ക്ലാവിസിലും നിര്‍ത്തില്ലെന്ന് കിയ! കുറഞ്ഞ വിലയില്‍ 7 പേര്‍ക്ക് കയറാവുന്ന ഇവിയും ഈ വര്‍ഷമെത്തും
ട്രെന്‍ഡിനും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കും അനുസരിച്ച് വാഹന നിര്‍മാതാക്കള്‍ എല്ലാം തന്നെ പതുക്കെ പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ നിന്ന് വൈദ്യുത വാഹനങ്ങളിലേക്ക് മാറുകയാണ്. ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ ആയ മാരുതി സുസുക്കിയും ടൊയോട്ടയും സമീപ മാസങ്ങളില്‍ തന്നെ തങ്ങളുടെ ആദ്യത്തെ മാസ് മാര്‍ക്കറ്റ് ഇവികള്‍ പുറത്തിറക്കാന്‍ പോകുകയാണ്. ഇക്കൂട്ടത്തില്‍ ചേര്‍ന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ വൈദ്യുതീകരണ തന്ത്രത്തിന്റെ ഭാഗമായി തങ്ങളുടെ ആദ്യത്തെ മാസ്-മാര്‍ക്കറ്റ് ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
ഇന്ന് (08 മെയ് 2025) കിയ കാരെന്‍സ് ക്ലാവിസ് എംപിവിയുടെ ലോഞ്ച് വേളയിലാണ് ഇക്കാര്യം കമ്പനി അറിയിച്ചത്. വരാന്‍ പോകുന്ന ഇലക്ട്രിക് കാര്‍ കാരെന്‍സ് ക്ലാവിസ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്ന് കിയ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്ഗു ലീ ആണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ വരാനിരിക്കുന്ന ഇലക്ട്രിക് മോഡലില്‍ ഇവി നിര്‍മാണത്തിലുള്ള തങ്ങളുടെ പരിജ്ഞാനം ഉപയോഗപ്പെടുത്തുമെന്ന് ലീ ഊന്നിപ്പറഞ്ഞു.

എന്നിരുന്നാലും ഭാവി ഉല്‍പ്പന്നത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. കിയ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന ആദ്യ ഇവി ആയിരിക്കില്ല ഇത്. നിലവില്‍ കിയ ഇന്ത്യയുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയില്‍ EV6, EV 9 എന്നീ പ്രീമിയം മോഡലുകളാണ് ഉള്‍ക്കൊള്ളുന്നത്. EV6 ഇവി 65.97 ലക്ഷം രൂപയ്ക്ക് റീട്ടെയില്‍ ചെയ്യുമ്പോള്‍ 1.30 കോടി രൂപയാണ് EV9 മോഡലിന്റെ വില.
പ്രീമിയം ഇവികളായി തരംതിരിച്ചിരിക്കുന്ന ഈ മോഡലുകള്‍ കംപ്ലീറ്റ് ബില്‍റ്റ്-അപ്പ് (CBU) യൂണിറ്റുകളായിട്ടാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ടാണ് ഈ വാഹനങ്ങള്‍ ഇത്രയും ഭീമമായ പ്രൈസ് ടാഗ് പേറുന്നത്. ഇതിനു വിപരീതമായി കാരെന്‍സ് ക്ലവിസിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഇവിയും കോംപാക്ട് എസ്‌യുവിയായ സിറോസില്‍ നിന്ന് പിറവിയെടുക്കുന്ന മറ്റൊരു കുറഞ്ഞ വിലയുള്ള മോഡലും പ്രാദേശികമായി നിര്‍മിക്കും.

പ്രാദേശിക ഉല്‍പ്പാദനത്തിലേക്കുള്ള ഈ മാറ്റം ഇന്ത്യന്‍ വിപണിയിലേക്ക് ഇവികള്‍ കൂടുതല്‍ പ്രാപ്യമാക്കുന്നത് ലക്ഷ്യം വെച്ചുള്ള കിയയുടെ നീക്കങ്ങളിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് കിയയുടെ ഇന്ത്യയിലെ നിര്‍മ്മാണ കേന്ദ്രം. ഈ പ്ലാന്റിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 3 ലക്ഷം യൂണിറ്റാണ്. വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടിയുള്ള ഡിമാന്‍ഡ് നിറവേറ്റുന്നതിന് തക്ക വലിപ്പത്തിലാണ് കാര്‍ നിര്‍മ്മാതാവ് ഈ പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന വാഹനങ്ങള്‍ ആഭ്യന്തരമായി നിര്‍മ്മിക്കാനുള്ള തീരുമാനം വിതരണ ശൃംഖലയെ സുഗമമാക്കുക മാത്രമല്ല ചെലവ് കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ വിലയില്‍ എസ്‌യുവികള്‍ ലഭ്യമാക്കി ഇന്ത്യന്‍ വിപണിയില്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തങ്ങളുടേതായ ഇടംപിടിച്ചവരാണ് കിയ. ഇതേ രീതിയില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്ന് കളംനിറയാനാണ് കിയയുടെ പ്ലാന്‍.

കാരെന്‍സ് ക്ലാവിസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് വാഹനം ഈ വര്‍ഷം പുറത്തിറങ്ങുന്നതോടെ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗത്തിന് ഇലക്ട്രിക് എംപിവി കൂടുതല്‍ പ്രാപ്യമായി മാറും. തുടര്‍ന്ന്, സിറോസിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു താങ്ങാനാവുന്ന ഇലക്ട്രിക് വാഹനം കൂടി പുറത്തിറങ്ങുന്നതോടെ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ കൊറിയന്‍ കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടും. 2025 -ന്റെ രണ്ടാം പകുതിയില്‍ പുതിയ മോഡലും തുടര്‍ന്ന് 2026-ല്‍ മറ്റൊന്നും പുറത്തിറക്കുമെന്ന് കിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
നിലവില്‍ വൈവിധ്യപൂര്‍ണമായ ലൈനപ്പാണ് കിയക്ക് ഇന്ത്യയില്‍ ഉള്ളത്. നിലവില്‍ സോനെറ്റ്, സിറോസ്, സെല്‍റ്റോസ്, കാരെന്‍സ്, കാരെന്‍സ് ക്ലാവിസ്, കാര്‍ണിവല്‍, EV6, EV9 തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ സോനെറ്റ്, സിറോസ്, സെല്‍റ്റോസ് എന്നിവ എസ്‌യുവികളാണ്. കാരെന്‍സ്, കാരെന്‍സ് ക്ലാവിസ്, കാര്‍ണിവല്‍ എന്നിവ എംപിവികളാണ്. ഇന്നാണ് കിയ കാരെന്‍സിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായ കാരെന്‍സ് ക്ലാവിസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഈ രണ്ട് മോഡലുകളും ഒരുമിച്ച് വില്‍പ്പനക്കെത്തും.
പ്രീമിയം ഫീച്ചറുകളും സാങ്കേതികവിദ്യകളും കുത്തനിറച്ചെത്തുന്ന പുതിയ കാരെന്‍സ് ക്ലാവിസ് വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കിയയുടെ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈനിലും 25,000 രൂപയുടെ ടോക്കണ്‍ തുകയ്ക്ക് ബുക്ക് ചെയ്യാം. പുതുമോഡലിനായുള്ള ബുക്കിംഗ് വിന്‍ഡോ ഇന്ന് രാത്രി അര്‍ദ്ധരാത്രി തുറക്കും. പുതിയ കാരന്‍സ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ വേരിയന്റുകളിലാണ് ലഭ്യമാവുക.
ഐവറി സില്‍വര്‍ ഗ്ലോസ്, പ്യൂട്ടര്‍ ഒലിവ്, ഇംപീരിയല്‍ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഗ്രാവിറ്റി ഗ്രേ, സ്പാര്‍ക്ലിംഗ് സില്‍വര്‍, അറോറ ബ്ലാക്ക് പേള്‍, ക്ലിയര്‍ വൈറ്റ് എന്നിവയുള്‍പ്പെടെ ഒന്നിലധികം കളര്‍ ഓപ്ഷനുകളും മോഡലിന് ഉണ്ടാവും. ഒരു മാസത്തിനുള്ളില്‍ തന്നെ കാരെന്‍സ് ക്ലാവിസിന്റെ വില പ്രഖ്യാപനവും ഉണ്ടാവും. ഏതായാലും, കിയ ഇന്ത്യ തങ്ങളുടെ വരാനിരിക്കുന്ന മോഡലുകളിലൂടെ ഇവി വിപണിയില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ ഒരുങ്ങുകയാണ്.
പ്രാദേശിക നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും കാരന്‍സ് ക്ലാവിസ്, സിറോസ് പോലുള്ള ജനപ്രിയ പ്ലാറ്റ്ഫോമുകളെ അടിസ്ഥാനമാക്കിയുള്ള വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെയും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ചെലവ് കുറഞ്ഞതും നൂതനവുമായ ഇലക്ട്രിക് മൊബിലിറ്റി സെല്യൂഷന്‍സ് എത്തിക്കുകയാണ് കിയയുടെ ലക്ഷ്യം. ഈ വര്‍ഷം അവസാനം കിയയുടെ മാസ്-മാര്‍ക്കറ്റ് ഇവിയും കൂടി എത്തുന്നതോടെ ഇന്ത്യന്‍ ഇവി വിപണി കൂടുതല്‍ മത്സരക്ഷമതയുള്ളതായി മാറും. ഇതിന്റെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ കമ്പനി ലോഞ്ച് അടുക്കുന്ന മുറയ്ക്ക് പുറത്തുവിടും.


Click it and Unblock the Notifications








