വെറുതെ ഡൽഹി ഇന്നോവ വാങ്ങി കാശ് കളയല്ലേ; 15 ലക്ഷത്തിന് ക്ലാവിസ് വീട്ടിലെത്തിക്കാം, ഹൈറേഞ്ചിലും കുതിക്കും
ഹൈറേഞ്ചിലേക്കുളള യാത്രകൾ എന്നും എല്ലാവർക്കും പ്രിയപ്പെട്ടതായിരിക്കും. സുഖകരവും ആനന്ദകരവുമായ യാത്രകളിൽ പ്രത്യേകിച്ച് കുടുംബവുമായി പോകാൻ എംപിവികൾ തന്നെയാണ് എന്നും മികച്ചത്. അത് കൊണ്ട് തന്നെ നമ്മുടെ യാത്രയിൽ കൂട്ടായി എത്തിയത് കിയയുടെ ജനപ്രിയ എംപിവി മോഡലായ കാരൻസ് ക്ലാവിസ് ആയിരുന്നു. കോട്ടയത്തെ ഇഞ്ചിയോൺ ഷോറൂമിൽ വാഹനത്തിനായി ചെന്നപ്പോൾ പാർക്കിങ്ങ് ലോട്ടിൽ എനിക്കായി കാത്ത് കിടപ്പുണ്ടായിരുന്നു അറോറ ബ്ലാക്ക് പേളിൽ കിയ കാരൻസ് ക്ലാവിസ്. 7 സീറ്ററായത് കൊണ്ട് തന്നെ ഹൈറേഞ്ചിലേക്ക് നാടൻ ഭാഷയിൽ പറഞ്ഞാൽ കൂടും കുടുക്കയുമായി മലകയറുകയാണ്.
മികച്ച കാലാവസ്ഥ ആയിരുന്നത് കൊണ്ട് തന്നെ യാത്രയിൽ ഒരു തരത്തിലുമുളള ബുദ്ധിമുട്ടുകളോ ഉണ്ടായില്ല. ഉച്ചയ്ക്ക് ശേഷമായിരുന്നത് കൊണ്ട് റോഡിൽ വലിയ തിരക്കുകളും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ഡ്രൈവിങ്ങ് വളരെ സുഗമമായിരുന്നു. 6 മാസം പ്രായമായ കുഞ്ഞ് വരെ വളരെ ഹാപ്പിയായി മൂന്നാം നിര സീറ്റിൽ ഇരിക്കുന്നത് തന്നെ നമ്മുടെ ടെൻഷൻ കുറയ്ക്കും. പ്രത്യേകിച്ച് കുഞ്ഞുകുട്ടികളുമായി ദൂരയാത്ര ചെയ്യുന്നവർക്ക് മനസിലാകുമല്ലോ.

1.5 ലിറ്റർ ഡീസൽ എഞ്ചിൻ പരമാവധി 114 bhp പവർ പുറപ്പെടുവിച്ച് ഹൈറേഞ്ചിലൂടെ കുതിച്ച് പായാൻ നിങ്ങളെ പ്രാപ്തമാക്കുന്നുണ്ട്. കമ്പനി അവകാശപ്പെടുന്ന മൈലേജ് 19 കിലോമീറ്ററാണെങ്കിലും ഹൈറേഞ്ച് കയറുമ്പോൾ നിങ്ങൾക്ക് എങ്ങനെ ഒക്കെ ആണെങ്കിലും 15KM -ൽ കുറയാതെ ലഭിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട ഗയ്സ്. വളവും തിരിവും ഒക്കെ ഒരു ബോഡി റോൾ കൂടാതെ വളരെ കൂളായി കയറിപോകുന്നത് കാണുമ്പോൾ നിങ്ങൾക്ക് തന്നെ അത്ഭുതം തോന്നിയേക്കാം.
കുട്ടിക്കാനം വഴി കുമളിയിൽ എത്തി ഒരു കട്ടനും അടിച്ച് നേരെ കുറവനും കുറവത്തിയും ഇരിക്കുന്ന രാമക്കൽമേട്ടിലേക്കുളള യാത്ര തുടങ്ങി. കുമളിയിൽ നിന്ന് കമ്പം ചെന്ന് കമ്പംമെട്ട് വഴി രാമക്കൽമേട് എത്താൻ സാധിക്കും. എന്നാൽ ഞങ്ങൾ നേരെ പുറ്റടിയിൽ എത്തി കമ്പംമെട്ടിൽ എത്തി രാമക്കൽമേട്ടിലേക്ക് പോകുകയായിരുന്നു. എത്ര വലിയ വളവുകളിലും മികച്ച ബ്രേക്കിങ്ങും,ഗിയർ ഷിഫ്റ്റിങ്ങും നിങ്ങൾക്ക് ഹൈറേഞ്ചിൽ വാഹനമോടിക്കാൻ ധൈര്യം പകരുന്ന കാര്യമാണ്.

വൈകുന്നേരം രാമക്കൽമേട്ടിലേക്ക് എത്തുമ്പോൾ മഞ്ഞിറങ്ങുന്നത് കാണാൻ തന്നെ വളരെ മനോഹരമായിരുന്നു. ത്രീ-റോ സീറ്റിംഗ് കൊണ്ട് ഏഴു പേർക്ക് സുഖമായി ഇരിക്കാമെന്നതാണ് ക്ലാവിസിൻ്റെ ഹൈലൈറ്റ്. ലഗേജുകളെല്ലാം കൊള്ളിക്കാൻ പാകത്തിനുള്ള ബൂട്ട് സ്പേസ്.ക്ലാവിസിലുളള യാത്ര എന്നാൽ അതൊരു ഓർമയാണ്. ഒരു ക്ലാസ് ട്രിപ്പ് തന്നെയായിരുന്നു മക്കളേ എന്ന് പറയിപ്പിക്കും വിധം നമ്മളുടെ മനസിൽ തങ്ങി നിൽക്കും.
ക്ലാവിസിൻ്റെ ഡിസൈൻ വശങ്ങളിലേക്ക് കൂടി വിശദമായി ഒന്ന് നോക്കുകയാണെങ്കിൽ പുതിയ സിഗ്നേച്ചർ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, റീസ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ എന്നിവയാണ് മുൻവശത്തെ പ്രധാന ആകർഷണം. പുതിയ സിറോസിലെയും EV9 ഇവിലും കണ്ട പുതിയ ക്ലോസ്ഡ് ഗ്രിൽ കാരെൻസിലും ഇടംപിടിച്ചിട്ടുണ്ട്. കൂടുതൽ ആംഗിൾ ടച്ചുകൾ ഉപയോഗിച്ച് ബമ്പർ റീഡിസൈൻ ചെയ്‌തിട്ടുണ്ട്.

6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുന്ന കാരെൻസ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റുകളിൽ സ്വന്തമാക്കാനാവും. കാരെൻസ് ക്ലാവിസിന് 11,49,900 മുതൽ 21,49,900 രൂപ വരെയാണ് നിലവിലെ വില. പുതിയ ജിഎസ്ടി പ്രകാരം മോഡലിന്റെ വില 78,674 രൂപ വരെ കുറച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ കഴിഞ്ഞ മാസങ്ങളിൽ എല്ലാം ക്ലാവിസിൻ്റെ വിൽപ്പനയിൽ വൻ വർധനവാണ് വന്നിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








