കേന്ദ്രമന്ത്രിയെ വരെ ഫാനാക്കിയ കിയയുടെ ഇലക്ട്രിക് എംപിവി; സന്തോഷം പങ്കുവച്ച് ബ്രാൻഡ്
കേന്ദ്ര ഊർജ്ജ, ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ളാദ് വെങ്കിടേഷ് ജോഷി, കിയ ഇന്ത്യയുടെ ആദ്യ 7 സീറ്റർ ഇലക്ട്രിക് എംപിവിയായ കാരൻസ് ക്ലാവിസ് ഇവി ന്യൂഡൽഹിയിലെ വസതിയിൽ വെച്ച് ടെസ്റ്റ് ഡ്രൈവ് ചെയ്തിരിക്കുകയാണ്. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ടെസ്റ്റ് ഡ്രൈവ്, വെറും ഒരു പ്രദർശനം മാത്രമല്ല; ഇന്ത്യയിലെ EV നയരൂപീകരണത്തിന്റെ മുന്നണിയിൽ കിയ സ്ഥാനം പിടിക്കുന്നതിന്റെ അടയാളമായിട്ട് വേണം കണക്കാക്കാൻ. റേഞ്ച്,വില,പെർഫോമൻസ് എന്നിവ എല്ലാം ചേർന്ന് കാരൻസ് ക്ലാവിസ് ഇവിയെ ഇന്ത്യൻ EV വിപണിയിലെ ഗെയിംചേഞ്ചറായി മാറ്റാൻ സാധ്യതയുണ്ട്.
ക്ലാവിസ് ICE പതിപ്പിന്റെ അതേ സ്റ്റൈലിലാണ് ഇവിയെയും ഒരുക്കിയെടുത്തിരിക്കുന്നത് കേട്ടോ. കണക്റ്റഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകളും, എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് മുൻവശത്തെ ഹൈലൈറ്റുകൾ. മുൻവശത്തുള്ള ആക്ടീവ് ഫ്ലാപ്പുകൾ എംപിവിയുടെ എയറോഡൈനാമിക്സ് കഴിവിനേയും വർധിപ്പിക്കുന്നുണ്ട്. 215/55 R17 ടയർ സൈസുള്ള എയറോ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വശക്കാഴ്ച്ചയെ മനോഹരമാക്കുന്നത്.

പിന്നിൽ കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകളും, യുണീക്കായ ഇവി ബാഡ്‌ജും കാണാം. പുതിയ ഐവറി സിൽവർ മാറ്റ് ഫിനിഷ് ഉൾപ്പെടെ ഗ്ലേസിയർ വൈറ്റ് പേൾ, പ്യൂറ്റർ ഒലിവ്, അറോറ ബ്ലാക്ക് പേൾ, ഇംപീരിയൽ ബ്ലൂ, ഗ്രാവിറ്റി ഗ്രേ എന്നിങ്ങനെ 6 കളർ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. അകത്തേക്ക് കയറിയാൽ ഉള്ളിൽ വിശാലമായ ക്യാബിനും, പനോരമിക് സൺറൂഫും, സ്മാർട്ട് എയർ പ്യൂരിഫയറും അടങ്ങിയതാണ് ക്ലാവിസ് ഇവി. രണ്ട് 13.3 ഇഞ്ച് സ്ക്രീനുകളും, ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റവും, വെന്റിലേറ്റഡ് സീറ്റുകളും കൂടിയാവുമ്പോൾ യാത്രകൾ ഗംഭീരമാവും.
സേഫ്റ്റിയുടെ കാര്യത്തിലും കിയയുടെ ഇലക്ട്രിക് എംപിവി കിടുവാണ്. 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, 20-ൽ അധികം ഫീച്ചറുകളുള്ള ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവയെല്ലാമാണ് സുരക്ഷയേകുന്നത്. വാഹനത്തിൽ 25 ലിറ്റർ ഫ്രണ്ട് ട്രങ്കും, വെഹിക്കിൾ-ടു-ലോഡ് (V2L) സൗകര്യവും ഉള്ളതിനാൽ പ്രായോഗികതയും കൂടുതലാണ്.

യാത്രക്കാർക്ക് ആവശ്യമായത്ര ലെഗ്‌റൂമും, സുഖകരമായ സീറ്റിംഗും കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ പ്രത്യേകതയാണ്. ഡാഷ്‌ബോർഡ് ലേഔട്ട് ആധുനികമായതിനാൽ പുതുമയുമുണ്ട്. ആംബിയന്റ് ലൈറ്റിംഗ് ക്യാബിൻ്റെ ഭംഗി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാത്രി യാത്രകളിൽ ഇത് പ്രകടമാവുകയും ചെയ്യും.
കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ ഉൾവശത്ത് ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾ ഉയർന്ന നിലവാരമുള്ളവയാണെന്നതും ഒന്ന് കയറിയിരുന്നാൽ മനസിലാവുകയും ചെയ്യും. ഇത് യാത്രകളിൽ പ്രീമിയം അനുഭവം നൽകാൻ സഹായിക്കുന്ന കാര്യങ്ങളാണ്. കൂടാതെ നിരവധി സ്റ്റോറേജ് കമ്പാർട്ടുമെന്റുകളും കാറിൽ ഒരുക്കിയിരിക്കുന്നതിനാൽ ദൈനംദിന ആവശ്യങ്ങൾക്ക് ഇവി പ്രായോഗികമാവുന്നു.

കിയയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എംപിവി 42 kWh, 51.4 kWh എന്നീ ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ്. 42 kWh പായ്ക്ക് 132 bhp പവറോളം ഉത്പാദിപ്പിക്കുമ്പോൾ 51.4 kWh പായ്ക്ക് 168 bhp കരുത്തോളമാണ് നൽകുന്നത്. രണ്ട് ബാറ്ററി വേരിയന്റുകളും 255 Nm ടോർക്കാണ് വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിൽ ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും സിംഗിൾ-പെഡൽ ഡ്രൈവിംഗിനായുള്ള I-പെഡൽ മോഡും ഉണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








