20.75 കി.മീ മൈലേജും 5 പേര്‍ക്ക് ലക്ഷ്വറി യാത്രയും! വില അറിയും മുമ്പേ സിറോസ് ബുക്ക് ചെയ്തത് ആയിരങ്ങള്‍
ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിറോസ് കോംപാക്ട് എസ്‌യുവിയുടെ വില ഇക്കഴിഞ്ഞ ശനിയാഴ്ച കിയ പ്രഖ്യാപിച്ചു. 8.99 ലക്ഷം രൂപയില്‍ തുടങ്ങി മുന്‍നിര മോഡലിന് 17.80 ലക്ഷം രൂപ വരെയാണ് ഇന്ത്യന്‍ വിപണിയില്‍ സിറോസിന്റെ വില പോകുന്നത്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. വില പ്രഖ്യാപനത്തിന് ഏകദേശം ഒരു മാസത്തിന് മുമ്പേ 2025 ജനുവരി മൂന്ന് മുതല്‍ കമ്പനി കാറിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. നിരവധിയാളുകള്‍ ഇതിനോടകം 25,000 രൂപ നല്‍കി എസ്‌യുവി റിസര്‍വ് ചെയ്തു. ഫെബ്രുവരി പകുതി മുതല്‍ ഡെലിവറി ആരംഭിക്കാന്‍ പോകുന്ന എസ്‌യുവി ആദ്യ മാസം നേടിയ ബുക്കിംഗ് കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്.
ബുക്കിംഗ് തുടങ്ങിയ ആദ്യ മാസം തന്നെ കിയ എസ്‌യുവി 5500 ബുക്കിംഗുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. വില പ്രഖ്യാപനത്തിന് മുമ്പാണ് ഇതില്‍ ഭൂരിഭാഗവും എന്നത് കാറിന്റെ മാറ്റ് കൂട്ടുന്നു. HTX, HTX+, HTX+ (O), HTK+, HTK, HTK (O) എന്നിങ്ങനെ ആറ് വ്യത്യസ്ത വേരിയന്റുകളാണ് കിയ സിറോസ് വില്‍പ്പനക്കെത്തുന്നത്.

ഗ്ലേസിയര്‍ വൈറ്റ് പേള്‍, സ്പാര്‍ക്ലിംഗ് സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, ഇംപീരിയല്‍ ബ്ലൂ, ഇന്റന്‍സ് റെഡ്, അറോറ ബ്ലാക്ക് പേള്‍, പ്യൂട്ടര്‍ ഒലിവ്, ഫ്രോസ്റ്റ് ബ്ലൂ എന്നിവയുള്‍പ്പെടെ എട്ട് കളര്‍ ഓപ്ഷനുകളില്‍ കാര്‍ തെരഞ്ഞെടുക്കാം. കിയ സിറോസിന്റെ ടോപ്പ് എന്‍ഡ് HTX+ വേരിയന്റില്‍ ADAS പാക്കേജ് ഓപ്ഷണല്‍ എക്‌സ്ട്രാ ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ആയതിനാല്‍ ഡ്രൈവര്‍ അസിസ്റ്റീവ് സിസ്റ്റം വേണമെന്നുള്ളവര്‍ക്ക് എക്‌സ്‌ഷോറൂം വിലയില്‍ നിന്നും അധികമായി 80,000 രൂപ മുടക്കേണ്ടി വരും.
പുതുക്കി പണിത കിയയുടെ K1 പ്ലാറ്റ്ഫോമിലാണ് സിറോസ് പണികഴിപ്പിച്ചിരിക്കുന്നത്. വെര്‍ട്ടിക്കല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഓള്‍-ബ്ലാക്ക് എ, സി, ഡി പില്ലറുകള്‍, റൂഫ് റെയിലുകള്‍, ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ബോഡിക്ക് കുറുകെയുള്ള ഫ്‌ലാറ്റ് ഗ്ലാസ് ഏരിയ തുടങ്ങിയവയാണ് സിറോസിന്റെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. കളേര്‍ഡ് ബി പില്ലറുകളും കിയ കാറില്‍ നല്‍കിയിരിക്കുന്നു.

എസ്‌യുവിയുടെ പിന്‍ഭാഗത്ത് 'L' ആകൃതിയിലുള്ള ടെയില്‍ ലാമ്പുകള്‍ ഉണ്ട്. അതിനു താഴെ ചങ്കി റിയര്‍ ബമ്പറിന് ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് സില്‍വര്‍ ഫിനിഷും ഹൊറിസോണ്ടല്‍ സ്റ്റോപ്പ് ലാമ്പുകളും ഇരുവശത്തും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ലഭിക്കുന്നു. എസ്‌യുവിയുടെ ബേസ് മോഡലില്‍ പോലും നിരവധി ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പനോരമിക് സണ്‍റൂഫ്, എല്ലാ യാത്രക്കാര്‍ക്കും വേണ്ടിയുള്ള ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് വെന്റിലേറ്റഡ് സീറ്റുകള്‍, 30 ഇഞ്ച് ട്രിനിറ്റി പനോരമിക് ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ശ്രദ്ധേയമാണ്. ചാരിയിരിക്കുന്നതും സ്ലൈഡുചെയ്യുന്നതുമായ ഫംഗ്ഷനുകളുള്ള റിയര്‍ സീറ്റുകളും കിയ സിറോസിലെ യാത്രകള്‍ സുഖകരമാക്കുന്നു. കിയ കണക്റ്റ് 2.0, OTA അപ്ഡേറ്റുകള്‍, 64 നിറങ്ങളില്‍ ആംബിയന്റ് മൂഡ് ലൈറ്റിംഗ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് സിറോസ് വാങ്ങാന്‍ സാധിക്കുക. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഓഫറിലുണ്ട്. സെഗ്‌മെന്റില്‍ ഏറ്റവും മികച്ച ഇന്ധനക്ഷമത നല്‍കുന്ന കാറുകളില്‍ ഒന്ന് കൂടിയാണ് സിറോസ്.
സിറോസിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 18.2 കിലോമീറ്റര്‍ മൈലേജ് പറയുമ്പോള്‍ 7 സ്പീഡ് ഡിസിടി മോഡലുകള്‍ 17.68 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. ഡീസല്‍ വേരിയന്റുകളിലേക്ക് വന്നാല്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനോടൊപ്പം ലിറ്ററിന് 20.75 കിലോമീറ്ററും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 17.65 കിലോമീറ്ററുമാണ് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








