പ്രീമിയം 7 സീറ്റര്‍ എംപിവി ഇന്നോവയേക്കാള്‍ കുറഞ്ഞ വിലയില്‍! ഹൈപ്പുയര്‍ത്തി ക്ലാവിസിന്റെ ടീസര്‍
ഇന്ത്യയില്‍ 7 സീറ്റര്‍ വാഹനങ്ങള്‍ക്ക് വര്‍ധിച്ച് വരുന്ന ഡിമാന്‍ഡ് മുതലെടുക്കാനായി കിയ പുതിയ എംപിവി കൊണ്ടുവരാന്‍ പോകുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇപ്പോള്‍ കിയ കാരെന്‍സ് എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിന്റെ ടീസര്‍ പുറത്തുവിട്ടു. നിലവില്‍ വില്‍പ്പനക്കുള്ള കാരെന്‍സും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും ഒരുമിച്ച് വില്‍ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ പുത്തന്‍ പേരുമായാണ് പുതിയ എംപിവി വില്‍പ്പനക്കെത്തുക. അടുത്തിടെ പുറത്തിറങ്ങി ഹിറ്റായി മാറിയ സിറോസ് എസ്‌യുവിക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന 'ക്ലാവിസ്' നെയിംപ്ലേറ്റാണ് പുതിയ എംപിവിക്ക് കൊറിയന്‍ കമ്പനി സമ്മാനിച്ചത്. കിയ പുറത്തിറക്കുന്ന എംപിവകളുടെ നാമം ഇംഗ്ലീഷ് അക്ഷരമാലയിലെ 'C' വെച്ചാണ് ആരംഭിക്കുന്നത്.
കാരെന്‍സ്, കാര്‍ണിവല്‍ എന്നിവ ഉദാഹരണം. കിയയുടെ മോഡല്‍ നിരയില്‍ കാരെന്‍സിന് മുകളിലായിരിക്കും ക്ലാവിസ് (Kia Clavis) സ്ഥാനം പിടിക്കുക. നിലവില്‍ വില്‍പ്പനയിലുള്ള മറ്റ് കിയ മോഡലുകളുമായി യോജിച്ച ഒരു പുതിയ രൂപകല്‍പ്പനയാണ് ക്ലാവിസിന്റേത്. കാരന്‍സ് ആദ്യമായി പുറത്തിറങ്ങിയപ്പോള്‍ ആളുകള്‍ക്ക് അതിനെക്കുറിച്ച് അല്‍പ്പം സംശയമുണ്ടായിരുന്നു, പക്ഷേ അത് വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. രാജ്യത്ത് വളര്‍ന്നുവരുന്ന 7 സീറ്റര്‍ സെഗ്മെന്റില്‍ ക്ലാവിസിനും വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നു.

ക്ലാവിസിന്റെ ടീസര്‍ വീഡിയോ പരിശോധിച്ചാല്‍ രാത്രി സമയത്ത് പുത്തന്‍ കിയ ക്ലാവിസ് ഇടതൂര്‍ന്ന വനത്തിലൂടെ സഞ്ചരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. കാരെന്‍സിന്റെ അതേ സിലൗട്ടാണ് പുത്തന്‍ എംപിവിയും പൂര്‍ത്തിയാക്കിയിരിക്കുന്നതെങ്കിലും കുറച്ച് അപ്‌ഡേറ്റുകള്‍ ഉണ്ട്. ടീസറില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രധാന അപ്‌ഡേറ്റുകളില്‍ ഒന്ന് പനോരമിക് സണ്‍റൂഫ് ആണ്. വീഡിയോയിലൂടെ നമുക്ക് മനസ്സിലാകുന്ന മറ്റൊരു ഫീച്ചര്‍ ADAS ആണ്.
വളവുകള്‍ തിരിഞ്ഞ് വരുന്ന കാര്‍ മുന്നില്‍ ഒരു തടസ്സം കാണുമ്പോള്‍ വഴിമധ്യേ നിര്‍ത്തുന്നു. ഇത് ADAS ലെവല്‍ 2 സ്യൂട്ടിന്റെ ഭാഗമായ കൊളീഷന്‍ അവോയ്ഡന്‍സ് സംവിധാനത്തെ സൂചിപ്പിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. ടീസര്‍ വീഡിയോയില്‍ ഒരു വൈക്കിംഗ് ആണ് ക്ലാവിസിന്റെ വഴി തടസ്സപ്പെടുത്തുന്നത്. വൈക്കിംഗ് കാറി തുറിച്ചുനോക്കുന്നത് കാണാന്‍ കഴിയും. തുടര്‍ന്ന് ക്ലാവിസിന്റെ അഗ്രസീവ് ഫ്രണ്ട്-എന്‍ഡ് ഡിസൈന്‍ കാണിക്കുന്നു. L-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും 3-പോഡ് എല്‍ഇഡി ഹെഡ്ലൈറ്റുകളും ഇതിലുണ്ട്.

ക്ലാവിസിന്റെ മുന്‍വശത്തെ ഡിസൈന്‍ വൈക്കിംഗ് ധരിച്ചിരുന്ന ഹെല്‍മെറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണെന്ന് മനസ്സിലാക്കാം. കിയ ക്ലാവിസിന്റെ ഫ്രണ്ട് ഫാസിയ കൂടുതല്‍ ആധുനികവും, ആക്രമണാത്മകവുമായി കാണപ്പെടുന്നു. പുതിയ തലമുറ സോനെറ്റ്, സെല്‍റ്റോസ്, കാര്‍ണിവല്‍ എന്നിവയോട് സാമ്യമുള്ളതാണ് ഇത്. സൈഡ് പ്രൊഫൈലില്‍ ക്ലാവിസിന് പുതിയ അലോയ് വീലുകള്‍ ലഭിക്കും. നിലവിലെ കാരെന്‍സില്‍ നിന്ന് വ്യത്യസ്തമായ റിയര്‍ എന്‍ഡാണ് ക്ലാവിസിനുള്ളത്.
കണക്റ്റഡ് എല്‍ഇഡി ടെയില്‍ലൈറ്റും അഗ്രസീവ് റിയര്‍ ബമ്പറും ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.പുതിയ ക്ലാവിസിന്റെ അകത്തളത്തില്‍ ഡ്യുവല്‍-കണക്റ്റഡ് 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഗേജും നല്‍കിയേക്കാം. ഇതിനുപുറമെ, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം നല്‍കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അപ്ഡേറ്റഡ് ഡാഷ്ബോര്‍ഡ് ലൗട്ട്, ലെതര്‍ അപ്ഹോള്‍സ്റ്ററി, വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ADAS ലെവല്‍ 2, 360-ഡിഗ്രി ക്യാമറ, ഒന്നിലധികം എയര്‍ബാഗുകള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചേക്കും. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍, നിലവിലുള്ള കാരെന്‍സിലെ അതേ എഞ്ചിനുകള്‍ക്കൊപ്പം ക്ലാവിസും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാകും. 1.5 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ 115hp പവറും 144Nm ടോര്‍ക്കും നല്‍കുമ്പോള്‍ ടര്‍ബോ മോട്ടോര്‍ 160hp പവറും 253Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 116hp പവറും 250Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ് കാരെന്‍സിലെ ഡീസല്‍ എഞ്ചിന്‍.

എന്‍ട്രി ലെവല്‍ പെട്രോള്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവലുമായി മാത്രമാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതേസമയം കാരെന്‍സിന്റെ ടര്‍ബോ-പെട്രോള്‍ മോട്ടോറിനൊപ്പം 6-സ്പീഡ് iMT അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ ലഭിക്കും. അതേസമയം ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായി വരുന്നു.
മെയ് എട്ടിനാണ് പുതിയ ക്ലാവിസിന്റെ അവതരണം. രണ്ട് മോഡലുകള്‍ വില്‍പ്പനക്കുള്ളതിനാല്‍ മിക്കവാറും ഈ വിലനിര്‍ണ്ണയത്തില്‍ കമ്പനി ഗണ്യമായ വിടവ് നിലനിര്‍ത്തും. നിലവില്‍ കാരെന്‍സിന്റെ എക്സ്ഷോറൂം വില 10.60 ലക്ഷം മുതല്‍ 19.70 ലക്ഷം രൂപ വരെയാണ് പോകുന്നത്. കൂടുതല്‍ പ്രീമിയം എംപിവി വാങ്ങുന്നവരെ ക്ലാവിസ് തൃപ്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ടൊയോട്ട ഇന്നോവ വാങ്ങാന്‍ പദ്ധതിയിടുന്നവരെ ക്ലാവിസ് അടര്‍ത്തിയെടുത്തേക്കാം. അതേസമയം, ബജറ്റ് എംപിവി നോക്കുന്നവരെയും ക്യാബുകാരെയും കാരെന്‍സ് ആകര്‍ഷിക്കും.


Click it and Unblock the Notifications








