20Km മൈലേജുള്ള എസ്‌യുവി രണ്ട് മാസം കൊണ്ട് 15000 പേര്‍ വാങ്ങി! ക്ലിക്കായതോടെ വില കൂട്ടി കമ്പനി
കിയ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സിറോസ് കോംപാക്ട് എസ്‌യുവി പുറത്തിറക്കിയത്. ബോക്‌സി സ്‌റ്റൈലിലുള്ള ഈ എസ്‌യുവിക്ക് 8.99 ലക്ഷം രൂപയാണ് കിയ പ്രാരംഭ വില നിശ്ചയിച്ചിരുന്നത്. ഇന്ത്യയിലെ കിയയുടെ മോഡല്‍ നിരയില്‍ സോനെറ്റ്, സെല്‍റ്റോസ് എന്നീ എസ്‌യുവികള്‍ക്കിടയിലാണ് സിറോസ് സ്ഥാനം പിടിച്ചത്. 2025 മാര്‍ച്ചില്‍ ഈ എസ്‌യുവിയുടെ 5,015 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടിരുന്നു. 2025 ഫെബ്രുവരി ഒന്നിന് പുറത്തിറങ്ങിയ മോഡല്‍ ഇതിനോടകം 15,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിട്ടുണ്ട്. എന്നാല്‍ എസ്‌യുവി വാങ്ങാന്‍ താല്‍പര്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് നിരാശ സമ്മാനിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കിയ തങ്ങളുടെ പുതിയ സിറോസ് എസ്‌യുവിയുടെ വിലയില്‍ മാറ്റം വരുത്തിയിരിക്കുകയാണിപ്പോള്‍. കമ്പനി കോംപാക്ട് എസ്‌യുവിയുടെ വില 5.56% വരെ വര്‍ധിപ്പിച്ചതായി V3Cars റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ഇനി എസ്‌യുവി വാങ്ങുന്നവര്‍ 50,000 രൂപ വരെ അധികം മുടക്കാന്‍ തയാറാകണം. കാറിന്റെ ചില താഴ്ന്ന വേരിയന്റുകള്‍ക്ക് 30000 രൂപ മുതല്‍ 50000 രൂപ വരെ കൂടിയിട്ടുണ്ട്. അതേസമയം, ഉയര്‍ന്ന വേരിയന്റുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. സിറോസിന്റെ വില പരിഷ്‌കാരം വിശദമായി വായിക്കാം.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മാനുവല്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ DCT ഓട്ടോമാറ്റിക്, 1.5 ലിറ്റര്‍ ഡീസല്‍ മാനുവല്‍, 1.5 ലിറ്റര്‍ ഡീസല്‍ TC ഓട്ടോമാറ്റിക് എന്നീ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം. മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി വരുന്ന HTK വേരിയന്റിന് 50,000 രൂപ കൂടി. 8,99,900 ലക്ഷം രൂപ വിലയില്‍ ലഭ്യമായിരുന്ന ബേസ് വേരിയന്റിന് ഇനി 9,49,900 രൂപ മുടക്കണം.
HTK (0) വേരിയന്റിന് 30,000 വര്‍ധിച്ചതോടെ പുതിയ വില 10,29,900 രൂപയായി മാറി. ഈ വേരിയന്റിന്റെ പഴയ വില 9,99,900 രൂപയായിരുന്നു. 11,49,900 രൂപയ്ക്ക് റീട്ടെയില്‍ ചെയ്തിരുന്ന HTK പ്ലസ് വേരിയന്റ് വാങ്ങാന്‍ ഇനി മുതല്‍ 11,79,900 രൂപ മുടക്കണം. HTX വേരിയന്റിന്റെ വിലയില്‍ മാറ്റമില്ല.
1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍-ഡിസിടി ഓട്ടോമാറ്റിക് കോംപിനേഷനില്‍ വരുന്ന വേരിയന്റുകളില്‍ HTK പ്ലസ് വേരിയന്റിന് 30,000 രൂപ കൂടിയിട്ടുണ്ട്. 12,79,900 രൂപക്ക് വിറ്റിരുന്ന ഈ വേരിയന്റിന്റെ പുതിയ വില 13,09,900 രൂപയാണ്. HTX, HTX പ്ലസ്, HTX പ്ലസ് (O) എന്നീ വേരിയന്റുകളെ വില വര്‍ധനവ് ബാധിച്ചിട്ടില്ല.
മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച രണ്ട് വേരിയന്റുകള്‍ക്ക് വില കൂടിയിട്ടുണ്ട്. HTK (O) വേരിയന്റിന്റെ വില 10,99,900 രൂപയില്‍ നിന്ന് 30,000 രൂപ കൂടി 11,29,900 രൂപയായി. HTK പ്ലസ് വേരിയന്റിന്റെ വിലയും 30,000 രൂപ കൂടി. 12,49,900 രൂപക്ക് ലഭ്യമായിരുന്ന ഈ വേരിയന്റിന്‍െ പുതിയ വില 12,79,900 രൂപയാണ്. HTX വേരിയന്റിന്റെ വിലയില്‍ മാറ്റമില്ല.

ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി വരുന്ന സിറോസിന്റെ HTX പ്ലസ്, HTX പ്ലസ് (O) എന്നീ വേരിയന്റുകളെയും കിയ തൊട്ടിട്ടില്ല. HTX പ്ലസ്, HTX പ്ലസ് (O) വേരിയന്റുകള്‍ക്ക് യഥാക്രമം 16,99,900 രൂപയും 17,79,900 രൂപയുമാണ് വില.
സിറോസിനെ കുറിച്ച് പറയുമ്പോള്‍ ഗ്ലേസിയര്‍ വൈറ്റ് പേള്‍, സ്പാര്‍ക്ലിംഗ് സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, ഇംപീരിയല്‍ ബ്ലൂ, ഇന്റന്‍സ് റെഡ്, അറോറ ബ്ലാക്ക് പേള്‍, പ്യൂട്ടര്‍ ഒലിവ്, ഫ്രോസ്റ്റ് ബ്ലൂ എന്നിവയുള്‍പ്പെടെ 8 കളര്‍ ഓപ്ഷനുകളില്‍ ഈ മോഡല്‍ വാങ്ങാം. ഇവയില്‍ ഫ്രോസ്റ്റ് ബ്ലൂ നിറമാണ് ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടം. കൂടാതെ ഗ്ലേസിയര്‍ വൈറ്റ് പേള്‍ കളറും ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്.

നിരവധി സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകളുള്ള കാര്‍ കൂടിയാണ് സിറോസ്. ഈ കോംപാക്ട് എസ്‌യുവിക്ക് റിയര്‍ സീറ്റ് വെന്റിലേഷന്‍ ഫംഗ്ഷന്‍ ലഭിക്കുന്നു. ഉയര്‍ന്ന് ട്രിമ്മുകളായ HTX+, HTX+ (O) എന്നിവയില്‍ ADAS, 360-ഡിഗ്രി ക്യാമറ, അധിക പാര്‍ക്കിംഗ് സെന്‍സര്‍, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍ തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്.
7 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍, ഡ്യുവല്‍-പാന്‍ പനോരമിക് സണ്‍റൂഫ്, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയ്ക്കായി ഡ്യുവല്‍ 12.3 ഇഞ്ച് സ്‌ക്രീനുകള്‍, 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി സവിശേഷതകളും ഈ ട്രിമ്മുകളില്‍ ലഭ്യമാണ്. ഡ്യുവല്‍-പേന്‍ പനോരമിക് സണ്‍റൂഫ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവ് മോഡ്, ട്രാക്ഷന്‍ മോഡ് എന്നീ സവിശേഷതകള്‍ മിഡ്-സ്‌പെക്ക് HTK+ ട്രിമില്‍ സജ്ജീകരിച്ചിരിക്കുന്നു.
കോംപാക്ട് എസ്‌യുവിക്ക് മികച്ച മൈലേജും കിയ വാഗ്ദാനം ചെയ്യുന്നു. കിയ സിറോസ് പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 18.2 കിലോമീറ്റര്‍ മൈലേജാണ് പറയുന്നത്. അതേസമയം 7 സ്പീഡ് ഡിസിടി മോഡലുകള്‍ക്ക് 17.68 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് അവകാശവാദം. സിറോസ് ഡീസല്‍ മാനുവല്‍ മോഡലുകള്‍ക്ക് ലിറ്ററിന് 20.75 കിലോമീറ്ററും ഡീസല്‍ ഓട്ടോമാറ്റിക്കിന് 17.65 കിലോമീറ്ററുമാണ് ക്ലെയിംഡ് മൈലേജ്.


Click it and Unblock the Notifications








