അഴകിലും അളവിലും പുത്തൻ സെൽറ്റോസ് ഒരുപടി മുന്നിൽ; എതിരാളികൾ പോലും നോക്കി നിന്ന് പോകും
പുതിയ 2026 കിയ സെൽറ്റോസ് വലിയ ഡിസൈൻ മാറ്റങ്ങളോടും നിരവധി മോഡേൺ സവിശേഷതകളോടും കൂടി ഔദ്യോഗികമായി വിപണിയിലെത്തിയിരിക്കുകയാണ്. വാഹനത്തിന്റെ പവർട്രെയ്ൻ ഓപ്ഷനുകൾ അതേപടി തുടരുമ്പോഴും, കൂടുതൽ കരുത്തും പ്രീമിയം ലുക്കും നൽകും വിധം കിയ ഈ പുതിയ മോഡൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ജനുവരി 2, 2026-നാണ് ഇതിന്റെ വില പ്രഖ്യാപനവും ഔദ്യോഗിക ലോഞ്ചും നടക്കുക എന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. പുതിയ സെൽറ്റോസിന്റെ രൂപകൽപ്പനയും സാങ്കേതിക അപ്ഡേറ്റുകളും സെഗ്മെൻ്റിൽ നിർണായകമാകും. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി വിക്ടോറിസ്, ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ടാറ്റ സിയറ ഉൾപ്പെടെയുള്ള എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ, പുതിയ സെൽറ്റോസിന് വലുപ്പത്തിൽ പ്രകടമായ മാറ്റങ്ങളുണ്ട്.
പുതിയ കിയ സെൽറ്റോസിന് 4,460 മില്ലിമീറ്റർ നീളമുണ്ട്, ഇത് ഈ വിഭാഗത്തിലെ മിക്ക കാറുകളേക്കാളും വലുതാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ മോഡലിനേക്കാൾ 95 മില്ലിമീറ്റർ നീളം കൂടുതലാണ് പുതിയ സെൽറ്റോസിന്. 1,830 മില്ലിമീറ്റർ വീതിയും 2,690 മില്ലിമീറ്റർ വീൽബേസുമാണ് പുതിയ സെൽറ്റോസിനുള്ളത്. പഴയതിനേക്കാൾ 30 മില്ലിമീറ്റർ വീതിയും 80 മില്ലിമീറ്റർ വീൽബേസും വർധിപ്പിച്ചിട്ടുമുണ്ട്.

വലിപ്പം കൂടിയത് കൊണ്ട് തന്നെ വാഹനത്തിനുള്ളിൽ കൂടുതൽ വിശാലമായ ഇടം നൽകുന്നുണ്ട്. പഴയ 433 ലിറ്ററിൽ നിന്ന് 14 ലിറ്റർ വർധിച്ച്, പുതിയ സെൽറ്റോസിന്റെ ബൂട്ട് സ്പേസ് 447 ലിറ്ററായിട്ടുണ്ട്. കൂടുതൽ ആകർഷകമായി തോന്നുന്നതിന് വേണ്ടി വാഹനത്തിന്റെ ഉയരം 10 മില്ലിമീറ്റർ കുറച്ചിട്ടുമുണ്ട്. നീളത്തിലേക്ക് വന്നാൽ സെൽറ്റോസിന് വ്യക്തമായ മേൽക്കൈയുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല.
എതിരാളികളുടെ കാര്യം നോക്കിയാൽ ടൊയോട്ട ഹൈറൈഡർ (4,365 മില്ലിമീറ്റർ), മാരുതി സുസുക്കി വിക്റ്റോറിസ് (4,360 മില്ലിമീറ്റർ), ഹ്യുണ്ടായി ക്രെറ്റ (4,330 മില്ലിമീറ്റർ) എന്നിവ 4,400 മില്ലിമീറ്ററിൽ താഴെ മാത്രം നീളമുള്ളവയാണ്. അടുത്തിടെ പുറത്തിറങ്ങിയ ടാറ്റ സിയറയ്ക്ക് 4,340 മില്ലിമീറ്റർ നീളമുണ്ട്. ഈ അളവുകൾ മാത്രം മതിയല്ലോ എതിരാളികളേക്കാൾ എന്ത് കൊണ്ടും സെൽറ്റോസ് മികച്ചതാണ് എന്ന് മനസിലാക്കാൻ.

വീതിയുടെ കാര്യം നോക്കിയാൽ, പുതിയ കിയ സെൽറ്റോസ് (1,830 മില്ലിമീറ്റർ) ഈ വിഭാഗത്തിലെ രണ്ടാമത്തെ വലിയ മോഡലാണ്. 1,841 മില്ലിമീറ്റർ വീതിയുള്ള ടാറ്റ സിയറയാണ് ഇവിടെ മുന്നിൽ നിൽക്കുന്നത്. ഉയരത്തിൽ, സെൽറ്റോസും ക്രെറ്റയും (1,635 മില്ലിമീറ്റർ) ഒരേ അളവിലാണുള്ളത്. വിക്റ്റോറിസ്, ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ (1,645-1,655 മില്ലിമീറ്റർ) എന്നിവ അല്പം ഉയരം കൂടിയതാണ്. സിയറയാണ് (1,715 മില്ലിമീറ്റർ) കൂട്ടത്തിൽ ഏറ്റവും ഉയരമുള്ള വാഹനം.
വീൽബേസിന്റെ അളവുകളിലേക്ക് വന്നാൽ, പുതിയ 2026 കിയ സെൽറ്റോസ് (2,690 മില്ലിമീറ്റർ) രണ്ടാമതും, ടാറ്റ സിയറ (2,730 മില്ലിമീറ്റർ) ഒന്നാമതുമാണ്. ക്രെറ്റയ്ക്ക് 2,610 മില്ലിമീറ്റർ വീൽബേസുള്ളപ്പോൾ, മാരുതിയുടെയും ടൊയോട്ടയുടെയും മോഡലുകൾക്ക് ഏകദേശം 2,600 മില്ലിമീറ്റർ വീൽബേസാണുള്ളത്. സെഗ്മെൻ്റിൽ ഒരു കടുത്ത മത്സരത്തിന് സെൽറ്റോസ് വഴിവയ്ക്കുമെന്ന് തന്നെ പറയാം.

ബൂട്ട് സ്പേസിന്റെ കാര്യത്തിൽ, പുതിയ സെൽറ്റോസ് 447 ലിറ്റർ സംഭരണ ശേഷി നൽകുന്നുണ്ട്. ഇത് ക്രെറ്റ (433 ലിറ്റർ), വിക്റ്റോറിസ് (439 ലിറ്റർ), ഗ്രാൻഡ് വിറ്റാര (373 ലിറ്റർ), ടൊയോട്ട ഹൈറൈഡർ (373 ലിറ്റർ) എന്നിവയെക്കാൾ കൂടുതലാണ്. എന്നിരുന്നാലും, ഏകദേശം 622 ലിറ്റർ ബൂട്ട് സ്പേസുമായി ടാറ്റ സിയറയാണ് ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
വിപണിയിലെ കടുത്ത മത്സരം മുൻനിർത്തി കിയ സെൽറ്റോസിനെ അതീവ ശ്രദ്ധയോടെ തന്നെയാണ് കിയ ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, വലുപ്പത്തിന്റെ കാര്യത്തിൽ ടാറ്റ സിയറ ഇപ്പോഴും മറ്റ് എല്ലാ മോഡലുകളേക്കാളും ഒരുപടി മുന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സ് സിയറയുടെ രൂപകൽപ്പനയിൽ അത്രത്തോളം ശ്രദ്ധ നൽകിയിട്ടുണ്ട് എന്ന് വേണം മനസിലാക്കാൻ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








