യാത്രാസുഖത്തിൽ ഇന്നോവയെ വെല്ലുന്ന കിയയുടെ 7-സീറ്റർ; കാരെൻസ് ക്ലാവിസിൽ ലോംഗ് ട്രിപ്പടിച്ചാൽ മനസ് പറയും വാങ്ങാൻ
ആറ് പേരടങ്ങുന്ന കുടുംബം 5 സീറ്റർ എസ്‌യുവിയിൽ പോയാൽ മാന്നാർ മത്തായി സ്പീക്കിങ്ങിൽ മുകേഷ് നാടകനടിയെ അന്വേഷിച്ച് പോയ പോലെയിരിക്കും.വീട്ടിലെ അംഗസംഖ്യ കൂടുമ്പോൾ വാഹനത്തിലും ഒരു മാറ്റം അത്യാവശമാണല്ലോ. അങ്ങനെ കോട്ടയത്ത് നിന്ന് തേനിയിലേക്ക് ഒരു യാത്ര പോകാൻ കിയ കാരൻസ് ക്ലാവിസ് കിട്ടുന്നിടത്താണ് നമ്മുടെ കഥ ആരംഭിക്കുന്നത്. ഇഞ്ചിയോൺ കിയ ഡീലർഷിപ്പിൽ നിന്ന് വാഹനം സന്തോഷപൂർവ്വം കൈപറ്റി വീട്ടിലെത്തി നേരെ പെട്ടിയും പാക്ക് ചെയ്ത് അങ്ങ് ഇറങ്ങി. കുടുംബത്തിലെ ആറ് പേരും ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണല്ലോ. കുഞ്ഞ് കുട്ടികൾക്ക് വേണ്ടി ബേബി സീറ്റ് വയ്ക്കാനുളള ISOFIX ഫീച്ചറും കിയ കാരൻസ് ക്ലാവിസിൽ നിങ്ങൾക്ക് ലഭിക്കുന്നുണ്ട്.
യാത്ര തുടങ്ങിയപ്പോൾ തന്നെ പ്രകൃതി തൻ്റെ അനുഗ്രഹം നൽകിയത് നല്ല കിടിലൻ മഴ തന്നുകൊണ്ടായിരുന്നു. വൈപ്പർ ഇടാൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ, മുതലാളി ഒന്നും അറിയണ്ട ബാക്കി എല്ലാം ഞാൻ തന്നെ ചെയ്തോളാം എന്ന് പറഞ്ഞ് കൊണ്ട് ക്ലാവിസ് തൻ്റെ റെയിൻ സെൻസിങ്ങ് വൈപ്പർ പ്രവർത്തിപ്പിക്കാൻ തുടങ്ങി. തുളളിക്കൊരു കുടം എന്ന രീതിയിൽ മഴ തകർത്തു പെയ്യുമ്പോഴും ഒരു ബുദ്ധിമുട്ടും കൂടാതെ എൻ്റെ കാഴ്ച്ചയ്ക്കൊരു തടസവും വരുത്താത്ത വൈപ്പറിൻ്റെ കരുതൽ പറയാതെ വയ്യ.

മഴ പെയ്യുമ്പോഴും ഏസി പ്രവർത്തിപ്പിക്കാതിരിക്കാൻ കഴിയില്ലല്ലോ, വിൻഡ്ഷീൽഡിൽ പലപ്പോഴും ക്ഷണിക്കപ്പെടാത്ത അതിഥിയെ പോലെ വരുന്ന ഫോഗിനെ കാണാനേ കഴിഞ്ഞില്ല എന്നതാണ് സത്യം. മഴയത്ത് പോകുമ്പോ നല്ല സംഗീതം കേൾക്കുന്നത് മറ്റൊരു ഫീലാണല്ലോ.സ്റ്റീയറിങ്ങിൽ നിന്ന് കൈ മാറ്റാതെ തന്നെ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിൽ ഗാനം തെരഞ്ഞെടുക്കാൻ സാധിക്കുന്നത് കൊണ്ട് തന്നെ നിങ്ങളടെ ഡ്രൈവിങ്ങിലുളള ശ്രദ്ധ മാറില്ല.
അത് പോലെ തന്നെയാണ് സെഗ്മെൻ് ഫസ്റ്റ് ഫീച്ചറായ ക്ലൈമറ്റ് കൺട്രോളും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം കൺട്രോളും ഒരേ കൺസോളിൽ ലഭിക്കുന്നത്. കാഞ്ഞിരപ്പളളിയിലും മുണ്ടക്കയത്തുമെല്ലാം മഴ അകമ്പടിയായി കൂടെ വന്നുവെങ്കിൽ ഹൈറേഞ്ചിൻ്റെ കവാടം കടന്നപ്പോൾ മഴ ഞങ്ങൾക്ക് യാത്രാമൊഴി നൽകി.ഇനി ഹൈറേഞ്ചിലൂടെയുളള യാത്ര ആരംഭിക്കുകയാണ്. കുട്ടിക്കാനം എത്തി ഭക്ഷണം കഴിക്കുക എന്നതാണ് ലക്ഷ്യം.

മുന്നിൽ നാഷണൽ പെർമിറ്റ് ലോറികളോ,ആനവണ്ടികളെയോ കാണാൻ ഇടവരരുതേ എന്ന് മനസിൽ പ്രാർത്ഥിച്ചു കൊണ്ട് ഗിയർ ഷിഫ്റ്റ് ചെയ്ത് ആക്സിലറേറ്ററിൽ കാൽ അമർത്തി. സർക്കസിലെ ട്രപ്പീസ് കളിക്കാരൻ്റെ മെയ്‌വഴക്കത്തോടെ ഓരോ വളവുകളും തിരിയുമ്പോൾ വാഹനം നമ്മൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുകയാണ്. എൻ്റെ സാരഥിക്ക് കരുത്ത് പകരുന്നത് 114.4 bhp പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആണ്. 250 Nm പീക്ക് ടോര്‍ക്ക് പുറപ്പെടുവിക്കുമ്പോൾ ഏത് കയറ്റവും ക്ലാവിസിന് വെറും ജുജുബി മാറ്റർ ആണ്.
പലതവണ ആനവണ്ടികളും ഭാരവാഹനങ്ങളും മുന്നിൽ വന്നുവെങ്കിലും അതിനെയെല്ലാം വളരെ നിഷ്പ്രയാസം തന്നെ ഓവർടേക്ക് ചെയ്യാൻ എനിക്ക് സാധിച്ചു. അർജുനർ വില്ല് എന്ന ഗാനം കൂടിയായപ്പോൾ നമ്മുടെ ഉളളിൽ മൈക്കിൾ ഷൂമാക്കർ ഉണരും. എന്നാൽ ഇത്രയും വളവും തിരിവും എല്ലാം യാത്ര ചെയ്തിട്ടും പിന്നിൽ യാത്ര ചെയ്യുന്നവരിതൊന്നും അറിഞ്ഞിട്ടേയില്ല എന്ന ഭാവത്തിലാണ് ഇരിക്കുന്നത്. മാനുവൽ ഗിയർ ട്രാൻസ്മിഷൻ കൂടിയായപ്പോൾ അത് വീണ്ടും ആവേശം വർധിപ്പിച്ചു.

വളഞ്ഞങ്ങാനം വെളളച്ചാട്ടമെല്ലാം കടന്ന് കുട്ടിക്കാനത്ത് എത്തിയപ്പോഴും ക്ലാവിസിന് ഒരു ക്ഷീണവും കാണാനില്ല. എന്തിനാ മുതാളി റെസ്റ്റ് എടുക്കുന്നതെന്ന് ചോദിക്കുന്നത് പോലെ തോന്നി പോയി. ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോഴാണ്, വാഹനത്തിന് എന്ത് മൈലേജ് കിട്ടിയെന്ന് പരിശോധിച്ചപ്പോഴാണ് ക്ലാവിസിൻ്റെ പവർ മനസിലായത്. ഇത്രയും കയറ്റവും വളവും തിരിവും കഴിഞ്ഞ് കയറി വന്നപ്പോൾ മൈലേജ് കാണിക്കുന്നത് ലിറ്ററിന് 15 കിലോമീറ്ററാണ്.
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ് നേരെ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി ചവിട്ടിവിട്ടു നേരെ കുമളിക്ക്. കുമളി ചെക്പോസ്റ്റിൽ എത്തി ഇനി ചുരം ഇറങ്ങാൻ പോകുകയാണ്. തമിഴ്നാട്ടിലേക്ക് ഇറങ്ങിയപ്പോഴേക്കും മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെളളം കൊണ്ടുപോകുന്ന ഭീമാകാരനായ പെൻസ്റ്റോക്ക് പൈപ്പ് കാണാൻ സാധിക്കും. ചുരമിറങ്ങി ലോവർ പെരിയാറിലേക്ക് എത്തിയപ്പോഴേക്കും അതാ മുന്നിൽ വിശാലമായ നീണ്ടുനിവർന്ന് കിടക്കുന്ന വഴി.

ക്ലാവിസ് കൂടുതൽ ഉൻമേഷവാനായത് പോലെ തോന്നി. ആക്സിലറേറ്ററിൽ കാൽ അമർത്തിയതും ഞങ്ങളേയും കൊണ്ട് ക്ലാവിസ് അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു. ഞെട്ടിക്കുന്ന സ്റ്റെബിളിറ്റി, കൺട്രോൾ,കംഫർട്ട് ഒരു ചെറിയ അനക്കം പോലും അകത്തേക്ക് കേൾക്കാനോ അറിയാനോ സാധിക്കുന്നില്ല. വാഹനത്തിൻ്റെ യാത്രസുഖം അത്രയ്ക്കുണ്ട് എന്നതാണ് എടുത്തു പറയേണ്ട കാര്യം.
തേനിയിലെ ചുറ്റിത്തിരിയലും കറക്കവും എല്ലാം കഴിഞ്ഞ് കുമളിയിൽ തിരിച്ച് എത്തി റൂമിലേക്ക് കയറുമ്പോഴും ആർക്കും ഒരു ക്ഷീണവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. തിരിച്ചുളള യാത്രകളിലും എല്ലാവർക്കും വണ്ടിയിൽ നിന്ന് ഇറങ്ങാനേ മനസ് വരുന്നില്ല എന്നതാണ് മറ്റൊരു കാര്യം. യാത്ര ചെയ്തുകൊണ്ടേയിരിക്കു എന്ന് ക്ലാവിസ് നമ്മളോട് പറയുന്നത് പോലെ. ക്ലാവിസ് ഉറപ്പായിട്ടും ടെസ്റ്റ് ഡ്രൈവ് ചെയ്യേണ്ട ഒരു വാഹനം തന്നെയാണ്. ഒരിക്കൽ കയറിയാൽ വാഹനം നിങ്ങളെ വിടില്ല. പോരുന്നോ എൻറെ കൂടെ എന്ന് നമ്മൾ ചോദിച്ചിരിക്കും.

6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുന്ന കാരെൻസ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റുകളിൽ സ്വന്തമാക്കാനാവും. 11.49 ലക്ഷം രൂപയുടെ പ്രരംഭ എക്സ്ഷോറൂം വിലയിലെത്തുന്ന കിയയുടെ 7-സീറ്റർ ഐവറി സിൽവർ ഗ്ലോസ്, പ്യൂട്ടർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, ക്ലിയർ വൈറ്റ്, അറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ 8 നിറങ്ങളിൽ ലഭ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








