ക്രെറ്റ സേഫാണ്, പക്ഷേ സ്കോഡയും എംജിയും വെള്ളംകുടിക്കും; കിയ സെൽറ്റോസ് ഫെയ്സ്‌ലിഫ്റ്റ് ഉടനെത്തും
രാജ്യത്ത് അവതിപ്പിച്ചപ്പോൾ മുതൽ എസ്‌യുവി പ്രേമികളുടെ മനസിലേക്ക് ഒരു ലോഡ് ഫീച്ചറുകളുമായി എത്തിയ മോഡലാണ് സെൽറ്റോസ്. കിയ എന്നും ഫീച്ചറുകൾക്ക് ഒരു പഞ്ഞവും വരുത്തിയിട്ടില്ല. അത് വാഹനത്തിൻ്റെ ഇൻ്റീരിയറിൽ കയറിയ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. 2019-ലായിരുന്നു സെല്‍റ്റോസിന്റെ കൈപിടിച്ച് കൊറിയൻ ബ്രാൻഡായ കിയ ഇന്ത്യയിലെത്തിയത്. ഞാൻ ആദ്യം പറഞ്ഞത് പോലെ രാജ്യത്ത് ഫീച്ചര്‍ സമ്പന്നമായ ഹൈ-ടെക് എസ്‌യുവി യുഗത്തിന് തുടക്കമിട്ടത് സെല്‍റ്റോസ് ആണെന്ന് പറയാൻ സാധിക്കും. കണക്റ്റഡ് കാര്‍ ടെക്നോളജി, വലിയ ടച്ച്‌സ്‌ക്രീനുകള്‍, പ്രീമിയം ഇന്റീരിയറുകള്‍, മികച്ച സ്റ്റൈലിംഗ് എന്നിവയുമായി എത്തിയ സെല്‍റ്റോസ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തില്‍ തന്നെ പുതിയ മാനദണ്ഡങ്ങള്‍ വരുത്തി.
ഇപ്പോഴിതാ സെൽറ്റോസ് വീണ്ടും ഒരു അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്. പുതിയ തലമുറ ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് ക്യാമറക്കണ്ണിൽ കുടുങ്ങിയിരിക്കുകയാണ്. ഹൈദരാബാദിൽ വച്ചാണ് പരീക്ഷണയോട്ടത്തിനിടെപുതിയ സെൽറ്റോസ് ഫെയ്സ്‌ലിഫ്റ്റിൻ്റെ ചിത്രങ്ങൾ പകർത്തിയതെന്ന് കാർവാലെ റിപ്പോർട്ട് ചെയ്യുന്നത്. കാമോഫ്ലാഗിലായത് കൊണ്ട് തന്നെ വിശദമായ മാറ്റങ്ങൾ എടുത്തറിയുന്നില്ല എങ്കിലും ചില മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ തന്നെ കാണാം.

മുന്നിൽ വാഹനത്തിൻ്റെ ഹെഡ്‌ലാമ്പിൽ വ്യത്യാസം വരുത്തിയിട്ടുണ്ടെന്നും, സൈഡ് മിററുകളിൽ ഡ്യുവൽ ടോൺ ലഭിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെസ്പൈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്, കട്ടിയുള്ള വീൽ ആർച്ച് ക്ലാഡിംഗുകൾ, സ്പ്ലിറ്റ് ടെയിൽ ലൈറ്റുകൾ, ചെറിയ പിൻ ഓവർഹാങ്ങുകൾ എന്നിവയെല്ലാം വാഹനത്തിന് ലഭിക്കുന്നു.
പുതിയ അലോയ് വീലുകൾ മാറ്റ് ബ്ലാക്ക് നിറത്തിലാണ് നൽകിയിരിക്കുന്നത്, അത് വാഹനത്തിൻ്റെ സ്പോർട്ടി ലുക്ക് വർധിപ്പിക്കാൻ വലിയൊരു ഘടകമാണെന്ന് മനസിലാക്കാം. മെക്കാനിക്കലായി സെൽറ്റോസിൽ മാറ്റങ്ങളൊന്നും തന്നെ വരാൻ സാധ്യതയില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ ഹൈബ്രിഡ് സിസ്റ്റം കമ്പനി അവതരിപ്പിക്കാനുളള സാധ്യതയുണ്ട്.

ഹൈബ്രിഡ് എഞ്ചിനും മിഡ്-സൈസ് എസ്‌യുവിയിലേക്ക് വരുന്നതോടെ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ മോഡലുകൾക്ക് അതൊരു തിരിച്ചടി തന്നെയായിരിക്കും. നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പുതിയ സെൽറ്റോസിനായി ഹൈബ്രിഡിലേക്ക് നവീകരിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
2030 ആകുമ്പോഴേക്കും ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ 25 ശതമാനവും ഹൈബ്രിഡ് മോഡലുകളിൽ നിന്നായിരിക്കണമെന്നാണ് കിയ ആഗ്രഹിക്കുന്നത്. നിലവിൽ സെൽറ്റോസിന്റെ ഹൈബ്രിഡ് എഞ്ചിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യവുമല്ല. നിലവിൽ കിയ സെൽറ്റോസിൻ്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 10.90 ലക്ഷം രൂപയിൽ തുടങ്ങി 20.37 ലക്ഷം രൂപ വരെയാണ്.
പുതുമോഡൽ വരുമ്പോൾ വില അൽപം കൂടി ഉയരാനും സാധ്യതയുണ്ട്. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സിട്രൺ എയർക്രോസ് തുടങ്ങിയ വമ്പൻമാരുമായിട്ടാവും തുടർന്നുള്ള മത്സരവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








