5 പേര്‍ക്ക് സുഖമായി പോകാം, 400 കി.മീ റേഞ്ചും; ആദ്യ വാന്‍ ലോകത്തിന് പരിചയപ്പെടുത്തി കിയ
ഇന്ത്യയില്‍ വാനുകള്‍ക്ക് വന്‍ പ്രചാരമുള്ള ഒരു കാലം ഉണ്ടായിരുന്നു. മാരുതി സുസുക്കിയുടെ ഒംനി പോലുള്ള വാഹനങ്ങള്‍ നിരത്തൊഴിഞ്ഞതോടെ ഈ വിഭാഗത്തിന്റെ വളര്‍ച്ച മുരടിച്ചുവെന്ന് വേണമെങ്കില്‍ പറയാം. ഒംനിയുടെ പകരക്കാരനായി വന്ന ഈക്കോ മികച്ച വില്‍പ്പന നേടുന്നുണ്ടെങ്കിലും ഈ മോഡലിന് നിലവില്‍ എതിരാളിയില്ല. ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് ആയ കിയ PV5 എന്ന വാനുമായ രംഗപ്രവേശനം ചെയ്യാന്‍ പോകുകയാണെന്ന് ഞങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെ കിയ ഇവി ഡേയില്‍ വെച്ച് കിയ തങ്ങളുടെ ആദ്യ വാന്‍ ആയ PV5 ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചു.
കിയയുടെ ആദ്യ വാന്‍ മാത്രമല്ല, സ്വകാര്യ, വാണിജ്യ മേഖലകളെ ലക്ഷ്യം വച്ചുള്ള ഓള്‍-ഇലക്ട്രിക് മള്‍ട്ടി-പര്‍പ്പസ് യൂട്ടിലിറ്റി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്ലാറ്റ്ഫോം ബിയോണ്ട് വെഹിക്കിള്‍ അഥവാ പിബിവിയുടെ ആമുഖ മോഡല്‍ കൂടിയാണിത്. PV5 കിയ വ്യത്യസ്ത ബോഡി സ്‌റ്റൈലുകളില്‍ വാഗ്ദാനം ചെയ്യും. പാസഞ്ചര്‍, കാര്‍ഗോ, ക്രൂ ക്യാബ്, വീല്‍ചെയര്‍ ആക്സസിബിള്‍ (WAV) എന്നിവയാണവ.

ഫ്യൂചറിസ്റ്റിക്കും എന്നാല്‍ വൃത്തിയുള്ളതുമായ ഡിസൈനിലാണ് ഈ വാന്‍ കൊറിയന്‍ കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വാനിന്റെ മുന്‍വശത്ത് ഹൈ മൗണ്ടഡ് ആംഗുലര്‍ എല്‍ഇഡി സ്ട്രിപ്പുകള്‍ ലഭിക്കുന്നു. അവ ഇന്‍ഡിക്കേറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു. പ്രധാന ഹെഡ്‌ലൈറ്റ് യൂണിറ്റുകള്‍ താഴെയായി നല്‍കിയിട്ടുണ്ട്. PV5 വാനിന്റെ ചാര്‍ജിംഗ് പോര്‍ട്ട് ഫാസിയയുടെ മധ്യത്തിലാണ് കാണപ്പെടുന്നത്. അതിനു മുകളില്‍ ഒരു ഫ്രണ്ട് ഫെയ്‌സിംഗ് ക്യാമറയും അതിനു താഴെ ഒരു വലിയ റഡാര്‍ സെന്‍സറും ഉണ്ട്.
PV5 വാനിന്റെ വശങ്ങളിലേക്ക് നീങ്ങിയാല്‍ അടിഭാഗത്ത് ചുറ്റും പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ് കാണാം. മുകളിലെ പകുതിയില്‍ ചങ്കി സൈഡ് മിററുകളും വലിയ ഗ്ലാസ് ഏരിയയുമാണ്. പില്ലറുകള്‍, ബോണറ്റ്, ഫെന്‍ഡറുകള്‍ എന്നിവയ്ക്ക് ബ്ലാക്ക് ട്രീറ്റ്‌മെന്റ് നല്‍കിയിരിക്കുന്നു. പിന്‍ഭാഗത്ത് ഒരു ലിഫ്റ്റ്-അപ്പ് ബൂട്ട് ലിഡ് മാത്രമേയുള്ളൂ. അതേസമയം കാര്‍ഗോ, ക്രൂ ബോഡിസ്‌റ്റൈലുകളില്‍ വരുമ്പോള്‍ ഡ്യുവല്‍ സൈഡ് ഓപണിംഗ് ടെയില്‍ഗേറ്റ് ഡോറുകള്‍ ലഭിക്കും.

അകത്തളത്തിലേക്ക് കടന്നാല്‍ PV5 വാനിന്റെ എല്ലാ വേരിയന്റുകളിലും മുന്നില്‍ രണ്ട് യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം ക്രൂ ക്യാബ്, പാസഞ്ചര്‍, WAV ബോഡി സ്‌റ്റൈലുകള്‍ക്ക് പിന്നില്‍ മൂന്ന് സീറ്റുകളാണ് ലഭിക്കുന്നത്. അതേസമയം ഇവിയുടെ കാര്‍ഗോ ശേഷിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഡാഷ്‌ബോര്‍ഡില്‍ 12.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി 7 ഇഞ്ച് സ്‌ക്രീനും ഉണ്ട്. ഓവര്‍-ദി-എയര്‍ അപ്‌ഡേറ്റുകളെ പിന്തുണയ്ക്കുന്ന ആദ്യത്തെ ഡിസ്‌പ്ലേ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓട്ടോമോട്ടീവ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത് അതിന് ഒരു ഇന്‍-ബില്‍റ്റ് ആപ്പ് സ്റ്റോറും ഉണ്ടായിരിക്കും. ബാഹ്യ ഉപകരണങ്ങള്‍ പവര്‍ ചെയ്യാന്‍ സഹായിക്കുന്ന V2L (വെഹിക്കിള്‍-ടു-ലോഡ്) ശേഷിയും ഇലക്ട്രിക് വാനിനുണ്ടാകും.

പവര്‍ട്രെയിന്‍ വശം നോക്കിയാല്‍ കിയ PV5-ന് 3 ബാറ്ററി പായ്ക്ക് ഓപ്ഷന്‍ ഉണ്ടായിരിക്കും. ഇതില്‍ 43.3kWh, 51.5kWh, 71.2kWh ബാറ്ററികള്‍ ഉള്‍പ്പെടുന്നു. ഇവ 163 hp പവര്‍ നല്‍കുന്ന ഫ്രണ്ട് മൗണ്ടഡ് സിംഗിള്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കുന്നു. വാനിന്റെ ടോപ്പ്-സ്‌പെക്ക് 71.2kWh ബാറ്ററി പായ്ക്ക് 400 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്നു. എല്ലാ ബാറ്ററി പായ്ക്കുകളും ഏകദേശം 30 മിനിറ്റിനുള്ളില്‍ 10-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.
ഈ വര്‍ഷം അവസാനത്തോടെ കിയ ഈ മോഡലിന്റെ വില പ്രഖ്യാപിക്കും. ആദ്യം ഇത് അന്താരാഷ്ട്ര വിപണിയിലായിരിക്കും അവതരിപ്പിക്കുക. അന്താരാഷ്ട്ര വിപണികളില്‍ ഫോക്സ്വാഗണ്‍ ഐഡി ബസ് ആയിരിക്കും എതിരാളി. നിലവില്‍ ഈ മോഡല്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് കിയ മനസ്സ് തുറന്നിട്ടില്ല. ഇന്ത്യയില്‍ പാസഞ്ചര്‍, വാണിജ്യ വാഹന വിപണികളില്‍ ഇവികള്‍ക്ക് പ്രചാരമേറുകയാണ്. ഈ സാഹചര്യത്തില്‍ കിയ PV5 രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാധ്യത കാണുന്നുണ്ട്.


Click it and Unblock the Notifications








