മാരുതിക്കും മഹീന്ദ്രയ്ക്കും ഉറക്കം പോയി; കിയ സിറോസിന് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ
വാഹനം വാങ്ങാൻ ചെല്ലുമ്പോൾ സേഫ്റ്റിയാണ് എല്ലാവർക്കും മുഖ്യം. ക്രാഷ് ടെസ്റ്റിൽ സ്റ്റാർ റേറ്റിങ്ങ് കിട്ടിയാൽ തന്നെ പകുതി ആശ്വാസമാകും. പല വാഹന നിർമാതാക്കളുടേയും എൻട്രി ലെവൽ മോഡലുകൾക്ക് സേഫ്റ്റി ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ട്. മാരുതി സുസുക്കി തങ്ങളുടെ പല വാഹനങ്ങളിലും എയർബാഗുകളുടെ എണ്ണം വർധിപ്പിക്കുകയും പുതിയതായി ചേർക്കുകയും ചെയ്തു. എന്നാൽ അതിനെയെല്ലാം കടത്തിവെട്ടിക്കൊണ്ട് എല്ലാ ബ്രാനഡുകളുടേയും ചങ്ക് തകർക്കുന്ന നേട്ടവുമായി കിയ സിറോസിന് ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടിയിരിക്കുകയാണ്. സബ് കോംപാക്ട് എസ്‌യുവി സെഗ്മെൻ്റുകളുടെ മുഖച്ഛായ തന്നെ മാറ്റാൻ സാധിക്കുന്ന ഗംഭീര നേട്ടം തന്നെയാണ് ഇത്.
ക്രാഷ് ടെസ്റ്റിൻ്റെ വിശദമായ കണക്കുകളിലേക്ക് നോക്കിയാൽ മുതിർന്നവരുടെ സുരക്ഷയ്ക്കായിട്ടുളള ടെസ്റ്റിൽ സിറോസ് 32 ൽ 30.21 പോയിന്റുകൾ നേടി. ടാറ്റ നെക്‌സോൺ 29.41 പോയിന്റുകൾ, മഹീന്ദ്ര XUV 3XO 29.36 പോയിന്റുകൾ എന്നിങ്ങനെ സിറോസിൻ്റെ എതിരാളികളേക്കാൾ സ്കോർ നേടാൻ സാധിച്ചു. ഫ്രണ്ടൽ ഓഫ്‌സെറ്റ് ക്രാഷ് ടെസ്റ്റിൽ, സിറോസ് 16 ൽ 14.21 പോയിന്റുകളും അതോടൊപ്പം സൈഡ് ബാരിയർ ക്രാഷ് ടെസ്റ്റിൽ 16 ൽ 16 പോയിന്റുകളും നേടി.

ഡ്രൈവറുടെ തല, കഴുത്ത്, കാൽമുട്ടുകൾ, കാലുകൾ എന്നിവയ്ക്കുള്ള സംരക്ഷണം മികച്ചതായി തന്നെയാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്, അതേസമയം ഡ്രൈവറുടെ നെഞ്ചിനും ഷിൻസിനും മതിയായ സംരക്ഷണം ലഭിക്കുകയും ചെയ്തിട്ടുണ്ട്. മുൻവശത്തെ യാത്രക്കാരന് മികച്ച സംരക്ഷണ ലഭിക്കുന്നുണ്ട് എന്നാണ് ടെസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്. സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിലും യാത്രക്കാരുടെ സംരക്ഷണം വളരെ മികച്ചതായി തന്നെയാണ് കാണപ്പെട്ടിരിക്കുന്നത്.
സിറോസിന്റെ മൊത്തം ബുക്കിംഗുകളുടെ ഏകദേശം 67 ശതമാനത്തോളം പെട്രോൾ എഞ്ചിൻ വേരിയന്റുകൾക്കും ബാക്കി 33 ശതമാനം ഉപഭോക്താക്കൾ ഡീസലിനുമാണ് ലഭിച്ചിരിക്കുന്നതെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല വാങ്ങുന്നവരിൽ 46 ശതമാനം പേരും എല്ലാ ഫീച്ചറുകളുമുള്ള ടോപ്പ് വേരിയന്റുകൾക്കാണ് മുൻഗണന കൊടുത്തിരിക്കുന്നത്. HTK, HTK (O), HTK പ്ലസ്, HTX, HTX പ്ലസ്, HTX പ്ലസ് (O) എന്നീ ആറ് വകഭേദങ്ങളിലാണ് വണ്ടി വിപണിയിലെത്തുന്നത്.

സിറോസിന് 8.99 ലക്ഷം രൂപ മുതൽ 17.80 ലക്ഷം രൂപ വരെയാണ് കിയയുടെ ഈ കുഞ്ഞൻ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. വെന്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, പനോരമിക് സൺറൂഫ്, എസി കൺട്രോളുകൾക്കായി പ്രത്യേക സ്‌ക്രീൻ, പിൻ നിര സീറ്റുകൾക്കായി റീക്ലൈൻ, സ്ലൈഡ് ഫംഗ്ഷൻ എന്നിവ ഈ പുതിയ സബ്-ഫോർ-മീറ്റർ എസ്‌യുവിയുടെ ചില മികച്ച സവിശേഷതകളാണ്.
ചാരിയിരിക്കുന്നതും സ്ലൈഡുചെയ്യാവുന്നതുമായ റിയർ സീറ്റുകൾ, കിയ കണക്റ്റ് 2.0, OTA അപ്‌ഡേറ്റുകൾ, 64 നിറങ്ങളിൽ ആംബിയൻ്റ് മൂഡ് ലൈറ്റിംഗ് എന്നിവയും കൂടിയാവുമ്പോൾ ലക്ഷ്വറി എസ്‌യുവിയുടെ എല്ലാ ടച്ചും സിറോസിൽ കിട്ടും. ഒപ്പം ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, ഇംപീരിയൽ ബ്ലൂ, ഇന്റൻസ് റെഡ്, അറോറ ബ്ലാക്ക് പേൾ, പ്യൂട്ടർ ഒലിവ്, ഫ്രോസ്റ്റ് ബ്ലൂ എന്നിവയുൾപ്പെടെ 8 കളർ ഓപ്ഷനുകളും മോഡലിലുണ്ട്.

മുകളിൽ പറഞ്ഞതുപോലെ 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സിറോസിന്റെ ഹൃദയം. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. മൈലേജിന്റെ കാര്യത്തിലേക്ക് നോക്കിയാലും ആർക്കും നിരാശപ്പെടേണ്ടി വരില്ലെന്ന് കിയ ഉറപ്പ് പറയുന്നുണ്ട്.
കിയ സിറോസ് പെട്രോൾ മാനുവൽ വേരിയന്റുകൾ 18.2 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ എസ്‌യുവിയുടെ 7 സ്പീഡ് ഡിസിടി മോഡലുകൾ 17.68 കിലോമീറ്റർ മൈലേജാണ് പറയുന്നത്. ഇനി സിറോസ് ഡീസൽ മാനുവൽ മോഡലുകൾ 20.75 കിലോമീറ്റർ മൈലേജും ഡീസൽ ഓട്ടോമാറ്റിക് 17.65 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് അവകാശപ്പെടുന്നത്. ഫൈവ് സ്റ്റാ കൂടി കിട്ടിയതോടെ ഇനി ഷോറൂമി നല്ല തിരക്കായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








