GST 2.0 ഇളവിന് മുമ്പ് കടകാലിയാക്കല്‍ വില്‍പ്പനയുമായി കിയ! കേരളത്തില്‍ സെല്‍റ്റോസിന് ₹2.25 ലക്ഷം വരെ കിഴിവ്
കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങളുടെ ചരക്കുസേവന നികുതി (ജിഎസ്ടി) കുറച്ചതിനെ തുടര്‍ന്ന് വിപണിയില്‍ വിലക്കുറവിന്റെ മേളമാണ്. ഒട്ടുമിക്ക കമ്പനികളും നികുതി ഇളവിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും ജനങ്ങള്‍ക്ക് കൈമാറുകയാണ്. ഉത്സവ സീസണിന് തൊട്ടുമുമ്പ് വന്ന ജിഎസ്ടി കുറയ്ക്കാനുള്ള തീരുമാനം വിപണിക്ക് പുത്തന്‍ ഉണര്‍വേകിയിട്ടുണ്ട്. ഇതിന്റെ കൂടെ തന്നെ ഉത്സവകാലത്ത് പരമാവധി വില്‍പ്പന നേടിയെടുക്കാന്‍ എക്‌സ്‌ക്ലൂസീവ് പ്രീ ജിഎസ്ടി ഓഫറുകളും കമ്പനികള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി പ്രീ ജിഎസ്ടി സേവിംഗ്‌സും ഉത്സവകാല ഓഫറുകളും ചേര്‍ത്ത് വമ്പന്‍ ഓഫറില്‍ കാറുകള്‍ വിറ്റ് കടകാലിയാക്കാന്‍ ഒരുങ്ങുകയാണ് കിയ.
പ്രത്യേക ഉത്സവ സീസണ്‍ ആനുകൂല്യങ്ങള്‍ക്കൊപ്പം, എക്‌സ്‌ക്ലൂസീവ് പ്രീ-ജിഎസ്ടി സേവിംഗുകളും ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മൊത്തം 2.25 ലക്ഷം രൂപ വരെ ലാഭിക്കാം. പരിമിതകാല ഓഫര്‍ ഇന്നലെ (12 സെപ്റ്റംബര്‍ 2025) ആരംഭിക്കുകയും പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്ന 2025 സെപ്റ്റംബര്‍ 22-ന് അവസാനിക്കുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് സെല്‍റ്റോസ്, അടുത്തിടെ പുറത്തിറക്കിയ കാരെന്‍സ് ക്ലാവിസ്, കാരന്‍സ് എംപിവി എന്നിവ ഓഫറില്‍ വാങ്ങാന്‍ സാധിക്കുന്ന സ്‌കീമിനെ കുറിച്ച് വിശദമായി വായിക്കാം.

പുതിയ സ്‌കീമിന് കീഴില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യം നേടാനാകുക സെല്‍റ്റോസ് എസ്‌യുവി വാങ്ങുന്നവര്‍ക്കാണ്. അതില്‍ തന്നെ സെല്‍റ്റോസ് വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ലാഭം കേരളത്തിലുള്ളവര്‍ക്കാണ്. സ്‌കീമിന് കീഴില്‍ കേരളത്തില്‍ നിന്ന് സെല്‍റ്റോസ് വാങ്ങുമ്പോള്‍ 2.25 ലക്ഷം രൂപ വരെ ലാഭിക്കാം. അതേസമയം കാരെന്‍സ് ക്ലാവിസ് എംപിവിക്ക് 1,25,650 രൂപ വരെയും സാധാരണ കാരെന്‍സിന് 1,20,500 രൂപ വരെയും കുറവില്‍ വാങ്ങാനാകും.
മേഖല തിരിച്ചുള്ള ഓഫറുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ സെല്‍റ്റോസിന് 1.75 ലക്ഷം രൂപ വരെയാണ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ സേവിംഗ്‌സ് 2 ലക്ഷം രൂപയായി വര്‍ധിക്കുന്നു. തമിഴ്‌നാട്ടിലുള്ളവര്‍ക്ക് 2 ലക്ഷം രൂപ വരെയും കര്‍ണാടകയിലുള്ളവര്‍ക്ക് 2.10 ലക്ഷം രൂപ വരെയുമാണ് ലാഭിക്കാനാകുക.

അതേസമയം, തമിഴ്നാട്ടില്‍ കാരെന്‍സ് ക്ലാവിസിന് 1.55 ലക്ഷം രൂപ വരെ ഓഫറുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ കാരന്‍സില്‍ 1.30 ലക്ഷം രൂപ വരെയും ലാഭിക്കാം. ഈ ഓഫറുകള്‍ 58,000 രൂപ വരെയുള്ള പ്രീ-ജിഎസ്ടി ആനുകൂല്യങ്ങളും1.67 ലക്ഷം വരെയുള്ള ഫെസ്റ്റിവല്‍ ഡിസ്‌കൗണ്ടും സംയോജിപ്പിക്കുന്നു. കിയയുടെ പ്രീ ജിഎസ്ടി ഓഫറുകളെ കുറിച്ച് വിശദമായി താഴെ കാണുന്ന പട്ടിക നോക്കി മനസ്സിലാക്കാം.
| മേഖല / സംസ്ഥാനം | സെൽറ്റോസ് (വരെ) | കാരെൻസ് ക്ലാവിസ് (വരെ) | കാരെൻസ് (വരെ) |
| വടക്ക് | ₹1,75,000 | ₹1,45,500 | ₹1,26,500 |
| കിഴക്ക് | ₹1,75,000 | ₹1,45,000 | ₹1,20,000 |
| പടിഞ്ഞാറ് | ₹1,75,000 | ₹1,45,500 | ₹1,26,500 |
| ആന്ധ്ര & തെലങ്കാന | ₹2,00,000 | ₹1,33,350 | ₹1,20,500 |
| കേരളം | ₹2,25,000 | ₹1,25,650 | ₹1,20,500 |
| തമിഴ്നാട് | ₹2,00,000 | ₹1,55,650 | ₹1,30,500 |
| കർണാടക | ₹2,10,000 | ₹88,650 | ₹1,10,500 |
'ഉത്സവങ്ങള്‍ സന്തോഷം, ഒരുമ, പുതിയ തുടക്കങ്ങള്‍ എന്നിവയുടെ ഒരുമിച്ച് ചേരലാണ്. ഈ സീസണ്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്‌പെഷ്യലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.പ്രീ-ജിഎസ്ടി സേവിംഗസും ഉത്സവ ആനുകൂല്യങ്ങളും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അവരുടെ പ്രിയപ്പെട്ട കിയ സമാനതകളില്ലാത്ത മൂല്യത്തോടെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള അവസരമുണ്ട്. കിയ സ്വന്തമാക്കുക എന്നത് കാര്‍ ഓടിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തിലേക്ക് സുഖവും സന്തോഷവും സ്‌റ്റൈലും കൂട്ടിചേര്‍ക്കുകയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' കിയ ഇന്ത്യ സിഎസ്ഒ ജൂണ്‍സു ചോ പറഞ്ഞു.
പ്രീ ജിഎസ്ടി കിഴിവുകളും ഉത്സവ ഓഫറുകളും സംയോജിപ്പിച്ച് കിയ ഇന്ത്യ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുകയാണ്. ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുന്ന സെപ്റ്റംബര്‍ 22 വരെ കാത്തുനില്‍ക്കാന്‍ സാധിക്കാത്ത ഉപഭോക്താക്കള്‍ക്ക് കിയയുടെ ഈ നീക്കം അനുഗ്രഹമായിരിക്കും. മോഡല്‍ അനുസരിച്ച് ജിഎസ്ടി കട്ടിന് ശേഷം കിയ കാറുകള്‍ക്ക് 4.48 ലക്ഷം രൂപ വരെയാണ് കുറയുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








