കുടുംബത്തോടൊപ്പം പോകാൻ കിയ കാരൻസ് ക്ലാവിസ്; ഫീച്ചേഴ്സിൻ്റെ കാര്യത്തിൽ ഇവനൊരു പുലി തന്നെ
കിയ കാരൻസ് ക്ലാവിസ് എംപിവി വിപണിയിൽ എത്തിയത് മുതലുള്ള ആഗ്രഹമായിരുന്നു ഒന്ന് ഓടിച്ചു നോക്കണം എന്നത്. അങ്ങനെ കാത്തിരിപ്പുകൾക്ക് ശേഷം കുറച്ച് ദിവസത്തേക്ക് ഈ ആഡംബരങ്ങളുടെ രാജകുമാരനായ എംപിവി കൈയിലേക്ക് കിട്ടി. കിയയുടെ കോട്ടയത്തെ ഇഞ്ചിയോൺ ഡീലർഷിപ്പിൽ നിന്ന് വാഹനം ഏറ്റുവാങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരു ഡെലിവറി കഴിഞ്ഞ പ്രതീതിയായിരുന്നു മനസിൽ. വാഹനത്തിൻ്റെ ഇൻ്റീരിയറിൽ ആണെങ്കിൽ ടെക്നോളജിയുടെ വിളയാട്ടം തന്നെയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. റോഡ് ക്രോസ് ചെയ്യുമ്പോഴും, റിവേഴ്സ് എടുക്കുമ്പോഴും പുതിയ വഴിയിലേക്ക് തിരിയുമ്പോഴും ഒക്കെ മുതലാളി ഒന്നും പേടിക്കണ്ട ഞാൻ എല്ലാ നോക്കിക്കോളാം എന്ന് വാഹനം നമ്മളോട് പറയുന്നത് പോലെയാണ് തോന്നുന്നത്.
ആദ്യം തന്നെ സേഫ്റ്റിയുടെ കാര്യം പറയാം. ആദ്യം കാണുമ്പോൾ ഏതൊരാൾക്കും തോന്നിയേക്കാം ഈ കാറിൽ എന്തിനാണ് ഇത്രയും അധികം ഫീച്ചേഴ്സ് എന്ന്, പക്ഷേ നിങ്ങൾ വാഹനമോടിച്ചു തുടങ്ങുമ്പോൾ നിങ്ങൾക്ക് തന്നെ അത് മനസിലാകും. 360 ഡിഗ്രി ക്യാമറ ഉളളത് കൊണ്ട് തന്നെ വാഹനത്തിൻ്റെ ചുറ്റും എന്തൊക്കെയുണ്ട് എന്ന് വളരെ വ്യക്തമായി തന്നെ കാണാൻ സാധിക്കുന്നു. ക്യാമറയുടെ ക്ലാരിറ്റി എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. ഏത് പെരുമഴയത്തും വളരെ വ്യക്തമായി തന്നെ കാണാൻ സാധിക്കും.

വാഹനത്തിലുള്ള ക്യാമറകൾ ഏതൊക്കെ വിധത്തിൽ ഉപയോഗിക്കാൻ സാധിക്കുമോ അങ്ങനെയൊക്കെ കമ്പനി അതിനെ ഉപയോഗിച്ചിട്ടുണ്ട് എന്ന് വേണം മനസിലാക്കാൻ. 6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുന്ന കാരെൻസ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റുകളിൽ സ്വന്തമാക്കാനാവും. ടോപ്പ് എൻഡ് മോഡൽ ലഭിച്ചത് കൊണ്ട് തന്നെ വാഹനത്തിൻ്റെ എല്ലാ ഫീച്ചറുകളും അടുത്തറിയാൻ സാധിച്ചു.
സേഫ്റ്റിയുടെ കാര്യം കഴിഞ്ഞിട്ടില്ല കേട്ടോ ഇരുപതോളം സെമി-ഓട്ടോണമസ് സവിശേഷതകളുള്ള ലെവൽ 2 ADAS പാക്കേജിന്റെ കരുത്താണ് കിയ കാരൻസ് ക്ലാവിസിൽ നിങ്ങളുടെ സുരക്ഷയ്ക്കായി ഉളളത്, 18 പാസിവ് സേഫ്റ്റി മെഷറോടെയാണ് എംപിവി ഇപ്പോൾ നിരത്തിലെത്തുന്നത്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ സീറ്റ് യാത്രക്കാർക്കുള്ള അലേർട്ടുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.

ഒരു ഫാമിലി കാറായത് കൊണ്ട് തന്നെ ബ്രാൻഡ് സുരക്ഷയ്ക്ക് പ്രത്യേക പരിഗണന കൊടുത്തിരിക്കുന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയാണ് ഇൻ്റീരിയറിൽ എന്നെ ആകർഷിച്ച മറ്റൊരു പ്രധാന കാര്യങ്ങൾ.
ഇനി രണ്ടാം നിരയിലേക്ക് കയറിയാൽ അവിടെ നിങ്ങൾക്ക് വേണ്ടി സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകൾ, ദൂരയാത്രകളിൽ പഴയ മലയാളം മെലഡി ആസ്വദിക്കാൻ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, എല്ലാ വിൻഡോകളും മുകളിലേക്കും താഴേക്കും പ്രവർത്തിക്കുന്ന സ്മാർട്ട് കീ, റൂഫ് ഫിറ്റഡ് എയർ വെന്റുകൾ, ഡ്രൈവർ സീറ്റിൽ ഘടിപ്പിച്ച എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, നാല് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ ഫീച്ചറുകളെല്ലാം കാരൻസ് ക്ലാവിസിലുണ്ട്.

കിയ കാരെന്‍സിന്റെ എക്‌സ്-ഷോറൂം വില 11.41 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. കിയ കാരെന്‍സ് ക്ലാവിസിന്റെ വില 11.50 ലക്ഷം രൂപ മുതലും ഇലക്ട്രിക് മോഡലായ കിയ കാരെന്‍സ് ക്ലാവിസ് ഇവിയുടെ വില 17.99 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്. കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വിലകള്‍ ആണ് ഇത്.
കിയ കാരൻസ് ക്ലാവിസിന് കരുത്ത് പകരുന്നത് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളാണ്. 1.5 ടർബോ പെട്രോൾ വേരിയൻ്റ് ലഭിച്ചത് കൊണ്ട് തന്നെ കൂടുതൽ സമയവും സ്പോർട്ട് മോഡിൽ തന്നെയാണ് ഞാൻ വാഹനമോടിച്ചത്. ഇക്കോ, നോർമൽ, സ്പോർട് എന്നിങ്ങനെ മൂന്ന് മോഡുകളാണ് കിയ കാരൻസ് ക്ലാവിസിൽ ലഭിക്കുന്നത്. സ്പോർട് മോഡിലേക്ക് മാറ്റുമ്പോൾ ക്ലസ്റ്ററിൻ്റെ ലുക്ക് അടിമുടി മാറുന്നത് ട്രാൻസ്ഫോർമേഴ്സ് സീരീസിനെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്.

ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ സിക്സ് സ്പീഡ് മാനുവൽ,IMT,7 സ്പീഡ് DCT എന്നിങ്ങനെ മൂന്ന് ഗിയർബോക്സുകളിലാണ് ലഭിക്കുന്നത്. 1.5 നാച്ചുറലി ആസ്പിറേറ്റഡും, 1.5 ഡീസൽ എഞ്ചിനും കിയ കാരൻസ് ക്ലാവിസിന് ലഭിക്കുന്നുണ്ട്. ഡീസൽ വേരിയൻ്റിൽ 6 സ്പീഡ് മാനുവലും, സിക്സ് സ്പീഡ് ഓട്ടോമാറ്റിക്കുമാണ് കമ്പനി നൽകുന്നത്.
1.5 ടർബോ പെട്രോൾ എഞ്ചിൻ്റെ 150 bhp പരമാവധി പവറും 3500 ആർപിഎമ്മിൽ 253 nm ടോർക്കും പുറപ്പെടുവിക്കാൻ ശക്തമാണ്. യാത്രയിൽ കംഫർട്ട് ആണ് സാറേ കാരൻസ് ക്ലാവിസിന് മുഖ്യം. മൂന്നാം നിരയിൽ പോലും വളരെ കംഫർട്ടായി യാത്ര ചെയ്യാൻ സാധിക്കും. എപ്പോഴും മൂന്നാം നിര കുട്ടികൾക്കാണ് എന്നാണല്ലോ പണ്ടുമുതലേയുളള കാഴ്ച്ചപ്പാട്.

എന്നാൽ അതൊക്കെ എപ്പോഴെ ക്ലാവിസ് തിരുത്തിയെഴുതി. എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ അടുത്തുള്ള കിയ ഷോറൂമിൽ പോയി വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ മറക്കരുതേ.കേരളത്തിലുടനീളം കിയയുടെ ഡീലർഷിപ്പുകളുണ്ട്. വാഹനത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ് കേട്ടോ.


Click it and Unblock the Notifications








