സോനറ്റ് മുതൽ കാരൻസ് വരെ... ഒറ്റ ദിവസം 222 കാറുകൾ ഡെലിവറി നടത്തി ഞെട്ടിച്ച് കിയ
കേരളത്തിലെ പുതുവർഷത്തിൻ്റെ തുടക്കമായ ചിങ്ങം ഒന്നിൽ തന്നെ വാഹനം കൈയിലേക്ക് കിട്ടുമ്പോൾ ഉളള ഒരു ഫീൽ വല്ലാത്തത് തന്നെയായിരിക്കുമെന്ന് പലർക്കും അറിയാം. തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി ചിങ്ങം ഒന്നിന് ഒരു മെഗാ ഡെലിവറി നടത്തിയിരിക്കുകയാണ് കേരളത്തിലെ തന്നെ കിയയുടെ ഏറ്റവും വലിയ ഡീലർഷിപ്പായ ഇഞ്ചിയോൺ കിയ. കേരളത്തിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ഇഞ്ചിയോൺ കിയയുടെ എല്ലാ ഷോറൂമുകളിലുമായി 222 കാറുകളാണ് കൈമാറിയിരിക്കുന്നത്. കിയയുടെ ജനപ്രിയ മോഡലുകളായ കാരൻസ് ക്ലാവിസ്, സെൽറ്റോസ്, സിറോസ്, സോണറ്റ് എന്നീ മോഡലുകളുടെ ഡെലിവറിയാണ് നടന്നത്.
അതോടൊപ്പം തന്നെ കിയയ്ക്ക് ഗംഭീര കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കിയ സെൽറ്റോസിന് 2 ലക്ഷം രൂപ വരെയും, കാരൻസ്, സോണറ്റ് മോഡലുകൾക്ക് 1 ലക്ഷം രൂപ വരെയും പ്രത്യേക ആനുകൂല്യങ്ങളും ഈ ഓഫർ കാലയളവിൽ ലഭിക്കുന്നത്. അതിനൊപ്പം തന്നെ കിയ സിറോസിന് 1.14 ലക്ഷം രൂപ വരെയും, കാർണിവലിന് 1.5 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങളാണ് പ്രത്യേക ഓഫറുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

കിയയുടെ എംപിവി മോഡലായ കാരൻസ് ക്ലാവിസിന് ഞെട്ടിക്കുന്ന ബുക്കിങ്ങുകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ കാരൻസ് ക്ലാവിസും കാരൻസ് ക്ലാവിസ് ഇവിയും അരങ്ങേറ്റം കുറിച്ച് നാല് മാസത്തിനുള്ളിൽ 21,000-ത്തിലധികം ബുക്കിംഗുകളോളം വാരിയെന്ന് അറിയിച്ചിരിക്കുകയാണ് കിയ. കാരെൻസ് ക്ലാവിസ് ICE വേരിയന്റുകൾക്കായി 20,000-ത്തിലധികം ഓർഡറുകളും ക്ലാവിസ് ഇവിക്ക് 1,000-ത്തിലധികം ബുക്കിംഗുകളുമാണ് ലഭിച്ചിരിക്കുന്നത്.
വലിയ കുടുംബങ്ങൾക്ക് അനുയോജ്യമായ ഒരു എംപിവി മോഡലായാണ് കാരെൻസ് ക്ലാവിസ് സ്ഥാനം പിടിച്ചിരിക്കുന്നത്. അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരം ലഭിച്ച മോഡൽ ഇപ്പോൾ കാഴ്ച്ചയിൽ ആഡംബര കാറുകളെ വരെ തോൽപ്പിക്കുന്ന സ്റ്റൈലിലാണ് വരുന്നത്. 6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുന്ന കാരെൻസ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റുകളിൽ സ്വന്തമാക്കാനാവും.
പുതിയ സിഗ്നേച്ചർ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, റീസ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ എന്നിവയാണ് മുൻവശത്തെ പ്രധാന ആകർഷണം. പുതിയ സിറോസിലെയും EV9 ഇവിലും കണ്ട പുതിയ ക്ലോസ്ഡ് ഗ്രിൽ കാരെൻസിലും ഇടംപിടിച്ചിട്ടുണ്ട്. കൂടുതൽ ആംഗിൾ ടച്ചുകൾ ഉപയോഗിച്ച് ബമ്പർ റീഡിസൈൻ ചെയ്‌തിട്ടുണ്ട്. വശക്കാഴ്ച്ചയിൽ പുതിയ 17 ഇഞ്ച് അലോയ് വീലുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് കാര്യമായ അലങ്കോലപണികളൊന്നും ചെയ്യാൻ കിയ തയാറായിട്ടില്ല.
അതേസമയം പിൻവശത്ത് ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന ലൈറ്റ്ബാറുള്ള 'സ്റ്റാർമാപ്പ്' എൽഇഡി ടെയിൽലൈറ്റുകൾ ഇത്തവണ കൊണ്ടുവന്നിട്ടുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരമാക്കി തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. അവയിൽ ശ്രദ്ധേയമായത് ഇരുപതോളമുള്ള സെമി-ഓട്ടോണമസ് സവിശേഷതകളുള്ള ലെവൽ 2 ADAS പാക്കേജിന്റെ കൂട്ടിച്ചേർക്കലാണ്, 18 പാസിവ് സേഫ്റ്റി മെഷറോടെയാണ് എംപിവി ഇപ്പോൾ നിരത്തിലെത്തുന്നത്.
അവയിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ സീറ്റ് യാത്രക്കാർക്കുള്ള അലേർട്ടുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. ഫാമിലി കാറായതിനാൽ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന കൊടുത്തിരിക്കുന്നത് ശ്രദ്ധേയമാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയാണ് അകത്തളത്തിലെ പ്രധാന ആകർഷണം.
കിയയുടെ ഇന്ത്യയിൽ നിർമിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് ക്ലാവിസ് ഇവി. 42 kWh, 51.4 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ എംപിവി തെരഞ്ഞെടുക്കാനാവും. ചെറിയ ബാറ്ററിയുമായി വരുന്ന 7-സീറ്റർ പൂർണ ചാർജിൽ 404 കിലോമീറ്റർ (ARAI) റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. മറുവശത്ത് വലിയ ബാറ്ററി ഉപയോഗിക്കുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 490 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യാനാവുമെന്നാണ് കിയ പറയുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








