പബ്ജി കളിക്കാര്‍ കമോണ്‍; ഗെയിം കളിച്ച് നേടാം പുത്തന്‍ മഹീന്ദ്ര ഇവി! ചെയ്യേണ്ടത് ഇത്രമാത്രം
പ്ലെയര്‍ അണ്‍നോണ്‍ ബാറ്റില്‍ ഗ്രൗണ്ട്‌സ് അഥവാ പബ്ജി എന്ന ഗെയിമിനെ കുറിച്ച് അറിയാത്ത ചെറുപ്പക്കാര്‍ കുറവായിരിക്കും. ആഗോള തലത്തില്‍ ഗെയിമര്‍മാര്‍ക്കിടയില്‍ ജനപ്രിയമായി മാറിയ ഗെയിം ആയിരുന്നു ഇത്. കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ച കൂട്ടത്തില്‍ ഉള്‍പ്പെട്ടതിനാല്‍ പബ്ജി ഇന്ത്യക്കാര്‍ക്ക് അന്യമായി. എന്നാല്‍ ഈ ഗെയിം നിരോധിക്കപ്പെട്ടതോടെ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ (BGMI) എന്ന ഗെയിമുമായി കൊറിയന്‍ ഡെവലപ്പര്‍മാരായ ക്രാഫ്റ്റണ്‍ എത്തിയതോടെയാണ് ആ നിരാശ മാറിക്കിട്ടിയത്. ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ ഗെയിം അതിന്റെ മുന്‍ അവതാരാമയ പബ്ജിയുമായി വളരെയേറെ സമാനതകളുണ്ട്.
പബ്ജി പോലെ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ ഉപയോക്താക്കളെ ഒരു ടീമില്‍ പ്രവേശിക്കാനും ഒരു ബാട്ടില്‍ റോയല്‍ ഗെയിമില്‍ പങ്കെടുക്കാനും അനുവദിക്കും. ക്യാരക്ടറുകള്‍, സ്ഥലം, വസ്ത്രങ്ങള്‍, ഉള്ളടക്കം, വാഹനങ്ങള്‍ എന്നിങ്ങനെ സകല മേഖലകളിലും 'ഇന്ത്യന്‍ ടച്ച്' ഉള്ള ഗെയിമാണ് ഇത്.ഇപ്പോള്‍ ഇന്ത്യയിലെ മുന്‍നിര കാര്‍ കമ്പനിയായ മഹീന്ദ്രയുമായി കൊറിയന്‍ കമ്പനിയായ ക്രാഫ്റ്റണ്‍ കൈകോര്‍ത്തിരിക്കുകയാണ്. അതായത് മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ BE 6 മൊബൈല്‍ ഗെയിമില്‍ ഉപയോഗിക്കാന്‍ പോകുകയാണ് ക്രാഫ്റ്റണ്‍.

ജനുവരി 16 മുതല്‍ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ പോലുള്ള ക്രാഫ്റ്റണ്‍ രൂപകല്‍പ്പന ചെയ്ത മൊബൈല്‍ ഗെയിമുകളില്‍ മഹീന്ദ്ര BE 6 ഇലക്ട്രിക് കാര്‍ കാണാന്‍ കഴിയും. മഹീന്ദ്രയുടെ ഫ്യൂചറിസ്റ്റിക് ഇലക്ട്രിക് എസ്‌യുവി തീര്‍ച്ചയായും ഗെയിമിനെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ കുന്നും മലയും നിറഞ്ഞ ഗെയിമില്‍ മഹീന്ദ്രയുടെ ഥാര്‍ പോലുള്ള ഓഫ്‌റോഡര്‍ എസ്‌യുവി കാണുന്നതും രസകരമാകുമെന്ന് ഇപ്പോള്‍ അഭിപ്രായം ഉയരുന്നുണ്ട്.
യുവതലമുറയെ ആകര്‍ഷിക്കുന്നതിനായി ഈ മൊബൈല്‍ ഗെയിമില്‍ നിരവധി ആധുനിക സവിശേഷതകള്‍ നിര്‍മാതാക്കള്‍ ചേര്‍ക്കാറുണ്ട്. BE 6 ഇവിയുമായുള്ള ഇന്‍-ഗെയിം ഇന്ററാക്ഷന് പുറമെ കളിക്കാര്‍ക്ക് ക്വാണ്ടം, ക്രോണോ ചാര്‍ജ് സ്യൂട്ടുകള്‍, നിയോണ്‍ ഡ്രോപ്പ് BE 6 പാരച്യൂട്ട്, ഫ്‌ലാഷ്‌വോള്‍ട്ട് BE 6 ബാക്ക്പാക്ക്, വോള്‍ട്ട് ട്രേസര്‍ ഗണ്‍, സ്പാര്‍ക്ക്സ്‌ട്രൈക്ക് പാന്‍ എന്നിവ പോലുള്ള പുതിയ തീം ഐറ്റമസിലേക്കുള്ള ആക്സസ് ലഭിക്കും.

എക്‌സ്‌ക്ലൂസീവ് ഇവന്റുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രത്യേക മഹീന്ദ്ര ഇവന്റ് ക്രേറ്റുകളും ലഭിക്കും. ഗെയിമിലെ വിവിധ മിഷനുകളും ലെവലുകളും പൂര്‍ത്തിയാക്കുമ്പോള്‍ കളിക്കാര്‍ക്ക് യഥാര്‍ത്ഥ BE 6 നേടാനുള്ള അവസരവും ലഭിക്കും. പുതിയ മഹീന്ദ്ര PE6 ഇലക്ട്രിക് കാര്‍ നേടുന്നതിന് ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ ഗെയിമില്‍ പങ്കെടുക്കുന്നവര്‍ ആദ്യം മഹീന്ദ്ര BE 6 എക്‌സ്‌ചേഞ്ച് സെന്റര്‍ മിഷന്‍ പൂര്‍ത്തിയാക്കി 'നൈട്രോ വീല്‍', 'മഹീന്ദ്ര ഗിഫ്റ്റ് ബോക്‌സ്' എന്നിവ സ്വീകരിക്കണം.
ശേഷം ഗെയിമില്‍ ഈ മഹീന്ദ്ര ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്ന 10 മുതല്‍ 30 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഇന്‍സ്റ്റാഗ്രാമിലോ യൂട്യൂബിലോ പോസ്റ്റ് ചെയ്യുക. 'BGMI' എന്ന ടാഗും മഹീന്ദ്ര ഇലക്ട്രിക്കിന്റെ ഔദ്യോഗിക പേജുകളും #BGMIxMahindra, #UnleashTheCharge എന്നീ ഹാഷ്ടാഗുകള്‍ പോസ്റ്റില്‍ ഉപയോഗിച്ച് വേണം അപ്ലോഡ് ചെയ്യാന്‍.
മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയായ BE 6-ന്റെ പ്രാരംഭ വില 18.9 ലക്ഷം രൂപയാണ്. ടോപ് എന്‍ഡ് വേരിയന്റിന് 26.9 ലക്ഷം രൂപ മുടക്കണം. എക്സ് ഷോറൂം വിലകളാണിത്. മൂന്ന് വേരിയന്റുകളില്‍ ലഭ്യമാകുന്ന ഇലക്ട്രിക് എസ്‌യുവിയുടെ പാക്ക് 3 വേരിയന്റുകളുടെ ബുക്കിംഗ് 2025 ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും. മറ്റ് വേരിയന്റുകളുടെ ബുക്കിംഗ് ഷെഡ്യൂള്‍ മാര്‍ച്ചില്‍ വെളിപ്പെടുത്തുമെന്നാണ് അറിയുന്നത്.
മോഡേണ്‍ ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ഘടകങ്ങളോട് കൂടിയ ആകര്‍ഷകമായ സ്‌റ്റൈലിംഗിലാണ് BE വരുന്നത്. പ്രീമിയം, സ്പോര്‍ടി ഫീല്‍ തരുന്ന ഇന്റീരിയര്‍ ആവശ്യമായ എല്ലാ ഫീച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവല്‍ 12.3 ഇഞ്ച് ഡിസ്പ്ലേകള്‍, രണ്ട് വയര്‍ലെസ് ഫോണ്‍ ചാര്‍ജറുകള്‍, ഇല്യൂമിനേറ്റഡ് പനോരമിക് സണ്‍റൂഫ്, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ പാര്‍ക്ക്, ലെവല്‍ 2+ADAS, 7 എയര്‍ബാഗുകള്‍ എന്നിവ അതില്‍ ചിലതാണ്.

മഹീന്ദ്ര BE 6 ഇലക്ട്രിക് എസ്‌യുവിയിലെ 59 kWh ബാറ്ററി പായ്ക്ക് 535 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം വലിയ 79 kWh ബാറ്ററി പായ്ക്കിന്റെ ക്ലെയിംഡ് റേഞ്ച് ഫുള്‍ചാര്‍ജില്‍ 682 കിലോമീറ്ററാണ്. എംജി ZS ഇവി, ടാറ്റ കര്‍വ് ഇവി എന്നിവക്കൊപ്പം വരാന്‍ പോകുന്ന മാരുതി സുസുക്കി ഇ വിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇവി എന്നിവയ്ക്ക് ഈ മോഡല്‍ എതിരാളിയാകും.


Click it and Unblock the Notifications








