ഹൈക്രോസിന് ഭീഷണിയാണോ ഈ കൊറിയൻ എംപിവി; സിംഗിൾ ചാർജിൽ 490 കിലോമീറ്റർ റേഞ്ച്
രാജ്യത്തെ ഉപഭോക്താക്കളുടെ ഇടയിൽ എംപിവിക്ക് പ്രത്യേക ഡിമാൻ്റുണ്ട്. എതിരാളികളില്ലാതെ വാഴുന്ന ടൊയോട്ടയുടെ എംപിവിയായ ഇന്നോവയ്ക്ക് ഒരു എതിരാളിയായി കാണാൻ സാധിക്കുന്ന ഒരു മോഡലാണ് കൊറിയൻ ബ്രാൻഡായ കിയ അവതരിപ്പിച്ചിരിക്കുന്നത്. എംപിവിയുടെ ഇലക്ട്രിക് പതിപ്പാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. നാലോളം വേരിയന്റുകളിൽ എത്തുന്ന ഇലക്ട്രിക് 7-സീറ്ററിന് 17.99 ലക്ഷം മുതൽ 24.49 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സ്റ്റാൻഡേർഡ് റേഞ്ച്, എക്സ്റ്റെൻഡ് റേഞ്ച് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് എംപിവിയെ തരംതിരിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ പ്രാദേശികവൽക്കരിച്ച E-GMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം പണിതിറക്കിയിരിക്കുന്നത് കൊണ്ട് തന്നെ വിൽപ്പനയിൽ ആശങ്കപ്പെടേണ്ടതില്ല.
ബ്രാൻഡ് ഇപ്പോൾ ക്ലാവിസ് ഇവിയുടെ പരസ്യവീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. വീഡിയോയുടെ തുടക്കത്തിൽ കൂട്ടുകാർ കൂടി ഒരുയാത്ര പോകുന്നതാണ് കാണാൻ സാധിക്കുന്നത്. വാഹനത്തിൻ്റെ പ്രാക്ടിക്കാലിറ്റിയും കംഫർട്ടും എല്ലാം എടുത്തു കാണിക്കുന്ന രീതിയിലാണ് പരസ്യവീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കൂട്ടുകാർ ഒരു പിക്നിക്കിന് പോകുകയും അവരുടെ എല്ലാ ആവശ്യകതകളും നിറവേറ്റാൻ വാഹനത്തിന് സാധിക്കുന്നുണ്ട് എന്ന് എടുത്തു കാണിക്കുന്നു.

ഒരു വാഹനത്തിൽ നിന്ന് മറ്റൊരു വാഹനം ചാർജ് ചെയ്യുന്ന സാങ്കേതിക വിദ്യയായ V2V ഫീച്ചറുകളെല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറക്കിയ ഫെയ്‌സ്‌ലിഫ്റ്റഡ് കാരൻസ് ക്ലാവിസുമായി ഡിസൈനും ഫീച്ചറുകളുമെല്ലാം കടമെടുക്കുകയും ചെയ്യുന്നു. പുതിയ ഇലക്ട്രിക് പീപ്പിൾ മൂവർ അതേ സുഖസൗകര്യങ്ങളും പ്രീമിയം ക്യാബിൻ അനുഭവവും വാഗ്ദാനം ചെയ്യുന്നുവെന്ന് കിയ പറയുന്നു. കിയ കാരെൻസ് ക്ലാവിസ് ഇവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് 2025 ജൂലൈ 22-ന് ആരംഭിക്കുമെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
കാഴ്ച്ചയിൽ വളരെ സമാനതകൾ തോന്നുമെങ്കിലും ചില ഇലക്ട്രിക്-നിർദ്ദിഷ്ട മാറ്റങ്ങളോടെയാണ് വാഹനം വിപണിയിലെത്തുന്നത്. മുൻവശത്ത് ചാർജിംഗ് പോയിന്റ് സ്ഥാപിച്ചിരിക്കുന്നത് ഈ നവീകരണങ്ങളിൽ ആദ്യത്തേത്. ഒപ്പം മുൻവശത്തെ എൽഇഡി ഡിആർഎല്ലുകളും ഇലക്ട്രിക് എംപിവിയുടെ അഴക് വർധിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ രൂപം സമ്മാനിക്കാനായി പുതിയ 17 ഇഞ്ച് എയ്‌റോ അലോയ് വീലുകളും ഇലക്ട്രിക് എംപിവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒപ്പം അടിതട്ടാതിരിക്കാൻ ഗ്രൗണ്ട് ക്ലിയറൻസ് 5 മില്ലീമീറ്ററോളം വർധിപ്പിച്ചിട്ടുണ്ടെന്നും ദക്ഷിണ കൊറിയൻ ബ്രാൻഡ് പറയുന്നു. അങ്ങനെ ഇവി മോഡലിന് മൊത്തത്തിൽ 200 mm ഗ്രൗണ്ട് ക്ലിയറൻസാണ് ലഭിക്കുക. അധിക സുരക്ഷക്കായി അണ്ടർബോഡി കവറും ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കിയെല്ലാം ICE എഞ്ചിൻ കാരെൻസ് ക്ലാവിസിന് സമാനമാണ്. ഇന്റീരിയറിലും കാര്യമായ പരിഷ്ക്കാരങ്ങളുണ്ടോയെന്ന് സൂക്ഷ്മമായി നോക്കേണ്ടി വരും.
പരമ്പരാഗത ഷിഫ്റ്ററിന് പകരം ഗിയർ ഷിഫ്റ്റർ സ്റ്റിയറിംഗ് കോളത്തിലേക്ക് നീക്കി കിയ കൂടുതൽ സ്ഥലം സ്വതന്ത്രമാക്കിയത് ഞെട്ടിക്കുന്ന സംഗതിയാണ്. ഡിജിറ്റൽ കൺസോളിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന 26.6 ഇഞ്ച് പനോരമിക് ഡിസ്‌പ്ലേയാണ് ഇലക്ട്രിക് എംപിവിയിൽ ഒരുക്കിയിരിക്കുന്നത്. പിന്നെ ആധുനിക കാലത്തിനിണങ്ങുന്ന ഒരുലോഡ് ഫീച്ചറുകളും വണ്ടിയിലുണ്ട് എന്ന് എുത്തു പറയേണ്ട കാര്യമാണ്.

ലെവൽ 2 ADAS, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വൺ-ടച്ച് ടംബിൾ-ഡൗൺ രണ്ടാം നിര സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ആംബിയന്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ തുടങ്ങിയവയാണ് ഇതിൽ പ്രധാനം. 169 bhp പവറിൽ പരമാവധി 255 Nm ടോർക്ക് വികസിപ്പിക്കുന്ന സിംഗിൾ മോട്ടോറാണ് കാരൻസ് ക്ലാവിസ് ഇവിക്ക് കരുത്ത് പകരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








