450 Km റേഞ്ച്, 7 പേര്‍ക്ക് കയറാന്‍ പറ്റും! പാവപ്പെട്ടവര്‍ക്കുള്ള കിയ ഇവി ടെസ്റ്റിംഗില്‍
ഇന്ത്യയിലെ ടോപ് കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് കിയ. എസ്‌യുവി, എംപിവി സെഗ്‌മെന്റുകളിലായി ഒന്നിലേറെ ജനപ്രിയ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്ന കിയ EV9, EV9 എന്നീ രണ്ട് പ്രീമിയം ഇലക്ട്രിക് കാറുകളും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ ഇവികള്‍ക്ക് പ്രചാരമേറി വരുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആദ്യത്തെ മാസ് മാര്‍ക്കറ്റ് ഇവി ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്ന് കൊറിയന്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. കാരെന്‍സ് ക്ലാവിസ് എംപിവി യുടെ ഇലക്ട്രിക് പതിപ്പായിരിക്കും അത്. ക്ലാവിസിന്റെ ലോഞ്ച് വേളയില്‍ കിയ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ കിയയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ ആയിരിക്കും അത്.
ഇതിനൊപ്പം സിറോസ് കോംപാക്ട് എസ്‌യുവിയുടെ വൈദ്യുതീകരിച്ച പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ ഇലക്ട്രിക് എംപിവി ആയിരിക്കും ആദ്യം പുറത്തിറങ്ങുക. കാരെന്‍സ് ക്ലാവിസിനെ അടിസ്ഥാനമക്കിയുള്ള ഇവി പരീക്ഷണയോട്ടം നടത്തുന്നതിനിടെ നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. ഇപ്പോള്‍ ഹൈദരാബാദില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്ലാവിസ് ഇവി ക്യാമറക്കണ്ണില്‍ പതിഞ്ഞിരിക്കുകയാണ്. divij_reddy7 എന്ന എക്‌സ് (മുമ്പ് ട്വിറ്റര്‍) ഐഡിയിലാണ് സ്‌പൈ ഷോട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സ്‌പൈ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ വരാന്‍ പോകുന്ന കാരെന്‍സ് ക്ലാവിസ് ഇവിയില്‍ ഇവി സ്‌പെസിഫിക് ആയ വീല്‍ കവറുകള്‍ ഉപയോഗിക്കുന്നു. ഇത് എയറോഡൈനാമിക്‌സും കാര്യക്ഷമതയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കാറിന്റെ ചാര്‍ജിംഗ് പോര്‍ട്ട് മുന്നിലായിരിക്കും സ്ഥാപിക്കുകയെന്ന് മുമ്പ് പുറത്തുവന്ന സ്‌പൈ ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇത് സൗകര്യപ്രദമായി ചാര്‍ജ് ചെയ്യാന്‍ നിര്‍ത്താന്‍ സഹായിക്കും.
സാധാരണയായി ഇവികളുടെ ചാര്‍ജിംഗ് പോര്‍ട്ട് ഒരു ഫെന്‍ഡറിലോ ക്വാര്‍ട്ടര്‍ പാനലിലോ ആണ് നല്‍കാറുള്ളത്. ഈ സാഹചര്യത്തില്‍ ചാര്‍ജിംഗ് കേബിള്‍ പോര്‍ട്ടില്‍ എത്തുന്ന തരത്തില്‍ ഡ്രൈവര്‍ കാര്‍ പാര്‍ക്ക് ചെയ്യേണ്ടി വരും. ചാര്‍ജിംഗ് പോര്‍ട്ട് മുന്നില്‍ നല്‍കുന്നത് വഴി ഈ പ്രശ്‌നം ഒരുപരിധി വരെ ഇല്ലാതാക്കാം. ഡിസൈന്‍ വശം നോക്കുമ്പോള്‍ പുതിയ കാരന്‍സ് ക്ലാവസിന് പെട്ടെന്ന് ദൃശ്യമാകുന്ന ഗ്രില്ലും സ്മൂത്ത് ലൈനുകളും ഇല്ല. ഫുള്‍ ഇലക്ട്രിക് പതിപ്പിലും ഇത് പിന്തുടരും.

എന്നാല്‍ ചാര്‍ജിംഗ് ഫ്‌ലാപ്പ് ഉണ്ടാകുമെന്നതിനാല്‍ ബമ്പറില്‍ ചില്ലറ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഐസിഇ പതിപ്പില്‍ നിന്നുള്ള ഹെഡ്‌ലാമ്പ് സജ്ജീകരണം ഇവിയിലും കടംകൊള്ളും. ആഗോള വിപണിയിലെത്തിയ പുതിയ കിയ EV3 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന പുതിയ ലൈറ്റിംഗ് ഘടകങ്ങള്‍ ഇവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടെയില്‍ ലൈറ്റ് ഡിസൈനും പുതുക്കിയേക്കും.
വരാന്‍ പോകുന്ന കാരെന്‍സ് ക്ലാവിസ് ഇവിയുടെ മറ്റൊരു പ്രധാന ഹൈലൈറ്റായിരിക്കും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) . വിന്‍ഡ്ഷീല്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഇത് അടിവരയിടുന്നു. കൂടാതെ, ബമ്പറില്‍ ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകളും കാണാം. അടുത്തിടെ വിപണിയില്‍ എത്തിയ സിറോസ് എസ്‌യുവിക്ക് നല്‍കിയതിനാല്‍ കാരെന്‍സ് ക്ലാവിസ് ഇവിയിലും സൈഡ് സെന്‍സറുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സുരക്ഷയ്ക്കായി ക്ലാവിസ് ഇവിയില്‍ 6-എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയുണ്ടാകും. ഇതിനുപുറമെ ഇലക്ട്രിക് എംപിവിക്ക് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്യുവല്‍ ക്യാമറകളുള്ള ഡാഷ്‌കാം, ബ്ലൈന്‍ഡ് വ്യൂ മോണിറ്ററുള്ള 360 ഡിഗ്രി ക്യാമറ എന്നിവയും ലഭിച്ചേക്കും.
26.62 ഇഞ്ച് ഡ്യുവല്‍ പനോരമിക് ഡിസ്‌പ്ലേ പാനല്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 4-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ചാര്‍ജര്‍, 8-സ്പീക്കര്‍ ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് എന്നിവയടക്കം നിരവധി ആധുനിക സവിശേഷതകളും ഇവിയില്‍ കിയ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ കാരെന്‍സ് ക്ലാവിസ് ഇവിയുടെ പവര്‍ട്രെയിനിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും കിയ പുറത്തുവിട്ടിട്ടില്ല.
ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് എസ്‌യുവിയുടെ അതേ പവര്‍ട്രെയിന്‍ ക്ലാവിസിന് ലഭിക്കുമെന്ന് കരുതുന്നു. അങ്ങനെ വന്നാല്‍ ഇലക്ട്രിക് എംപിവിക്ക് 42 kWh, 51.4 kWh ബാറ്ററി പായ്ക്കുകള്‍ ലഭിക്കും. ഫുള്‍ ചാര്‍ജില്‍ 390 മുതല്‍ 473 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പ്രതീക്ഷിക്കുന്നത്. താങ്ങാവുന്ന വിലയില്‍ ഏഴുപേര്‍ക്ക് വരെ കയറാവുന്ന ഇലക്ട്രിക് എംപവി വന്നാല്‍ മാരുതി എര്‍ട്ടിഗ പോലുള്ള മോഡലുകള്‍ വാങ്ങാന്‍ നില്‍ക്കുന്നവരെ ആകര്‍ഷിക്കാന്‍ വരാന്‍ പോകുന്ന ഈ മോഡലിന് സാധിക്കും.


Click it and Unblock the Notifications








