ഇനി ആരെങ്കിലും എര്‍ട്ടിഗ വാങ്ങുമോയെന്ന് കണ്ടറിയണം! കിയ 7 സീറ്റര്‍ എംപിവിയുടെ വില ഈ ദിവസം അറിയാം
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഏറ്റവും പുതുതായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച കാര്‍ ആണ് കാരെന്‍സ് ക്ലാവിസ്. ഇത് യഥാര്‍ത്ഥത്തില്‍ കാരെന്‍സിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണെങ്കിലും പുത്തന്‍ നെയിംപ്ലെയിറ്റ് സമ്മാനിച്ച് ഒരുമിച്ച് വില്‍ക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനോടകം വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിരിക്കുന്ന ക്ലാവിസിന്റെ വിലകള്‍ എന്ന തരത്തില്‍ ഒരു ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ അതൊന്നും സത്യമല്ലെന്നാണ് സൂക്ഷ്മ പരിശോധനയില്‍ നമുക്ക് മനസ്സിലായത്. ഇപ്പോള്‍ കാറിന്റെ വില പ്രഖ്യാപന തീയതി കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. അത് എന്നാണെന്ന് നോക്കാം.
വലുതും ആഡംബരപൂര്‍ണ്ണവും ഫീച്ചര്‍ സമ്പന്നവുമായ ഒരു കാര്‍ തിരയുന്ന കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ഓപ്ഷനാണ് കിയ കാരെന്‍സ് ക്ലാവിസ്. ഒരു ഫാമിലി കാറില്‍ എസ്യുവിയുടെ ആഡംബരവും സുഖ സൗകര്യങ്ങളും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി കിയ ഇത് പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ കാര്‍ 25000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനായും കമ്പനി ഡീലര്‍ഷിപ്പുകള്‍ വഴിയും റിസര്‍വ് ചെയ്യാനാകും.

ഈ പുതിയ കാര്‍ മെയ് 23-ാം തീയതി ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പുറത്തിറങ്ങും. അതായത് ഈ കാറിന്റെ വില അറിയാന്‍ ഇന്ത്യക്കാര്‍ ഇനി 10 ദിവസം കാത്തിരുന്നാല്‍ മതി. നിങ്ങള്‍ക്ക് കിയ കാരെന്‍സ് ക്ലാവിസ് വാങ്ങാന്‍ താല്‍പര്യമുണ്ടെങ്കില്‍ മോഡലിനെ നമുക്ക് വിശദമായി പരിചയപ്പെടാം. കിയ കാരന്‍സ് ക്ലാവിസ് 7 വേരിയന്റുകളില്‍ ലഭിക്കും.
ഇത് HTE, HTE (O), HTK, HTK+, HTK+ (O), HTX, HTX (O) എന്നീ വേരിയന്റുകളില്‍ ലഭ്യമാകും. 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ ഈ കാര്‍ ലഭ്യമാകും. ചെറിയ കുടുംബമായാലും വലിയ കുടുംബമായാലും എല്ലാവര്‍ക്കും ഇത് പറ്റും. ഈ എംപിവി ആകര്‍ഷകമായ നിരവധി നിറങ്ങളില്‍ വാങ്ങാം.

ഐവറി സില്‍വര്‍ ഗ്ലോസ്, പ്യൂറ്റര്‍ ഒലിവ്, ഇംപീരിയല്‍ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഗ്രാവിറ്റി ഗ്രേ, സ്പാര്‍ക്ലിംഗ് സില്‍വര്‍, അറോറ ബ്ലാക്ക് പേള്‍, ക്ലിയര്‍ വൈറ്റ് തുടങ്ങിയ നിറങ്ങളില്‍ ഈ കാര്‍ ലഭ്യമാണ്. നിലവിലുള്ള കാരെന്‍സില്‍ കാണപ്പെടുന്നതിന് സമാനമായ പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് ക്ലാവിസും ലഭ്യമാകുക. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാങ്ങാമെന്നതാണ് ഒരു പ്രത്യേകത.
1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഓഫറിലുണ്ട്. ഈ എഞ്ചിനുകള്‍ മികച്ച പ്രകടനവും സുഗമമായ ഡ്രൈവിംഗ് എക്‌സ്പീരിയന്‍സും സമ്മാനിക്കും. സവിശേഷതകളുടെ കാര്യത്തിലും കിയ കാരെന്‍സ് ക്ലാവിസ് മുന്‍ഗാമിയേക്കാള്‍ ഒരു പടി മുന്നിലാണ്.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീന്‍, ഓഫ്‌സെറ്റ് കിയ ലോഗോയുള്ള പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, 8സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, എല്ലാ വിന്‍ഡോകളും മുകളിലേക്കും താഴേക്കും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് കീ, റൂഫ് ഫിറ്റഡ് എയര്‍ വെന്റുകള്‍, സീറ്റില്‍ ഘടിപ്പിച്ച എയര്‍ പ്യൂരിഫയര്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് കാറിലെ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍.
രണ്ടാം നിര സീറ്റുകള്‍ക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനും ഒരുക്കിയിട്ടുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, നാല് വിധത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയെല്ലാം എംപിവിയുടെ പ്രത്യേകതയാണ്. 20-ലധികം ഡ്രൈവര്‍ അസിസ്റ്റീവ് ഫീച്ചറുകള്‍ കൊണ്ടുവരുന്ന ലെവല്‍ 2 ADAS സഹിതമാണ് കിയ കാരന്‍സ് ക്ലാവിസ് വരുന്നത്. അതോടൊപ്പം ആറ് എയര്‍ബാഗുകള്‍, ESC, റിയര്‍ സീറ്റ് ഒക്കുപെന്റ് അലേര്‍ട്ട്, ആകെ 18 ആക്റ്റീവ്, പാസീവ് സുരക്ഷാ സവിശേഷതകളും വണ്ടിയില്‍ ഒരുക്കിയിട്ടുണ്ട്.
ഒരു പ്രീമിയം വാഹനം ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് കിയ കാരെന്‍സ് ക്ലാവിസ്. അതുകൊണ്ട് നിങ്ങള്‍ ഉടന്‍ തന്നെ ഒരു ഫാമിലി കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 10 ദിവസം കാത്തിരുന്ന് ക്ലാവിസിന്റെ വില ശ്രദ്ധിക്കുക. ഇന്നോവക്ക് താഴെ എന്നാല്‍ കാരെന്‍സിനും എര്‍ട്ടിഗയ്ക്കുമെല്ലാം മുകളില്‍ നില്‍ക്കുന്ന ഫാമിലി കാര്‍ ആഗ്രഹിക്കുന്നവരെ ക്ലാവിസ് തൃപ്തിപ്പെടുത്തും. ഏകദേശം 11 ലക്ഷം രൂപയില്‍ ചുറ്റിപ്പറ്റി ക്ലാവിസിന്റെ വില പ്രതീക്ഷിക്കാമെന്ന് തോന്നുന്നു.


Click it and Unblock the Notifications








