക്ക് സ്‌കോഡ എസ്‌യുവിയും ആദ്യ പത്ത് സ്ഥാനക്കാര്‍ക്ക് പ്രാഗിലെ സ്‌കോഡ ആസ്ഥാനത്തേക്ക് യാത്രയും വാഗ്ദാനം ചെയ്തിരുന്നു.

ഇപ്പോള്‍ വാക്കുപാലിച്ച സ്‌കോഡ സിയാദിന് പുതിയ വാഹനം കൈമാറി. വാഹനം ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ itsmef4rz__ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ ഡീലര്‍ഷിപ്പ് ശൃംഖലയായ ഇവിഎം മോട്ടോഴ്‌സ് സ്‌കോഡയാണ് വാഹനം കൈമാറിയത്. തന്റെ കുടുംബത്തോടൊപ്പമെത്തിയാണ് സിയാദ് വാഹനം ഏറ്റുവാങ്ങിയത്. സ്‌കോഡ ഓട്ടോ ഇന്ത്യ നല്‍കിയ പിന്തുണക്ക് സിയാദ് നന്ദി പറഞ്ഞു.

kerala man named skoda kylaq gets car gift

സ്‌കോഡയുടെ മിഡ്-സൈസ് മോഡലുകളായ കുഷാഖിനും സ്ലാവിയക്കും അടിവരയിടുന്ന അതേ MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കൈലാക്കും നിര്‍മിച്ചിരിക്കുന്നത്. എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ കൈലാക്കിലുണ്ട്. സ്‌കോഡയുടെ വില കുറഞ്ഞ മോഡല്‍ ആണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ കൈലാക്കില്‍ പഞ്ഞമില്ല.

10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ് തരത്തില്‍ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകള്‍, ഡ്യുവല്‍-സ്‌പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി എന്നീ ഫീച്ചറുകള്‍ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നു.

kerala teacher wins skoda suv naming car

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം പോലുള്ള സേഫ്റ്റി ഫീച്ചറുകളുമായി വരുന്ന കൈലാക്ക് ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റംഗ് സ്വന്തമാക്കി സുരക്ഷയിലും എ പ്ലസ് നേടിയിട്ടുണ്ട്.

115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കൈലാക്കിന് തുടിപ്പേകുന്നത്. എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. സ്‌കോഡ കൈലാക് മാനുവല്‍ ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്ക് ലിറ്ററിന് 19.05 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്.

നികുതി ഘടന 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാനം ആയി മാറിയതോടെ കോംപാക്ട് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില 70,000 രൂപ മുതല്‍ 1.19 ലക്ഷം രൂപ വരെ കുറഞ്ഞിട്ടുണ്ട്. മുമ്പ് 8.25 ലക്ഷം രൂപ വിലയുണ്ടായിരുന്ന കൈലാക്കിന്റെ ബേസ് ക്ലാസിക് മാനുവല്‍ വേരിയന്റിന്റെ വില ഇപ്പോള്‍ 7.54 ലക്ഷം രൂപയായി.

70,349 രൂപയോളമാണ് കുറഞ്ഞിരിക്കുന്നത്. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നീ മോഡലുകളുമായാണ് കൈലാക്ക് മത്സരിക്കുന്നത്. ജിഎസ്ടി പരിഷ്‌കരണം കാരണം വില കുറഞ്ഞത് ഈ ഉത്സവകാലത്ത് വില്‍പ്പന ഉയര്‍ത്താന്‍ കൈലാക്കിന് സാധിക്കുമെന്നാണ് സ്‌കോഡ പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Sunday, September 14, 2025, 18:54 [IST]
English summary
Kerala man who named skoda kylaq took delivery of car gifted by brand as naming contest prize
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X